Connect with us

Video Stories

പ്രവാചക സ്‌നേഹത്തിന്റെ പരിമളം

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
മാനവകുലത്തിന് മാര്‍ഗദര്‍ശിയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ സുദിനമാണിത്. സര്‍വചരാചരങ്ങളുടെയും സൃഷ്ടിപ്പിന് കാരണഭൂതരായ വിശ്വപ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതോടൊപ്പം അവിടത്തെ പവിത്രമായ ജീവിത പാഠങ്ങള്‍ പകര്‍ത്തിയെടുക്കാനുള്ള ഓര്‍മപ്പെടുത്തലുകളാണ് റബീഉല്‍ അവ്വല്‍ മാസം പ്രദാനം ചെയ്യുന്നത്. കലുഷിതമായ കാലക്രമത്തില്‍ ലോകര്‍ക്ക് കാരുണ്യമായി അവതരിച്ച അന്ത്യപ്രവാചകന്‍, അറുപത്തിമൂന്ന് വര്‍ഷംകൊണ്ട് അടയാളപ്പെടുത്തിയ അനുപമമായ വ്യക്തിത്വം ഇന്നും പ്രപഞ്ചമാകെ പ്രഭചൊരിഞ്ഞു നില്‍ക്കുകയാണ്. മനുഷ്യന്‍ അവനവനെ തന്നെ തിരിച്ചറിയാനും അതിലൂടെ സ്രഷ്ടാവിന്റെ മഹത്വത്തെ അടുത്തറിയാനും അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകനോടുള്ള അടങ്ങാത്ത അനുരാഗമാണ് വിശ്വാസികളുടെ ആത്മീയ ആഗ്രഹങ്ങളെ പരിപൂര്‍ണമാക്കുന്നത്. ‘സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും എന്നെ ഇഷ്ടംവക്കുന്നത് വരെ നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല’ എന്ന പ്രവാചകാധ്യാപനം വിശ്വാസികള്‍ അത്രമേല്‍ ഹൃദയത്തിലേറ്റു വാങ്ങിയതാണ്. അതിനാല്‍ ലോകം നിലനില്‍ക്കുന്ന കാലത്തോളവും ലോകാവസാനത്തിനു ശേഷവും പ്രവാചക സ്‌നേഹത്തിന്റെ അനുരണനങ്ങള്‍ അന്തരീക്ഷത്തില്‍ അലയൊലികള്‍ തീര്‍ക്കുകയും അലങ്കാരം ചൊരിയുകയും ചെയ്യും. മുഹമ്മദ്-സ്തുതിക്കപ്പെട്ടവന്‍- എന്ന നാമത്തെ അന്വര്‍ത്ഥമാക്കുന്നതിന് അല്ലാഹു കടഞ്ഞെടുത്ത ജീവിതമാണ് അശ്‌റഫുല്‍ ഖല്‍ഖ് മുഹമ്മദ് മുസ്തഫ (സ) തങ്ങളെ മറ്റുള്ളവരില്‍ നിന്നു വ്യതിരക്തനാക്കിയത്. പ്രപഞ്ചം തന്നെ പടക്കപ്പെടാന്‍ കാരണക്കാരനായി അല്ലാഹു കാത്തുവച്ച സത്യമായിരുന്നു പുണ്യ നബി എന്നതാണല്ലൊ യാഥാര്‍ഥ്യം. മാനവര്‍ക്ക് മോക്ഷത്തിന്റെ മാര്‍ഗം കാണിച്ചുകൊടുത്ത പരിശുദ്ധ പ്രവാചകന്‍ ലോകത്തിന് മുഴുവന്‍ മാതൃകയായാണ് ജീവിച്ചത്. അന്ധകാരത്തിലും അജ്ഞതയിലും കഴിഞ്ഞിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സമൂഹത്തെ ഉത്തമ സംസ്‌കാരത്തിന്റെ ഉടമകളാക്കിയാണ് പുണ്യനബി പരിവര്‍ത്തിപ്പിച്ചത്. ആവശ്യാനുസരണം അറിവ് പകര്‍ന്നു നല്‍കിയും അതിലുപരി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവതരിപ്പിച്ചുമാണ് ആ ദൗത്യം പൂര്‍ത്തീകരിച്ചത്. ‘അവര്‍ക്കിടയില്‍ നിന്നു തന്നെ പ്രവാചകനെ നിയോഗിക്കുകയും ആ പ്രവാചകന്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും വേദഗ്രന്ഥം പഠിപ്പിക്കുകയും ചെയ്തു’വെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്്‌ലാം എന്ന മതത്തിലൂടെ ശാശ്വതമായ ശാന്തിയും സമാധാനവും പ്രബോധനം ചെയ്യുകയും അനശ്വരമായ നാളെയെ കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും ചെയ്ത ശേഷമാണ് ആ പൂര്‍ണ ചന്ദ്രന്‍ പോയ്മറഞ്ഞത്.
പുണ്യ പ്രവാചകനോളം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിത്വവും ഭൂമുഖത്തില്ല. പൊലിവേതുമില്ലാത്ത പരിതസ്ഥിതിയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും പതറാത്ത വിശ്വാസ ദാര്‍ഢ്യമാണ് പ്രവാചകനെ മുന്നോട്ടു നയിച്ചത്. മാതാപിതാക്കളുടെ കൈത്താങ്ങ് കിട്ടാതിരുന്ന കുട്ടിക്കാലം. സാധാരണക്കാരോടൊപ്പം ആടുകളെ മേച്ചുനടന്നിരുന്ന ബാല്യകാലം. കച്ചവടക്കാരനായി യൗവനം. ഇങ്ങനെ പലതരം ജീവിതാനുഭവങ്ങളിലൂടെയാണ് ലോകനായകന്‍ ഉയിര്‍ക്കൊള്ളുന്നത്. അക്ഷരജ്ഞാനം പോലുമില്ലാതെയാണ് അന്ത്യപ്രവാചകന്‍ അഖില ദേശങ്ങളുടെയും സര്‍വ യുഗങ്ങളുടെയും നേതാവാകുന്നത് എന്നത് എത്രമാത്രം അതിശയകരമാണ്. ലോകത്ത് ഏറ്റവുമധികം സ്വാധീന ശക്തിയുള്ള വ്യക്തികളില്‍ ഒന്നാമന്‍ ഇന്നും മുഹമ്മദ് നബി (സ)യാണ്. മതപരവും ഭൗതികവുമായ തലങ്ങളില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച ചരിത്രപുരുഷനാണ് മുഹമ്മദ് നബിയെന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പേ മൈക്കല്‍ എച്ച് ഹാര്‍ട്ടിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്.
ലോകത്തിന് ദിശാബോധം നല്‍കുന്ന ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ പാകമായ ചുറ്റുപാടിലല്ല പ്രവാചകന്‍ (സ) ജനിച്ചു വളര്‍ന്നത്. എന്നാല്‍ അല്ലാഹു ഏല്‍പിച്ച നിയോഗം ആത്മാര്‍ത്ഥമായി അനുസരിച്ചതാണ് അവിടത്തെ വിജയത്തിന് നിദാനമായ കാര്യങ്ങളില്‍ പ്രധാനം. ആ നിയോഗത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രവാചകന് സാധ്യമായി. ഭൗതിക ജീവിതത്തെ നിരാകരിക്കാതെ ആത്മീയമായി മനുഷ്യനെ സംസ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രവാചകന്റെ ഏറ്റവും വലിയ വിജയമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ഭൗതിക ജീവിതത്തില്‍ ആത്മീയതയുടെ പ്രഭ പ്രസരിപ്പിച്ചുള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പുണ്യ നബി(സ)ക്ക് സാധ്യമായി. ആത്മീയ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും വഴികള്‍ ലോകത്തിന് സമര്‍പ്പിച്ചത് മുഹമ്മദ് നബിയാണ്. ആധുനിക മുസ്്‌ലിം സമൂഹം ഇത്തരം വഴികളില്‍ നിന്ന് അകലുകയാണോ എന്ന് ആത്മാര്‍ത്ഥമായി പുനര്‍വിചിന്തനം നടത്തേണ്ട കാലമാണിത്. ആത്മീയ സ്വാതന്ത്ര്യത്തിനെന്ന പേരില്‍ അപരനെ അരുംകൊല ചെയ്യുന്ന ഐ.എസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ പ്രവാചകന്റെ സുന്ദരമായ ഇസ്്‌ലാമിന്റെ സങ്കല്‍പങ്ങളെയാണ് കളങ്കപ്പെടുത്തുന്നത്. ജിഹാദിന് തെറ്റായ വ്യാഖ്യാനം നല്‍കി വിമോചന പോരാട്ടങ്ങളിലേര്‍പ്പെടുന്നത് പ്രവാചക പാതയല്ല എന്ന് അസന്നിഗ്ധമായി പറയാനാവും. പ്രവാചകന്‍ ജീവിതത്തിലുടനീളം പ്രയോഗവത്കരിച്ച പരസ്പര സ്‌നേഹത്തിനും ബഹുമാനത്തിനും ഒട്ടും വില കല്‍പിക്കാത്തവരാണ് ഇന്ന് ലോകത്തിനു മുമ്പില്‍ ഇസ്്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പ്രവാചക മാതൃകകളായിരിക്കണം മുസ്്‌ലിംകള്‍ ജീവിത പാഠമായി സ്വീകരിക്കേണ്ടത്. ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രവാചകാധ്യാപനങ്ങളെ മുറുകെ പിടിക്കാനുള്ള മനക്കരുത്താണ് മുസ്്‌ലിമിനെ നയിക്കേണ്ടത്. അല്‍ അമീന്‍- വിശ്വസ്തന്‍- എന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിളിച്ച മക്കയിലെ തന്റെ സ്വന്തക്കാര്‍ തന്നെയാണ് പ്രവാചകനെ അവസാനം അവിടെ നിന്ന് ആട്ടിയോടിക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിയത്. അല്ലാഹുവില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയും അണുവിട പോലും അനുസരണക്കേട് കാണിക്കാതിരിക്കുകയും ചെയ്തത് കൊണ്ടാണ് ആത്യന്തിക വിജയം പ്രവാചകനെ തേടിയെത്തിയത്. ആഗോളതലം മുതല്‍ പ്രാദേശിക തലംവരെയുള്ള പ്രതിസന്ധികളെ മുസ്്‌ലിംകള്‍ നേരിടേണ്ട ക്ഷമയുടെയും സഹനത്തിന്റെയും വഴികളാണ് ഇവിടെ പ്രവാചകന്‍ വരച്ചുകാണിച്ചത്.
സാമൂഹ്യ ജീവിതത്തില്‍ മാത്രമല്ല, വൈയക്തിക ജീവിതത്തിലും പ്രവാചകനേക്കാള്‍ മാതൃകാതുല്യരായി മറ്റാരെയും ചരിത്രത്തില്‍ കാണാനാവില്ല. വാക്കും പ്രവൃത്തിയും സ്വഭാവവും പെരുമാറ്റവും സ്ഫുടമായിരുന്നു. പ്രവാചകന്റെ സ്വഭാവമെന്തെന്ന ചോദ്യത്തിന് ‘വിശുദ്ധ ഖുര്‍ആന്‍’ എന്നായിരുന്നു അവിടത്തെ പ്രിയ പത്‌നിയുടെ മറുപടി. കുട്ടികളോടും മുതിര്‍ന്നവരോടും അഗതികളോടും അനാഥകളോടും പണ്ഡിതനോടും പാമരനോടുമെല്ലാം പ്രവാചകന് കൃത്രിമത്വമില്ലാത്ത പെരുമാറ്റ രീതിയായിരുന്നു. നടന്നുപോകുന്ന വഴിയില്‍ ഓടിക്കളിക്കുന്ന കൊച്ചുകുട്ടികളോട് സലാം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് വളര്‍ത്തുപുത്രന്‍ അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരസഹായമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനവുമായി കടന്നുചെന്ന എത്രയോ സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ കാണാനാവും. മറ്റുള്ളവര്‍ക്കു വേണ്ടി വിറകു വെട്ടുന്നതും ചുമന്നുകൊണ്ടുപോകുന്നതും ആ വലിയ ജീവിതത്തിനു കുറവായി തോന്നിയില്ല.
