Connect with us

kerala

സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്.

Published

on

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും.

പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവു സമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം. ചില വിദ്യാർത്ഥികൾ സ്കൂൾ ടോയ്ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം

ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം.

പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് മുന്നേയും അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

കപ്പലില്‍ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡും കപ്പലിന്റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ടെന്നുമാണ് വിവരം.

അതേസമയം കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്‌നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട കപ്പല്‍ കപ്പല്‍ കടലില്‍ താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.

Continue Reading

Trending