ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മാപ്പുപറഞ്ഞാല്‍ അത് അത്ഭുതമായിരിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ വാജ്‌പേയി മന്ത്രിസഭയിലെ അംഗവുമായിരുന്ന അരുണ്‍ ഷൂരി പ്രതികരിച്ചത്. കോടതിയലക്ഷ്യത്തിന് കാരണമായ ട്വീറ്റുകള്‍ പിന്‍വലിക്കണോ എന്നത് പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്താല്‍ അത് അത്ഭുതമായിരിക്കുമെന്നും ആക്‌വിസ്റ്റ് കൂടിയായ ഷൂരി പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്രപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.
ആഗസ്റ്റ് 14ല്‍ കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യക്കേസില്‍ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞത്. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നായിരുന്നു കോടതിയില്‍ പ്രശാന്ത് ഭൂഷന്റെ നിലപാട്. തുടര്‍ന്ന് നിലപാട് പുനഃപരിശോധിക്കാന്‍ കോടതി അദ്ദേഹത്തിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചെങ്കിലും പുനരാലോചക്ക് നിന്നാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ അതിന് സാധിക്കില്ലെന്നും ഭൂഷണ്‍ വ്യക്തമാക്കി.
പ്രശാന്ത് ഭൂഷണെതിരായ കോടതി നടപടിയെ കടുത്ത വിമര്‍ശനപരമായാണ് കേസില്‍ കക്ഷികൂടിയായ അരുണ്‍ ഷൂരി നേരിട്ടത്. സത്യം ഒരു പ്രതിരോധമാണെന്നും ആരുടെയെങ്കിലും ആരോപണം കോടതിയെ അവഹേളിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ ആ വ്യക്തിക്ക് അദ്ദേഹത്തിന്റെ വാദം തെളിയിക്കാനുള്ള അവസരം നിയമപ്രകാരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യമേവ ജയതേ എന്നത് ആപ്തവാക്യമായ രാജ്യത്ത് സത്യത്തെ ഒരു പ്രതിരോധമായി അംഗീകരിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.
‘തീര്‍ച്ചയായും ഇതൊരു വ്യക്തിപരമായ തീരുമാനമാണ്. പക്ഷെ അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ പേരില്‍ മാപ്പ് പറഞ്ഞാല്‍ അതൊരു അത്ഭുതമായിരിക്കും. ഒരാള്‍ തെറ്റു ചെയ്‌തെന്ന് നല്ല ബോധ്യമുണ്ടെങ്കില്‍ മാത്രമേ അയാള്‍ മാപ്പ് പറയേണ്ടതുള്ളൂ’ അഭിമുഖത്തില്‍ അരുണ്‍ ഷൂരി വ്യക്തമാക്കി.
പ്രശാന്ത് ഭൂഷന്റെ വ്യതിരിക്തമായ നീതി ബോധത്തെ മനസ്സിലാക്കാന്‍ ജീവിതത്തെയും ചരിത്രത്തേയും കുറിച്ചും അറിയണം. ഭരണകൂടത്തിനോടും നീതിന്യായ വ്യവസ്ഥയോടും ഏറ്റുമുട്ടി ഒരു ഘട്ടത്തില്‍ വിജയിച്ച ജനസംഘ്, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യായി പുനര്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ സ്ഥാപകാംഗമായിരുന്ന ശാന്തി ഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷണ്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു എന്നത് ഇന്ന് അത്ഭുതപ്പെടുത്തുന്ന കാര്യമായി തോന്നാം. പാര്‍ട്ടിയുടെ ട്രഷററായിരുന്നു അദ്ദേഹം. അധികാര ദുര്‍വിനിയോഗം ആരോപിച്ചുള്ള ബിജെപി നേതാവായിരുന്ന വി കെ മല്‍ഹോത്രയ്ക്ക് നല്‍കിയ ഹര്‍ജിയില്‍ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ശാന്തി ഭൂഷണ്‍ ബിജെപിയില്‍നിന്ന് രാജിവെക്കുകയായിരുന്നു.
എന്നാല്‍, രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലും ശാന്തി ഭൂഷണ്‍ വലിയ പങ്ക് വഹിച്ചു. അരവിന്ദ് കെജരിവാളും കിരണ്‍ ബേദിയും എല്ലാം അടങ്ങിയ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷനിലെ കോര്‍ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. പിന്നീട് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാവായെങ്കിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പുറത്തായി. ആദ്യ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അദ്ദേഹം അതിനെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു.
അതേസമയം, ഇതിലെല്ലാം ഭാഗമായിരുന്ന പ്രശാന്ത് ഭൂഷന്‍, പിന്നീട് വന്ന മോദി സര്‍ക്കാറിനും സംഘ്പരിവാര്‍ അജണ്ടക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുന്ന കാഴ്ചയുണ്ടായി. പിന്നീട് മോദി സര്‍ക്കാറിന് കാരണമായ അണ്ണാ ഹസാരയുടെ സമരത്തില്‍ പങ്കാളിയായതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ സംവിധാനം സുതാര്യമായിരിക്കണമെന്ന കാര്യത്തില്‍ അച്ഛനൊപ്പം മകനും യോജിക്കുന്നുണ്ട്. അച്ഛന്റെ ചിന്തകളില്‍ ബിജെപിയും ദേശീയതയെ സംബന്ധിച്ച ബോധവും കൂടുതലായുള്ളപ്പോള്‍ അഴിമതിക്കെതിരെ ഉറച്ചനിലപാടുള്ള മകന്‍ ഭൂഷണ് ഇതിന്റെയെല്ലാം മുന്നേ മനുഷ്യാവാകാശമാണ് പ്രധാനമായി കാണുന്നത്. കാശ്മീരിലെ അടക്കം മനുഷ്യാവകാശലംഘനങ്ങളില്‍ നിലപാടെടുക്കാനും പ്രധാനമന്ത്രിക്കും ന്യായാധിപന്മാര്‍ക്കുമെതിരെ തുറന്നടിക്കാനും അദ്ദേഹത്തിന് മടിയില്ലാത്തത് അതുകൊണ്ടാണ്. കാശ്മീര്‍ പ്രശ്നത്തിലും തന്റെ നിലപാടില്‍ സുപ്രീം കോടതിയില്‍ ആക്രമിക്കപ്പെട്ട ആള്‍ കൂടിയാണ് പ്രശാന്ത് ഭൂഷണ്‍.
നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ പോരടിക്കുന്നതില്‍ അച്ഛന്റെ മാതൃക തന്നെയാണ് പ്രശാന്ത് ഭൂഷണും പിന്തുടരുന്നത്. ഇപ്പോള്‍ കോടതി അലക്ഷ്യ കേസിന് മുന്നില്‍ ഭയക്കാതെ പ്രശാന്ത് ഭൂഷണ്‍ നില്‍ക്കുന്നത് പോലെ ശാന്തി ഭൂഷണും തന്റെ നിലപാട് പത്തുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി അലക്ഷ്യക്കേസ് നേരിടുമ്പോള്‍ അദ്ദേഹം 2010 ല്‍ പ്രഖ്യാപിച്ചത്, മാപ്പ് പറയുന്ന പ്രശ്നം ഉദിക്കുന്നില്ല, ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്’ എന്നായിരുന്നു.
വ്യാഴാഴ്ച സുപ്രിം കോടതിയുടെ അനുനയങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും വഴങ്ങാതെ ചരിത്രം സൃഷ്ടിച്ച പ്രശാന്ത് ഭൂഷണ്‍, കോടതിയലക്ഷ്യത്തിന്റെ പേരില്‍ എന്ത് ശിക്ഷ നടപ്പാക്കിയാലും നിലപാടില്‍ മാപ്പുപറയാന്‍ തയാറല്ലെന്നും പൗരന്റെ കടമ നിറവേറ്റുമെന്നുമാണ് അസന്ദിഗ്ദമായ പ്രഖ്യാപിച്ചത്.
