Connect with us

india

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതല്‍ ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം

ഡിസംബര്‍ അവസാനത്തോടെ പേരു മാറ്റം പൂര്‍ത്തിയാക്കണം

Published

on

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നിര്‍ദേശം. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതല്‍ ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നറിയപ്പെടുക. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും നല്‍കണം.

ഡിസംബര്‍ അവസാനത്തോടെ പേരു മാറ്റം പൂര്‍ത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഫ്‌ലക്‌സ് ബോര്‍ഡില്‍ പേര് പ്രദര്‍ശിപ്പിക്കണം. പേരിന് മാറ്റം വരുത്താന്‍ 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാന്‍ മാന്‍ ഭാരത് പോര്‍ട്ടലില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങള്‍ അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാല്‍ ടാഗ് ലൈനില്‍ മാറ്റം വരുത്താന്‍ പാടില്ല.

india

പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണം; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

Published

on

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്…ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എന്നെ യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി…”വിടവാങ്ങല്‍ പ്രസംഗത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു.

സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാല്‍ ഇന്ന് ഞാന്‍ വിരമിക്കുന്നതിന് സാക്ഷിയാകാന്‍ ഒരുപാട് വന്നിട്ടുണ്ട്. തീര്‍ഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക…പോവുക.-അദ്ദേഹം തുടര്‍ന്നു.

2022 നവംബര്‍ 8 ന് അമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് ചുമതലയേറ്റത്. 65 വയസ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

 

Continue Reading

india

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു: രാഹുല്‍ ഗാന്ധി

‘രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കി’

Published

on

ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ബി.ജെ.പി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി മണിപ്പൂരിനെ ചുട്ടെരിക്കുകയും ഇന്ത്യയിലുടനീളം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും പരസ്പരം അതിനു പ്രേരിപ്പിച്ചു. അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ അല്ലാത്തവര്‍ക്കെതിരെ ബി.ജെ.പി ജാട്ടുകളെ കുത്തിയിളക്കി.

‘ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാനും ശക്തിപ്പെടുത്താനും ഞാനിവിടെയുണ്ട്. ആദിവാസികളും ദളിതുകളും അടങ്ങുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയത് തെറ്റാണെങ്കില്‍, ഒ.ബി.സികളുടെ ഭരണ പങ്കാളിത്തത്തിനായി ഞാനത് തുടരും -രാഹുല്‍ ഗാന്ധി പറഞ്ഞു.

25 മുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ബി.ജെ.പി എഴുതിത്തള്ളിയെന്നും എന്നാല്‍, യു.പി.എ ഭരണകാലത്ത് കര്‍ഷകരുടെ 72,000 കോടി രൂപയുടെ കടം ലഘൂകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ജാര്‍ഖണ്ഡിലെ കര്‍ഷകരുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയോ? മുതലാളിമാരുടെ കടങ്ങള്‍ തള്ളുന്നതിനിടയില്‍ ബി.ജെ.പി നിങ്ങളുടെ കടങ്ങള്‍ ഒരിക്കലും എഴുതിത്തള്ളില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാഹുല്‍ ഗാന്ധിയുടെ രണ്ടാം ജാര്‍ഖണ്ഡ് സന്ദര്‍ശനമായിരുന്നു. നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും.

 

Continue Reading

india

കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു

Published

on

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു.

പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്നലെ രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഗ്രാമ പ്രതിരോധ സേനയിലെ അംഗങ്ങളായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

Continue Reading

Trending