സര്‍വസ്വവും സമാധാനമായി കാണാനായിരുന്നു പ്രവാചകന്‍ ആഗ്രഹിച്ചിരുന്നത്. സംഘട്ടനങ്ങള്‍ ഒഴിവാക്കുന്നതിന് കരാറിലേര്‍പ്പെടുന്നത് അഭിമാനക്ഷതമായി കണ്ടില്ല. ഹുദൈബിയ സന്ധി ഇതിനു മകുടോദാഹരണമാണ്. പകരത്തിനു പകരം വീട്ടാനും പകയടങ്ങാതെ പ്രതികാരം തീര്‍ക്കാനും ആ മനസ്സ് വെമ്പല്‍കൊണ്ടില്ല. സഹിക്കാനും പൊറുക്കാനും മാത്രമല്ല, പരമാവധി വിട്ടുവീഴ്ച ചെയ്യാനും എതിരാളികളെ നിത്യശത്രുക്കളായി കാണാതിരിക്കാനും പ്രവാചകന്റെ വിശാല മനസിന് സാധിച്ചു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കാത്തവര്‍ അനുരഞ്ജനത്തിന് വന്ന വേളയില്‍ ‘നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ എന്നു പറഞ്ഞൊഴിയുകയാണ് അവിടന്ന് ചെയ്തത്.
മതത്തിന്റെ പേരില്‍ രക്തമൊഴുക്കുകയും അപരന്റെ വിശ്വാസത്തെ അപഹസിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം പ്രവാചകാധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മതവര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത്് രാജ്യഭരണം നടത്തുന്ന ഫാസിസ്റ്റുകളും ഇസ്്‌ലാം വിരോധികളും പ്രവാചക പാഠങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാകണം. ഇസ്്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാ കോണുകളില്‍ നിന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മതത്തിന്റെ സുന്ദരമായ മാര്‍ഗങ്ങളിലൂടെ ജീവിക്കാനും പ്രവാചക സന്ദേശങ്ങള്‍ അനാവരണം ചെയ്യാനും വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. ആര്‍ത്തിയോടെ ഭക്ഷണ തളികയിലേക്ക് കൈകള്‍ നീട്ടുന്നതു പോലെ ഇസ്്‌ലാമിനു നേരെ എതിരാളികള്‍ മുഷ്ടിചുരുട്ടുമ്പോള്‍ ഐക്യത്തിന്റെ പാശ്വം മുറുകെ പിടിക്കാന്‍ തയാറാകണം. മനസുകള്‍ തമ്മില്‍ കോര്‍ത്തിണക്കാനുള്ള പ്രാമാണിക പാഠങ്ങള്‍ വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കിയ പ്രവാചകനെയാണ് നാം പിന്‍പറ്റേണ്ടത്. രാജ്യത്ത് ഇസ്്‌ലാമിക ശരീഅത്തും വ്യക്തിനിയമങ്ങളും ചോദ്യംചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കൂടുതല്‍ അടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഭിന്നിപ്പ് ശത്രുക്കള്‍ക്ക് അവസരമൊരുക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
സാമ്പത്തിക ഞെരുക്കം കൊണ്ട് പ്രയാസപ്പെടുന്ന കാലമാണിത്. കേന്ദ്രസര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയം ജനങ്ങളെ തെല്ലൊന്നുമല്ല പൊറുതിമുട്ടിക്കുന്നത്. അതിനാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും ആര്‍ഭാടമാവാതിരിക്കാനും ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും മിതവ്യയം പാലിക്കണമെന്ന പ്രവാചകാധ്യാപനം വിസ്മരിക്കരുത്. പരിസ്ഥിതി മലിനീകരണവും ശബ്ദമലിനീകരണവും ഇന്നു സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്തുകളാണ്. പരിസ്ഥിതി സംരക്ഷണത്തിനും പരിസര ശുചീകരണത്തിനും പ്രവാചകന്‍ കാണിച്ച മാതൃകകള്‍ പിന്‍പറ്റുന്നതായിരിക്കണം ആഘോഷങ്ങളത്രയും. ഇരുലോക ജീവിത വിജയം കൈവരിക്കുന്നതിനും സാമൂഹിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും മാനവിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പ്രവാചക പാഠങ്ങള്‍ നമുക്ക് ഇനിയും പ്രചോദനമാകട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending