X

പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് പ്രതിഷേധം; അപ്രതീക്ഷിത നീക്കങ്ങള്‍

സന്നിധാനം: പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് പ്രതിഷേധവും അപ്രതീക്ഷിത നീക്കങ്ങളും. ഒന്‍പത് മണിവരെ തികച്ചും ശാന്തമായ ശബരിമലയിലെ വലിയനടപ്പന്തലില്‍ പെട്ടെന്ന് നൂറുകണക്കിന് ആളുകള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദനം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അയ്യപ്പ കര്‍മ സമിതി സേന നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് അറിയിച്ച ശേഷവും പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചത്.

ശബരിമലയില്‍ പകലും നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് ഇന്ന് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് പൊലീസ് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞ ശേഷം നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷമാണ് പിന്നീട് ഭക്തരെ കയറ്റിവിട്ടത്. ഇന്ന് പൊതുവേ സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും പതിനെട്ടാം പടിയില്‍ വരി നില്‍ക്കാതെ തന്നെ കയറാവുന്ന നിലയാണ്. സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പകലും നിയന്ത്രണമേര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

അതേസമയം, ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഉടന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ ആവശ്യപ്പെട്ടു. ദേവസ്വം കമ്മിഷണര്‍, ഡിജിപി, എല്‍എസ്ജിഡി സെക്രട്ടറി എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.

chandrika: