പോളണ്ട് 1 സെനഗല്‍ 2
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ഒരു ആഫ്രിക്കന്‍ ടീമും യൂറോപ്യന്‍ ടീമും തമ്മിലുള്ള മത്സരത്തില്‍ ഹൃദയം എപ്പോഴും ആഫ്രിക്കക്കാര്‍ക്കൊപ്പമാണ് നില്‍ക്കുക. ഇപ്രാവശ്യമാണെങ്കില്‍ പൂര്‍ണ മനസ്സോടെ ആഫ്രിക്ക എന്നു വിളിക്കാവുന്ന ടീം രണ്ടേ ഉള്ളൂ; ഒന്ന് നൈജീരിയയും മറ്റൊന്ന് സെനഗലും. നൈജീരിയ അര്‍ജന്റീന കളിക്കുന്ന ഗ്രൂപ്പിലായതിനാല്‍ അവരുടെ വീരേതിഹാസങ്ങളെ താലോലിക്കാനുള്ള മാനസികാവസ്ഥയിലല്ല. പ്രത്യേകിച്ചും മെസ്സിയും സംഘവും ആദ്യമത്സരം സമനില വഴങ്ങിയതിന്റെ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍. അതുകൊണ്ട് ഇക്കൊല്ലത്തെ എന്റെ ആഫ്രിക്കന്‍ ടീം സെനഗല്‍ തന്നെ.
കൊളംബിയജപ്പാന്‍ മത്സരം നല്‍കിയ ത്രില്ലിലായിരുന്നുവെങ്കിലും പോളണ്ട്ആഫ്രിക്ക മത്സരം ഒഴിഞ്ഞിരുന്ന് കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഒരു കണ്ണ് ജോലി ചെയ്യുന്ന ലാപ്‌ടോപ്പിനും മറ്റേത് കളി ലൈവ് സ്ട്രീം ചെയ്യുന്ന മൊബൈലിനും വിട്ടുകൊടുത്തായിരുന്നു കാഴ്ച. എങ്കിലും ഇരിപ്പിടത്തില്‍ ഉറച്ചിരിക്കാന്‍ അനുവദിക്കാത്ത വിധം ഉദ്വേഗഭരിതമായിരുന്നു കളി തുടക്കംമുതല്‍ക്കേ. ഉയരത്തിന്റെയും മികച്ച കളിക്കാരുടെയും ആനുകൂല്യമുള്ള പോളണ്ടുകാര്‍ക്കൊപ്പം തുടക്കം മുതലേ തെര്‍നാഗയിലെ സിംഹങ്ങള്‍ കട്ടക്കു കട്ട നില്‍ക്കുന്നുണ്ടായിരുന്നു. 442 ശൈലിയില്‍, മിഡ്ഫീല്‍ഡര്‍മാരായ സദിയോ മാനെയിലും ഇദ്രിസേ ഗ്വേയിലുമായിരുന്നു എന്റെ നോട്ടം. സ്‌െ്രെടക്കര്‍മാരായ മാമെ ദിയൂഫും എംബയെ നിയാങുമാണ് പക്ഷേ, പോളണ്ടിന് വരാനിരിക്കുന്ന സംഭവങ്ങളുടെ ആദ്യസൂചനകള്‍ നല്‍കിയത്. ഇടതുവിങില്‍ നിന്ന് നിയാങും മാനെയും ക്രോസുകള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും ഗോള്‍കീപ്പര്‍ ചെസ്‌നിയും പിച്ചെക്ക് അടക്കമുള്ള ഡിഫന്‍സും അവയെ നേരിട്ടു.
ലെവന്‍ഡോവ്‌സ്‌കി, ബ്ലാച്ചികോവ്‌സ്‌കി, പിച്ചെക്ക്, ചെസ്‌നി, മിലിക്, കാമില്‍ ഗ്രോസിക്കി തുടങ്ങിയ വന്‍താര നിര തന്നെയുണ്ടെങ്കിലും പിന്‍കാലിലൂന്നിയാണ് പോളണ്ട് തുടങ്ങിയത്. സെനഗല്‍ അതിന് അവരെ നിര്‍ബന്ധിക്കുകയായിരുന്നു എന്നതാണ് സത്യം. മാനെയുടെ നേരെ എതിര്‍ധ്രുവത്തില്‍ ഇസ്മാലിയ സാറും ശരവേഗത്തില്‍ ഓടിക്കയറുകയും മധ്യത്തിലേക്ക് പാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. പോളണ്ടിന്റെ താല്‍ക്കാലിക ഭാഗ്യത്തിന് ഗോള്‍ ഏരിയയില്‍ സെനഗല്‍ താളം കണ്ടെത്തിയില്ല. നിയാങിന്റെ ഒരു മികച്ച ത്രൂപാസ് വെറുതെയായിപ്പോകുന്നതും കണ്ടു.
അതിവേഗത്തിലുള്ള ആക്രമണങ്ങളായിരുന്നു പോളണ്ടിന്റെയും രീതി. ബ്ലാച്ചികോവ്‌സ്‌കിയും ലെവന്‍ഡോവ്‌സ്‌കിയുമാണ് ഭീഷണി സൃഷ്ടിച്ചത്. പക്ഷേ, കൂലിബാലിയും സാലിഫ് മാനെയും ശരിക്കും മതില്‍ കെട്ടുക തന്നെ ചെയ്തു. പോരാത്തതിന് കീപ്പര്‍ എന്‍ദിയായെയുടെ കിടിലന്‍ റിഫഌ്‌സും. ക്ലിയര്‍ കട്ട് ചാന്‍സുകള്‍ പിറന്നില്ലെങ്കിലും ആര്‍ക്കും വേണമെങ്കിലും ഗോളടിക്കാം എന്നതായിരുന്നു സ്ഥിതി.
സെനഗലിന്റെ ആദ്യഗോളില്‍ നിറയെ ഭാഗ്യമുണ്ടായിരുന്നെങ്കിലും അതവര്‍ അര്‍ഹിച്ചതു തന്നെയായിരുന്നു. ബോക്‌സിനു പുറത്തുവെച്ച് മാനെയുടെ പാസ് സ്വീകരിച്ച ഗ്വേ, മുമ്പിലുള്ള സ്വന്തം കളിക്കാരെ ഗൗനിക്കാതെയാണ് വലതുപോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. ചെസ്‌നി അതിനനുസരിച്ച് സ്വയം പൊസിഷന്‍ ചെയ്യുകയും ചെയ്തു. പക്ഷേ, വലിയൊരു ഡിഫഌനിലൂടെ പന്ത് വലയിലായി. മാനെക്ക് നല്‍കുന്നതിനായി പോളിഷ് താരത്തെ ശരീരം കൊണ്ട് തോല്‍പ്പിച്ച് നിയാങ് പന്ത് സ്വന്തമാക്കുന്നതായിരുന്നു ശരിക്കും ക്ലാസ് സീന്‍.
അപ്രതീക്ഷിത ഗോളില്‍ പോളണ്ട് ഉണര്‍ന്നെങ്കിലും ആഫ്രിക്കന്‍ നിര ജാഗരൂകരായിരുന്നു. എത്ര കണിശതയോടെയാണ് സെനഗല്‍ കീപ്പര്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഫ്രീകിക്ക് തട്ടിയകറ്റിയത്. പോളണ്ട് കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ ആറു പേരുമായി ബോക്‌സ് കവര്‍ ചെയ്യാന്‍ സെനഗല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാഗ്രതയില്‍ നിന്നുതന്നെയാണ് രണ്ടാം ഗോളും വന്നത്. എതിര്‍ഹാഫില്‍ നിന്ന സ്വന്തം ഗോളിക്ക് നല്‍കിയ പന്ത് പിടിച്ചെടുക്കാന്‍ നിയാങ് നടത്തിയ ആ റണ്ണിങും ചെസ്‌നിയെ തോല്‍പ്പിച്ചു കളഞ്ഞ ടച്ചും അപാരമായിരുന്നു. യഥാര്‍ത്ഥത്തില്‍, ഇന്നത്തെ അധ്വാനത്തിനുള്ള കൂലിയായി നിയാങിന് അര്‍ഹതപ്പെട്ടതായിരുന്നു ആ ഗോള്‍.
അവസാന നിമിഷം ക്രിചോവിയാക് ഗോള്‍ മടക്കിയപ്പോള്‍ കളി കീഴ്‌മേല്‍ മറിയുമോ എന്ന് തോന്നിച്ചെങ്കിലും പഴയ ആഫ്രിക്കയല്ല ഇത് എന്ന് വ്യക്തമായും പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഡിഫന്‍സാണ് സെനഗല്‍ പുറത്തെടുത്തത്. അതിനുമുമ്പ് പലതവണ പോളണ്ട് പന്തുമായി ബോക്‌സിലെത്തിയെങ്കിലും കൃത്യമായ മാര്‍ക്കിങ് അവര്‍ നടത്തിയിരുന്നു.
ഏതായാലും ഗ്രൂപ്പ് എച്ച് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. മികച്ചവരെന്ന് വിലയിരുത്തപ്പെട്ട രണ്ട് ടീമും തോറ്റു. അണ്ടര്‍ഡോഗ്‌സ് വിജയക്കൊടി പാറിക്കുകയും ചെയ്തു. കൊളംബിയയും സെനഗലുമാവും ഈ ഗ്രൂപ്പില്‍ നിന്ന് കയറുക എന്നാണ് എന്റെ പ്രവചനം. കൊളംബിയസെനഗല്‍ മത്സരം ഒരു ഒന്നൊന്നര മത്സരം തന്നെയായിരിക്കും.