ബംഗളുരു: പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തില്‍ പങ്കെടുത്ത പ്രവാസികളില്‍ പലര്‍ക്കും നിരാശ. ഏറ്റവും ജനകീയ പങ്കാളിത്തമുള്ള പ്രവാസി സംഗമം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. എന്നാല്‍ സംഗമത്തില്‍ പങ്കെടുത്തവരില്‍ നല്ലൊരു ശതമാനം പേര് പ്രവാസികളല്ലെന്നും കര്‍ണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ബിജെപി അനുകൂലികളാണെന്നും സമ്മേളന നഗരിയില്‍ വ്യാപകമായ പ്രചാരണമുണ്ടായി.
ഏഴായിരത്തിലധികം പേര് പങ്കെടുത്തുവെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പ്രവാസികളുടെ എണ്ണം നാല്പത് ശതമാനത്തില്‍ താഴെയാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് സംഗമത്തിനെത്തിയവരുടെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നേരത്തെ നല്‍കിയിരുന്നുവെങ്കിലും പ്രവാസി ദിവസ് തുടങ്ങുന്ന ജനുവരി ഏഴിനാണ് കൂടുതല്‍ പേരും രജിസ്റ്റര്‍ ചെയ്തത്. ഇവരിലധികവും സ്വദേശികളും രാഷ്ട്രീയ അനുകൂലികളുമാണ് എന്നാണു പറയപ്പെടുന്നത് . ആദ്യ ദിവസം വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ എണ്ണം തിരിച്ചു വ്യക്തമാക്കിയിരുന്നുവെങ്കിലും മൊത്തം മുവ്വായിരത്തിനു താഴെയായിരുന്നു. ഇതില്‍ ഗള്‍ഫ്മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തത് ഖത്തറില്‍ നിന്നാണ്.
150 പേര്‍. സമ്മേളനത്തിലേക്ക് പാര്‍ട്ടി അനുകൂലികളെ മാനദണ്ഡങ്ങളില്ലാതെ പ്രവേശിപ്പിച്ചതാണ് വന്‍ജനപങ്കാളിത്തമായി ചിത്രീകരിക്കപ്പെട്ടതത്രെ. ഇത് പ്രവാസികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതായി എന്നാണു ആക്ഷേപം. ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വിശ്വാസത്തിലെടുക്കാനാവില്ലെന്നു പങ്കെടുത്ത വിവിധ പ്രവാസി സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു. സാധാരണക്കാരായ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ്മേഖലക്കു പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നാണ് പരാതി . സ്വദേശിവത്കരണത്തിന്റെ പിടിയിലകപ്പെട്ട ഗള്‍ഫ് മേഖലയിലെ ഭീഷണി നേരിടുന്ന ഇന്ത്യക്കാരെ കുറിച്ചും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന്റെ കാര്യത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരക്ഷരം ഉരിയാടിയില്ല.
പ്രവാസികളുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവയില്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നു പ്രഖ്യാപിക്കുമ്പോഴും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പതിവ് പല്ലവികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പരക്കെ പരാതിയുണ്ട്.യമനിലും ഇറാഖിലും യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ആവേശം എടുത്തു പറഞ്ഞ അദ്ദേഹം കോടിക്കണക്കിനു ബില്യണ്‍ രാജ്യത്തു എത്തിക്കുന്നവര്‍ കൂട്ടമായി തിരിച്ചെത്തിയാലുണ്ടാകുന്ന അവസ്ഥ വിസ്മരിച്ചു . അതെ സമയം വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ക്കായി വിദഗ്ധ തൊഴില്‍ പരിശീലനത്തിനുതകുന്ന നൂതന പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്നാണ് സമ്മേളനവേദിയിലെ സംസാരം.
സമ്മേളനത്തില്‍ പങ്കെടുത്ത പ്രവാസികള്‍ കാതോര്‍ത്തിരുന്ന മറ്റൊരു കാര്യം പ്രവാസി വോട്ടിനെ കുറിച്ച് എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമെന്നായിരുന്നു. പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം പരിഗണയിലാണെന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അണ്ടര്‍സെക്രെട്ടറി പറഞ്ഞിരുന്നുവെങ്കിലും മോദിയുടെ വാക്കുകള്‍ക്കാണ് പങ്കെടുത്തവര്‍ കാത്തിരുന്നത്. വിഷയം ഇലക്ഷന് കമ്മീഷന്റെ പരിഗണയിലാണെങ്കിലും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു താല്പര്യവുമില്ലെന്ന മട്ടിലായി മോദിയുടെ പ്രസംഗം. വിവിധ സെഷനുകളില്‍ വിദേശഇന്‍ഡ്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും പ്രധാനമന്ത്രി എന്ന നിലക്കുള്ള പ്രഖ്യാപനങ്ങളൊന്നും പതിനാലാമത് പ്രവാസി ദിവസ് സമ്മേളനത്തില്‍ ഉണ്ടായില്ല.
അസുഖ ബാധിതയാണെങ്കിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടന വേദിയിലെത്തുമെന്നായിരുന്നു പങ്കെടുത്തവരുടെ കണക്കു കൂട്ടല്‍. പ്രവാസികളുടെ വിഷയങ്ങളില്‍ ഇടപെടുന്നവായിലെല്ലാം കൃത്യമായ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളുന്ന സുഷമ സ്വരാജിനെ സമ്മേളന വേദിയിലൊന്നും കാണാത്തതും പ്രവാസികള്‍ക്കിടയില്‍ മ്ലാനത പരത്തി. പ്രവാസി സമ്മേളനം വെറും ചടങ്ങായി മാറിയെന്നും പതിവില്‍ കവിഞ്ഞ ഗുണഫലങ്ങളൊന്നും ഇക്കൊല്ലത്തെ പി ബി ഡി യില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും പ്രവാസി സംഘടനകളുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.