ഡല്‍ഹി: ഇന്ത്യ ഭരിക്കുന്നത് ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാരാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിെന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം എന്നൊന്നില്ല എന്നാണ് പ്രചാരണം. ഗണപതിയുടെ തുമ്പിക്കെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പിടിപ്പിച്ചതാണെന്ന് പറയുന്നു. ‘ഗോ കൊറോണ ഗോ’ എന്നുപറഞ്ഞാല്‍ കൊറോണ വൈറസ് പോകുമെന്ന് പ്രധാനമന്ത്രിയുടെ മന്ത്രിമാര്‍ പ്രചരിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും ‘ദ ക്വിന്റ്’ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
സുപ്രീംകോടതി ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴ അടക്കും. ജയിലില്‍ പോകാന്‍ എനിക്ക് താല്‍പര്യമില്ല. ഒരുപക്ഷേ സുപ്രീംകോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുമായിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ചത് ഒരു രൂപ പിഴയടക്കാനായിരുന്നു. അതിനാല്‍ ആ പിഴ അടക്കാനാണ് തീരുമാനം.
സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതില്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതില്‍ പ്രധാനം ജയിലില്‍ അടക്കാനുള്ള സാധ്യതയായിരുന്നു. എന്നാല്‍ പിതാവിനോ, എനിക്കോ അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലായിരുന്നു. ഇക്കാര്യത്തില്‍ ജയിലില്‍ പോകാനുള്ള സാധ്യത ഞാന്‍ പരിശോധിച്ചിരുന്നു. അങ്ങനെ പലരും ജയിലില്‍ പോകുന്നു. ഒരുപക്ഷേ ആറുമാസത്തേക്ക് എനിക്കും ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം ഞാന്‍ വിനിയോഗിക്കുമായിരുന്നു. വായനക്കായി കൂടുതല്‍ സമയം കണ്ടെത്തും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ബുക്ക് തന്നെ എഴുതിയേനെ. ജയലിലെ അവസ്ഥ മനസിലാക്കും. അവിടെ ധാരാളം പേരെ കണ്ടുമുട്ടും. ഏതു തരത്തിലുള്ളവരാണെന്ന് മനസിലാക്കും. ഒരുപക്ഷേ, തന്നെ ജയലില്‍ അടച്ചാല്‍ ഇതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മനസിലാക്കിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ന് മുമ്പും രാജ്യം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ എല്ലാത്തരം പ്രശ്‌നങ്ങളും 2014ന് ശേഷം വ്യത്യസ്തമായ ക്രമത്തിലായിരുന്നു. തെരുവുകളില്‍ ആള്‍ക്കൂട്ടത്തെ ആക്രമണത്തിനായി അഴിച്ചുവിട്ടു. സാമൂഹിക മാധ്യമങ്ങളിലുടെ അടക്കം വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ന്നുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം ഭരണകൂടത്തിനൊപ്പം നിന്ന് വര്‍ഗീയ വിദ്വേഷം ചൊരിയുന്നു. ഇതോടെ സത്യം, അസത്യം എന്നിവ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും കഴിയാതെ വരുന്നു. പ്രധാനമന്ത്രിയടക്കം ഇത്തരം പ്രചരണങ്ങളുമായി വരുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍ കഫീല്‍ ഖാന്‍, ദേവാംഗന കലിത എന്നിവരെ പുറത്തിറക്കി ഹൈകോടതി വിധികള്‍ വരുന്നു. സുപ്രീംകോടതിയും ഇതില്‍ പ്രധാന പങ്കുവഹിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നു. യു.എ.പി.എ നിയമത്തിന്റെ ഭരണഘടന സാധുത സുപ്രീംകോടതി പരിശോധിക്കണം. എന്റെ കാഴ്ചപ്പാടില്‍ തികച്ചും ഭരണഘടന വിരുദ്ധമാണ് ഈ നിയമം. എന്നാല്‍ എല്ലാവരും ധരിക്കുന്നതാകട്ടെ ഭരണഘടനക്ക് അനുകൂലമെന്നും. യു.എ.പി.എ നിയമം സംബന്ധിച്ച വിധികള്‍ സുപ്രീംകോടതി പുനപരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നു.
കോടതിയലക്ഷ്യ കേസില്‍ തനിക്കെതിരായ വിധി പരിശോധിച്ചാല്‍ നീതിന്യായ വ്യവസ്ഥയെ ഇതിലും കൂടുതല്‍ വിമര്‍ശിക്കാന്‍ ഇടം നല്‍കുന്നു. എന്നാല്‍ ചര്‍ച്ചകളും മറ്റും കേസിനെ പ്രകോപിപ്പിച്ചു. ഈ ചര്‍ച്ച ഇത്തരത്തില്‍ നീണ്ടുനിന്നാല്‍ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവു വരുത്താനാകുമെന്ന് വിശ്വസിക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു