Connect with us

Video Stories

പ്രവാസി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സര്‍ക്കാരിന്റെ വകതിരിവില്ലായ്മയും

Published

on

പി.കെ അന്‍വര്‍ നഹ

അമ്മാവന്‍ മരിക്കാന്‍ നേരത്ത് മരുമകനെ വിളിച്ചുപറഞ്ഞു. ഞാന്‍ നിന്നോട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പലതും പൊറുക്കാന്‍ കഴിയാത്തവയാണ്. ഈ കിടക്കയില്‍ നിന്ന് ഞാനിനി എഴുന്നേല്‍ക്കും എന്ന് തോന്നുന്നില്ല. എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഇതുകേട്ട് മരുമകന്റെ മനം ഇളകി. അയാള്‍ കണ്ണീര്‍ വാര്‍ത്തു. മരിക്കാന്‍ നേരത്തെങ്കിലും എന്റെ വില അമ്മോശന്‍ മനസ്സിലാക്കിയല്ലൊ. വിഷമിച്ചുനില്‍ക്കെ മെല്ലെ അയാള്‍ മൊഴിഞ്ഞു. എന്റെ തെറ്റിന് പരിഹാരമായി നീയെന്നെ കൊല്ലണം. അത്രക്ക് ക്രൂരനാണ് ഞാന്‍. മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മരുമകന്‍ അമ്മാവനെ കൊന്നു. അയാള്‍ ജയിലിലുമായി. താന്‍ മരിച്ചാലും മരുമകനെ വിടരുതെന്ന അമ്മാവന്റെ ദുഷ്ടബുദ്ധിയില്‍ മരുമകന്‍ കുടുങ്ങുകയായിരുന്നു. കഥയാണെങ്കിലും ഇത് ഓര്‍ക്കാനുള്ള കാരണം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍, വിദേശത്ത് തൊഴിലിനുപോകുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ്. അത് പിന്‍വലിച്ചുവെങ്കിലും വേറൊരു രൂപത്തില്‍ വന്നുകൂടായ്കയില്ല. അതിലെ അബദ്ധങ്ങള്‍ എന്താണെന്ന് പറയുന്നതിന് മുന്‍പെ മറ്റു ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
നാല് പതിറ്റാണ്ടു മുന്‍പ് കേരളത്തിലെ യുവജനങ്ങള്‍ സ്വപ്‌നഭൂമിയായി പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളെ കണ്ട് ദുരിതയാത്ര നടത്തിയ കഥ. കപ്പലിലെ യാത്ര. അനധികൃതമായിരുന്നു ഏറെയും. ധാരാളം ആളുകള്‍ പ്രവേശിക്കട്ടെ എന്ന വിദേശരാജ്യത്തിന്റെ നിലപാടും ആളുകള്‍ പോയി രക്ഷപ്പെടട്ടെ എന്ന നമ്മുടെ നിലപാടുംകാരണം ലക്ഷങ്ങളാണവിടെയെത്തിയത്. ആദ്യകാലത്ത് മദ്രാസ് (ഇപ്പോഴത്തെ ചെന്നൈ)ല്‍ നിന്ന് കീറപേപ്പറില്‍ ഒരു രൂപ കൊടുത്താല്‍ കിട്ടിയിരുന്ന പാസ്‌പോര്‍ട്ട് അഥവാ പോര്‍ട്ട് കടക്കുന്നതിനുള്ള പാസ്. അതില്‍ സിംഗപ്പൂര്‍ വഴിയും ബോംബെ വഴിയും ആളുകള്‍ പോയി. ചിലര്‍ സിംഗപ്പൂരിലെത്തി. ആഗോള ബിസിനസ്സ് ഹബ്ബ് ആകയാല്‍ അവിടെ നിന്ന് മലയാളികള്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ചേക്കേറി. രാജ്യാന്തര നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പെ തന്നെ അറബിരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെയൊക്കെ പരിണിതഫലം പരിശോധിക്കാം. കേരളം ആകെ മാറി. എങ്ങും ആനച്ചന്തം. നമ്മുടെ അദ്ധ്വാനശേഷി (കായികവും ബൗദ്ധികവും) നല്ല വിലക്ക് അവര്‍ എടുത്തു. നമ്മളുടെ നിക്ഷേപങ്ങള്‍ ഭൂമി, സ്വര്‍ണ്ണം, വാഹനം തുടങ്ങിയവയാല്‍ കുമിഞ്ഞുകൂടി. ഇവിടുത്തെ ഭക്ഷ്യ-നാണ്യ ഉല്‍പ്പന്നങ്ങള്‍ ടണ്‍കണക്കിന് ഇടതടവില്ലാതെ അവിടേക്കൊഴുകി. അതിനുമാത്രമായി പോലും ബാങ്കുകളുണ്ടായി. 100 ഗ്രാമില്‍ താഴെയുള്ള ഒരു കവര്‍ അയക്കുന്നതിന് 3000ലേറെ രൂപ വാങ്ങുന്ന കൊറിയര്‍ കമ്പനികള്‍ വരെ ഇവിടെ പ്രവര്‍ത്തനസജ്ജമായി. പ്രവാസികളെ പ്രലോഭിപ്പിച്ചുകൊണ്ട് വാഗ്ദാനങ്ങളുടെ പെരുമഴയൊഴുക്കി സ്ഥാപനങ്ങള്‍ കടന്നുവന്നു. ഇതില്‍ ശ്രദ്ധിക്കേണ്ട വസ്തുത, വികസനത്തിന്റെ ആധികാരികതയും അസ്തിവാരവും അവകാശപ്പെടാവുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ സഹായം നല്കിയില്ല എന്നതാണ്. വിവിധ സര്‍ക്കാരുകള്‍ യഥാര്‍ത്ഥത്തില്‍ വിദേശയാത്രകള്‍ ഉദാരമാക്കുന്നതിനുപകരം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
1980 മുതല്‍ 2000 വരെ കൂടുതലായും ഗള്‍ഫിലേക്ക് കടന്ന ചെറുപ്പക്കാര്‍ 10-ാം ക്ലാസ്സിനു താഴെ മാത്രം വിദ്യാഭ്യാസം നേടിയവരായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് ലഭിച്ചത് സാധാരണ ജോലി മാത്രവും. മറ്റു രാജ്യങ്ങളില്‍ നിന്ന് കടന്നുവന്ന ചെറുപ്പക്കാര്‍ ഏറിയ പങ്കും 10-ാം ക്ലാസ്സ് വിജയിച്ച രേഖകളുള്ളവരായിരുന്നു. അതായത് വിദേശത്തെ തൊഴില്‍ സാധ്യത മുമ്പില്‍ കണ്ട് അവര്‍ വിജയനിലവാരം ഉദാരമാക്കി എന്ന് സാരം. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് അത്തരം ഉള്‍ക്കാഴ്ചകള്‍ വേണ്ടത്ര ഇല്ലാതിരുന്നതിനാല്‍ തൊഴില്‍-പ്രായോഗിക കാര്യങ്ങളിലും മറ്റും മികവുണ്ടായിരുന്നുവെങ്കിലും ‘പേപ്പര്‍’ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്നും കണ്ണു തുറന്നിട്ടില്ല. പ്രായോഗിക പരിചയം വേണ്ടതിലധികമുണ്ടായിട്ടും ഒരു സര്‍ക്കാര്‍ അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മികച്ച ജോലിയിലേക്ക് ഉയര്‍ച്ച കിട്ടാത്തവര്‍ ആയിരങ്ങളാണ്. അതിലൊക്കെ അടിയന്തിര തീരുമാനങ്ങള്‍ ആയിട്ടില്ല. ഇപ്പോള്‍ വേണ്ടാത്ത കാര്യങ്ങളുമായി വന്നിരിക്കുകയുമാണ്. തൊഴിലും പണവും ഉള്ളിടത്തേക്ക് പോകാനുള്ള വഴി തുറന്നിടണോ, അടച്ചിടണോ ? പറഞ്ഞത് പല തവണ പറഞ്ഞ കാര്യമാണെങ്കിലും അതിന്നും വലിയ തോതില്‍ പ്രസക്തിയുള്ള കാര്യമാണ്. ഇതില്‍ ഒടുവിലത്തെ കുരുക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഉണ്ടാക്കിയതാണ്. പ്രളയാനന്തര കേരള സൃഷ്ടിക്കായി 700 കോടി രൂപ വാഗ്ദാനത്തിന്റെ പ്രാധാന്യം കുറച്ചുകണ്ട അതേ സര്‍ക്കാര്‍.
