ന്യൂഡല്‍ഹി: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മക്കളും കുടുംബവുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന പ്രിയങ്കയെ ദുബായ് സന്ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ സമീപിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതിന്റേയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തലുമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നത്.
രാഷ്ട്രീയത്തിലേക്ക് ഭാഗികമായി മാത്രം എന്നതായിരുന്നു പ്രിയങ്കഗാന്ധിയുടെ തീരുമാനം. അമ്മ സോണിയാഗാന്ധിക്കും സഹോദരന്‍ രാഹുലിനും വേണ്ട പിന്തുണ നല്‍കിക്കൊണ്ട് തുടരുകയായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളിയും പ്രിയങ്കയെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന് രാഹുലിനെ പ്രേരിപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ച്ചയിലാണ് കിഴക്കന്‍ യു.പിയിലെ ജനറല്‍സെക്രട്ടറിയായി സ്ഥാനമേല്‍ക്കണമെന്ന തീരുമാനം കൈക്കൊള്ളുന്നത്. പിന്നീട് രാഹുലിന്റെ അമേത്തിയിലേക്കുള്ള യാത്രയില്‍ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഫെബ്രുവരി ആദ്യവാരം പ്രിയങ്കഗാന്ധി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചുമതലയേല്‍ക്കുന്ന പ്രിയങ്കക്ക് വെല്ലുവിളികള്‍ ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉള്‍പ്പെടുന്നതാണ് കിഴക്കന്‍ മേഖല. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാന്‍ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കക്ക് മുന്നിലെ പ്രധാന ദൗത്യങ്ങള്‍.
രാഹുല്‍ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്. 2004- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേതിയില്‍ മത്സരിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013-ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017-ലാണ് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുല്‍ രാഷ്ട്രീയത്തില്‍ അരങ്ങേറി 15 വര്‍ഷം പിന്നിടുമ്പോള്‍ ആണ് പ്രിയങ്കാ ഗാന്ധിയുടെ വരവ്.
ഇന്നലെ രാവിലെയാണ് പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി സ്ഥാനത്തേക്ക് നിയമിച്ചു എഐസിസിയുടെ പ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസിന്റെ നയരൂപീകരണ തീരുമാനങ്ങളില്‍ ഈയടുത്ത കാലങ്ങളിലായി പ്രിയങ്ക ഗാന്ധി സജീവമായി ഇടപെടാറുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി പാര്‍ട്ടി ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഫെബ്രുവരി ആദ്യവാരത്തോടെ പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്ത് സജീവമാകും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ നിര്‍ണായക ശക്തിയാക്കി മാറ്റാനായിരിക്കും അവര്‍ പ്രധാനമായും ശ്രമിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിനിര്‍ത്തി സമാജവാദി -ബിഎസ്പി പാര്‍ട്ടികള്‍ തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടത് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം വരുത്തിയിരുന്നു.
എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സിക്രട്ടറിയായിരുന്ന അശോക് ഖെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവ് വന്ന പോസ്റ്റിലേക്ക് മലയാളിയായ കെസി വേണുഗോപാല്‍ എംപിയെ നിയമിച്ചു. സംഘടനയുടെ നിര്‍ണ്ണായകമായ സ്ഥാനത്തേക്കാണ് കെസി വേണുഗോപാലിന്റെ നിയമനം. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞടുപ്പിനെ തുടര്‍ന്ന് ബിജെപി അധികാരം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന നേതൃത്തത്തെ ഏകോപിപ്പിച്ച് തന്ത്രം മെനഞ്ഞത് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ നേതൃതത്തിലായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയെ പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സി ക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്ന് നീക്കി ഹരിയാനയുടെ ചുമതല നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റ സംഘടന ചുമതലയില്‍ കൊണ്ടു വന്നിരിക്കുന്ന മാറ്റങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.