കോടതിയലക്ഷ്യ കേസില്‍ വാദം നടക്കുന്ന സമയത്ത് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ വെച്ചു നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിപ്രഖ്യാപനം ഞാന്‍ വായിച്ചു. മൂന്ന് ദശാബ്ദത്തിലേറെയായി വ്യക്തിപരവും തൊഴില്‍പരവുമായ പല നഷ്ടങ്ങളും സഹിച്ചുക്കൊണ്ട് ഞാന്‍ എപ്പോഴും ഈ കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരു മുഖസ്തുതിക്കാരനെയോ വാഴ്ത്തിപ്പാടലുകാരെനെയോ പോലെയല്ല, പക്ഷെ എളിമയുള്ള ഒരു കാവല്‍ക്കാരനായി. പക്ഷെ ഇന്ന് ഇതേ കോടതി തന്നെ കോടതിയലക്ഷ്യം നടത്തിയെന്ന പേരില്‍ എന്നെ കുറ്റക്കാരനായി വിധിക്കുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
ഞാന്‍ ശിക്ഷിക്കപ്പെടും എന്നതിലല്ല ഇത്രയും ഭീകരമായി തെറ്റിധരിക്കപ്പെട്ടതിലാണ് എന്റെ വേദന. നീതിനിര്‍വ്വണ സ്ഥാപനത്തിനെതിരെ ‘വിദ്വേഷപരവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആസൂത്രിത നീക്കം’ ഞാന്‍ നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ആസൂത്രിത നീക്കം നടത്തുന്നതിന് പിന്നിലുള്ള എന്റെ ഉദ്ദേശം വെളിവാക്കുന്ന യാതൊരു തെളിവുകളുമില്ലാതെയാണ് കോടതി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയെന്നത് എന്നെ സ്തബ്ധനാക്കി.
എനിക്കെതിരെ സ്വമേധയാ കേസെടുക്കുന്നതിന് കോടതി ആധാരമാക്കിയ പരാതിയുടെ പകര്‍പ്പ് എനിക്ക് നല്‍കാനോ ഞാന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലും മറ്റു അപേക്ഷകളിലും ചൂണ്ടിക്കാണിച്ച വാദങ്ങള്‍ക്കും വസ്തുതക്കള്‍ക്കും മറുപടി പറയാനോ കോടതി തയ്യാറാകാതിരുന്നത് തികച്ചും നിരാശാജനകമാണ്.
ജുഡീഷ്യറിയുടെ മികച്ച പ്രവര്‍ത്തനത്തിന് പൊതുജന വിമര്‍ശനം ഏറെ ഗുണകരമാണ്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഏതൊരു ജനാധിപത്യ വ്യവസ്ഥയിലും ഏത് സ്ഥാപനത്തിനെതിരെയും തുറന്ന വിമര്‍ശനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സാധാരണ ധാര്‍മിക ബാധ്യതകളേക്കാള്‍ ഉയര്‍ന്ന ആദര്‍ശങ്ങള്‍ക്ക് പ്രധാന്യം നല്‍കേണ്ട, വ്യക്തിപരവും തൊഴില്‍പരവുമായ ആവശ്യങ്ങളേക്കാള്‍ ഭരണഘടനാ സംരക്ഷണത്തിന് വില കല്‍പ്പിക്കേണ്ട, ഇന്നിന്റെ വേവലാതികള്‍ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ഉത്തരവാദിത്തതിന് ഒരിക്കലും തടസ്സമാകാത്ത വിധം പ്രവര്‍ത്തിക്കേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നിമിഷത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഒരു അഭിഭാഷകനെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവാദിത്തങ്ങള്‍ ഏറെ കൂടുതലാണ് താനും.
നമ്മുടെ രാജ്യചരിത്രത്തിലെ ഈ നിര്‍ണ്ണായകഘട്ടത്തില്‍ ഞാന്‍ തീര്‍ച്ചയായും നിര്‍വഹിക്കേണ്ട കടമയുടെ ഒരു ചെറിയ ഭാഗമായിരുന്നു എന്റെ ട്വീറ്റുകള്‍. സ്വബോധമില്ലാത്ത സമയത്തല്ല ഞാന്‍ അത് ട്വീറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ, ഞാന്‍ കാലങ്ങളായി പിന്തുടരുന്ന, തുടര്‍ന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ആ പ്രസ്താവനകളില്‍ ഞാന്‍ മാപ്പ് പറഞ്ഞാല്‍ അത് തികച്ചും നിന്ദ്യമായ നെറികേടാകും.
അതിനാല്‍ തന്റെ ഒരു വിചാരണ സമയത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, ‘ഞാന്‍ ദയക്കായി യാചിക്കുന്നില്ല. ഔദാര്യവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ കോടതി കുറ്റകരമെന്ന് കണ്ടെത്തിയ പ്രവര്‍ത്തിക്ക് നിയമപരമായ ഏത് ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പക്ഷെ കോടതി കുറ്റകരമെന്ന് വിധിയെഴുതിയ എന്റെ പ്രവര്‍ത്തനങ്ങളെ ഒരു പൗരന്റെ ഏറ്റവും വലിയ കടമായായാണ് ഞാന്‍ കണക്കാക്കുന്നത്.’