2019 ജനുവരി ഒന്നു മുതല്‍ തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അത് താത്ക്കാലികമായി മാത്രമാണ് പിന്‍വലിച്ചിട്ടുള്ളത്. ഇന്ത്യാക്കാരുടെ സുരക്ഷിതത്വം വിദേശത്ത് ഉറപ്പുവരുത്താനാണ് ഈ രജിസ്‌ട്രേഷന്‍ എന്ന് തോന്നിപ്പോകുമെങ്കിലും അതിന് നിര്‍ദ്ദേശിക്കുന്ന രാജ്യങ്ങളുടെ പേര് കേള്‍ക്കുമ്പോഴാണ് വിവേചനം മനസ്സിലാക്കാനാകുന്നത്. മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലേക്ക് പോകേണ്ടവരാണ് ഇത്തരത്തില്‍ വിവരസമാഹരണത്തിന് വിധേയമാകേണ്ടത്. യു.എ.ഇ., ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, യമന്‍, ഇറാഖ്, ജോര്‍ദ്ദാന്‍, ലബനന്‍, ലിബിയ, മലേഷ്യ, സുഡാന്‍, തെക്കന്‍ സുഡാന്‍, സിറിയ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ എന്നിവയാണവ. ഇതില്‍ ചിലത് മാത്രമാണ് സമ്പന്ന രാജ്യങ്ങള്‍. പാശ്ചാത്യരാജ്യങ്ങളിലേക്ക് പോകുവാന്‍ ഈ രജിസ്‌ട്രേഷന്‍ വേണ്ട.
ഇന്ത്യയിലെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ച് വര്‍ഗ്ഗീയ വൈരം ആളിക്കത്തിച്ച് പൗരന്മാരെ തരംതിരിക്കാന്‍ മാത്രം ഉദ്ദ്യേശിച്ചാണ് ഈ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതു ചെയ്യാന്‍ കൂട്ടാക്കാത്തവരെ രാജ്യം വിടാന്‍ അനുവദിക്കില്ല എന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു.
നാട്ടിലെ പൊലീസ് ക്ലിയറന്‍സ് കഴിഞ്ഞവര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ട് നേടാനാകുക എന്നിരിക്കെ ഇത്തരത്തിലൊരു നടപടിയുടെ ആവശ്യകത രാജ്യമാകെ ചോദ്യം ചെയ്യുകയാണ്. വന്‍ സാമ്പത്തിക തട്ടിപ്പുനടത്തി വിജയ്മല്യ, നീരവ് മോദി എന്നിവര്‍ കടന്നപ്പോള്‍ ചോദിക്കാത്ത ചോദ്യങ്ങളായിരുന്നു രജിസ്‌ട്രേഷന്‍ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഭരണകൂടത്തിന്റെ, പൗരന്മാരുടെ സ്വകാര്യതയിന്‍മേലുള്ള ഇടപെടലാണ്. രാജ്യത്ത് അനധികൃതമായി എന്ത് നടന്നാലും അത് തടയണം. അത് സുതാര്യവും ജനവിശ്വാസവും നേടിയായിരിക്കുകയും വേണം. 2016 നവംബര്‍ 8ന് നഴ്‌സറി പിള്ളേര്‍ കടലാസുകീറുന്ന ലാഘവത്തില്‍ നോട്ട് നിരോധിച്ചതും അത് ഇന്ത്യാക്കാരെ കടക്കെണിയിലെത്തിച്ചതും, ഇതുപോലെ സംശയത്തിന്റെ പേരിലായിരുന്നു. സര്‍ക്കാര്‍ പറഞ്ഞ കള്ളപ്പണം എവിടെയും ഉണ്ടായില്ല. ആരേയും പിടികൂടിയുമില്ല. അനുഭവിക്കേണ്ടി വന്നതും, മരിക്കേണ്ടി വന്നതും ഇന്ത്യയിലെ ദരിദ്ര പക്ഷം.
വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ കെട്ടുറപ്പ് ഉറപ്പാക്കാന്‍ യത്‌നിക്കേണ്ട സ്ഥാപനമാണ്. അവര്‍ ചെയ്യുന്നതാവട്ടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് പൗരന്മാരെ അവമതിക്കുന്ന തരത്തിലുള്ളതും. കൂടുതല്‍ പ്രവാസികള്‍ ഏത് ജില്ലയില്‍ നിന്നാണ് ? അവരുടെ സാമ്പത്തിക നിലയെന്താണ് എന്നൊക്കെയാണ് അന്വേഷണം. ബി.ജെ.പി.ക്ക് ബാലികേറാമലയായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചമായിരിക്കുന്നതിനു പിന്നില്‍ പ്രവാസികളുടെ നിരന്തരമായ യത്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ തകര്‍ക്കുകയോ കടിഞ്ഞാണ്‍ കയ്യിലെടുക്കുകയോ ആണ് ലക്ഷ്യം.
അറബിരാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം ഇന്ത്യയിലെ സമ്പദ് ഘടനക്ക് ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതം വലുതായിരിക്കും. അതിനെ ലഘൂകരിക്കാനും ആശ്വസിപ്പിക്കാനും കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമം നടത്താതെ കേവലം രാഷ്ട്രീയ-വര്‍ഗ്ഗീയ വൈരത്തിന്റെ പേരില്‍ ഒരു ജനതയെ സാമ്പത്തികമായും അധികാരപരമായും നിരായുധരാക്കാനുള്ള യത്‌നത്തിനെതിരെ തുടര്‍ന്നും ജനങ്ങള്‍ അണിനിരക്കണം. ഇപ്പോള്‍ താത്ക്കാലികമായെങ്കിലും ഉത്തരവ് പിന്‍വലിച്ചത് അത്തരത്തിലുള്ള ജനമുന്നേറ്റത്തിന്റെ ഫലമായാണ്. ആരും വിദേശത്ത് പോയില്ലെങ്കിലും തങ്ങള്‍ക്കൊരു ചുക്കും വരാനില്ല എന്ന മോദിസര്‍ക്കാരിന്റെ ഭാവം മാറുവാന്‍ നിരന്തര പരിശ്രമം തന്നെ ആവശ്യമാണ്.
ഇപ്പോള്‍ പിന്‍വലിച്ച ഉത്തരവ് പ്രവാസികളെ കുറിച്ചോ വിദേശരാജ്യത്തിന്റെ സംവിധാനത്തെ കുറിച്ചോ അല്‍പംപോലും മനസ്സിലാക്കാതെയാണ് തയ്യാറാക്കിയത് എന്നതില്‍ സംശയമില്ല. തൊഴിലിനുള്ള വിസ കൂടാതെ പലതരം വിസകള്‍ നിലവിലുണ്ട്. അതില്‍ നിക്ഷേപക വിസ എന്ന ഒരിനമുണ്ട്. യു.എ.ഇ. നിക്ഷേപക സൗഹൃദരാജ്യമാണ്. ലാഭം മികച്ച രീതിയില്‍ ലഭിക്കാവുന്ന ബിസിനസ്സുകളുടെ പറുദീസകൂടിയാണ് അവിടം. ഉദ്യോഗസ്ഥമേധാവിത്വമോ, അകാരണമായ കാലതാമസമോ കൂടാതെ ഏത് ബിസിനസ്സിനും പറ്റിയ ഇടം. അതുകൊണ്ടുതന്നെ അവിടെ വന്‍തോതില്‍ ഇന്ത്യക്കാര്‍ നിക്ഷേപം നടത്തി ലാഭം എടുക്കുന്നു. ബിസിനസ്സിനുവേണ്ട അറിവാണിവിടെ പ്രധാനം. മതമോ ജാതിയോ അല്ല. സുഗമമായ പാതകള്‍, ഇഷ്ടംപോലെ വൈദ്യുതിയും ഊര്‍ജ്ജകേന്ദ്രങ്ങളും, ഉദാരമായ ബാങ്ക് വായ്പ തുടങ്ങിയവയാല്‍ ആണ് മിക്കവരും വിദേശത്ത് വ്യവസായം നടത്തുന്നത്. ചെറിയ മുതല്‍മുടക്കില്‍പോലും അവ തുടങ്ങുവാന്‍ കഴിയുന്നതിനാല്‍ നിക്ഷേപക വിസയില്‍ വരുന്നവരുടെ എണ്ണവും ചെറുതല്ല. അവരുടെ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരായി വരുന്നവര്‍ ബന്ധുക്കളോ, പരിചയക്കാരോ, പാര്‍ട്ടിക്കാരോ ഒക്കെയാവും കൂടുതല്‍. ഇത് ഇന്ത്യക്കാരുടെ കാര്യത്തിലാണെങ്കില്‍ കൂടുതല്‍ പ്രസക്തവുമാണ്. നിര്‍ദ്ദിഷ്ട ഉത്തരവിലൂടെ തടയപ്പെടുമായിരുന്നത് ഇക്കൂട്ടരുടെ യാത്രയായിരുന്നു.
