ടറൂബ: പ്രതിഭകളുടെ അസാമാന്യ പ്രകടനത്തിന് പ്രായം തടസമല്ലെന്ന് പല കായിക താരങ്ങളും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പ്രകടനമാണ് ശ്രദ്ധേയമാകുന്നത്. 48ാം വയസില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ താംബെയാണ് പ്രായത്തെ വെല്ലുന്ന ആവേശ പ്രകടനം പുറത്തെടുത്ത് ആരാധകരെ വിസ്മയിപ്പിച്ചത്.
ബുധനാഴ്ച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തിലാണ് പ്രവീണ്‍ താംബെയെന്ന ഇന്ത്യന്‍ താരം ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങി ആരാധകരുടെ കൈയടി വാങ്ങിയത്. താരത്തിന്റെ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറുകയും ചെയ്തു. സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സിനെതിരേ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയാണ് താംബെ കളത്തിലിറങ്ങിയത്.
എവിന്‍ ലൂയിസും ക്രിസ് ലിന്നും ദിനേഷ് രാംദിനും അടങ്ങിയ ബാറ്റിങ് നിരയ്‌ക്കെതിരേ നാല് ഓവറര്‍ എറിഞ്ഞ താംബെ ആകെ വഴങ്ങിയത് 12 റണ്‍സ്. സ്വന്തം പന്തില്‍ ജോഷ്വ ഡസില്‍വയെ ക്യാച്ചെടുത്ത് പുറത്താക്കിയതിനൊപ്പം ക്രിസ് ലിന്നിനെതിരേ ഒരു മെയ്ഡന്‍ ഓവറും താംബെ എറിഞ്ഞു.
ബൗള്‍ ചെയ്തപ്പോഴുള്ള അസാധ്യ പ്രകടനം അവിടെകൊണ്ടും തീര്‍ന്നില്ല. സെന്റ് കീറ്റ്‌സിന്റെ ഓപണര്‍ എവിന്‍ ലൂയിസിനെ പുറത്താക്കാന്‍ താംബെ എടുത്ത ക്യാച്ച് അമ്പരപ്പിക്കുന്നതായി മാറി. ഖാരി പിയറിയുടെ പന്തില്‍ താംബെ പന്ത് പറന്നു പിടിക്കുകയായിരുന്നു. ഈ ക്യാച്ചിന്റെ വീഡിയോ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 174 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ സെന്റ് കീറ്റ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. അവര്‍ 59 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്.