മല്‍മോ: വലതുപക്ഷ തീവ്രവാദികള്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് സ്വീഡനില്‍ കലാപം. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളിയാഴ്ച ഡാനിഷ്
വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്‍ പങ്കെടുക്കുന്ന റാലി മല്‍മോയില്‍ നടക്കേണ്ടിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചു. റാസ്മസ് പല്വേദനെ മല്‍മോയ്ക്ക് അടുത്തുവച്ച് കസ്റ്റഡിയിലും എടുത്തു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച ചില വലതുപക്ഷ തീവ്രവാദികള്‍ നഗരത്തില്‍ ഖുര്‍ആന്‍ കത്തിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ വന്‍ തെരുവ് യുദ്ധമായി. റാലി നടത്തിയതിനും. തെരുവില്‍ അക്രമണം നടത്തിയതിനും നിരവധിപ്പേര്‍ പിടിയിലായി എന്നാണ് റിപ്പോര്‍ട്ട്. ഖുറാന്‍ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാര്‍ പ്രദേശങ്ങളിലാണ് കലാപം അരങ്ങേറിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ പ്രചരിക്കുന്നത്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് സ്വിഡീഷ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.