ഇന്ത്യക്ക് തനതായ ഒരു വിദേശനയമുണ്ട്. ആ നയത്തെ മാറ്റിമറിക്കുവാനാണ് ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുന്നത്. കനത്ത എതിര്‍പ്പുകളുണ്ടായിട്ടും ഇസ്രയേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചത് ഓര്‍ക്കുക. സ്വാതന്ത്ര്യാനന്തരം വിദേശനയം പ്രഖ്യാപിച്ചപ്പോള്‍ ലക്ഷ്യമാക്കിയിരുന്ന കാര്യങ്ങള്‍ ഈ ഗവണ്‍മെന്റ് കാറ്റില്‍ പറത്തുകയാണ്. ആറ് കാര്യങ്ങളായിരുന്നു. സാമ്രാജ്യത്വത്തോടും കൊളോണിയലിസത്തോടുമുള്ള എതിര്‍പ്പ്, വംശീയ, വാദത്തോടുള്ള വിദ്വേഷം, വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നല്‍, ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം, സമാധാനപരമായ സഹവര്‍ത്തിത്വം, ചേരിചേരായ്മ എന്നിവയായിരുന്നു അവ. വികസനത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു ഇവ. ഇതില്‍ നിന്നുള്ള പുറകോട്ടുപോകലും വഴിതിരച്ചുവിടലും ഈ രാജ്യത്തെ അപകടപ്പെടുത്തുകയേ ഉള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കുവാനുള്ള ജാഗ്രതയാണ് നാം പുലര്‍ത്തേണ്ടത്.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമെന്നാല്‍ മുസ്ലീങ്ങള്‍ തമ്മിലുള്ള രാജ്യാന്തരബന്ധം മാത്രമാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഉപദേശിച്ചവര്‍ അഭ്യന്തരകാര്യാലയങ്ങളില്‍ ഉറക്കമൊഴിഞ്ഞ് ഇന്നും ഇരിക്കുന്നുണ്ട്. അവരെ തിരുത്തുവാനുള്ള നിരന്തരമായ പരിശ്രമത്തിലായിരിക്കണം നാം. പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധമുന്നേറ്റത്താലാണ് ഇപ്പോള്‍ നിര്‍ത്തിവെക്കുന്നത്. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ ഒരു ഉത്തരവ് പിന്‍വലിക്കേണ്ടിവരുന്നത് അതുമായി ബന്ധപ്പെടവരുമായി ആലോചിക്കാതെ എടുത്ത തീരുമാനത്തിന്റെ ഫലമായാണ്. ഇത് ആവര്‍ത്തിച്ച് ലോകത്തിനുമുമ്പില്‍ നാണം കെടാതിരിക്കാനുള്ള അവസ്ഥ ഇനിയും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കരുതെന്ന അപേക്ഷ മാത്രമാണ് പ്രവാസികള്‍ക്കുള്ളത്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending