അങ്ങനെ പിണറായി വിജയനുമായുള്ള ദീര്‍ഘനാളത്തെ അയ്യപ്പനും കോശിയും കളിക്കുശേഷം കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ ബിഹാറിലേക്ക് മാറ്റി. ബി.ജെ.പിക്കു വേണ്ടി ഇടക്കിടെ പിണറായി സര്‍ക്കാറുമായി പോരടിച്ചും താലോലിച്ചും മുന്നോട്ടു പോയ ഒരേ ഒരു ഗവര്‍ണര്‍ എന്ന് വേണമെങ്കില്‍ ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിക്കാം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും മോദി സര്‍ക്കാറില്‍ അത് പക്ഷേ പരസ്പര ബഹുമാനത്തില്‍ ഒതുങ്ങിത്തീരാറില്ലെന്നാതാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ വ്യക്തമാകുക.
ഇതിന്റെ ഒരു ചെറു പതിപ്പ് തന്നെയായിരുന്നു ആരിഫ് മുഹമ്മദ് ഖാനും. മോദിയുടെ ആളായതിനാല്‍ നേരിട്ട് എതിരിടുന്നതില്‍ പിണറായിക്കും സംഘത്തിനും വലിയ താല്‍പര്യമില്ലാത്തതിനാല്‍ കുട്ടിസഖാക്കളായ എസ്.എഫ്.ഐയെ ഉപയോഗിച്ചാണ് പ്രതിഷേധമൊക്കെ തയ്യാറാക്കിയിരുന്നത്. അതും തെരുവിലിറങ്ങിക്കൊണ്ട്. തനിക്ക് സര്‍ക്കാര്‍ സുരക്ഷനല്‍കുന്നില്ലെന്ന് രാഷ്ട്രപതിക്ക് കത്ത് നല്‍കി പരിഭവം പങ്കുവെച്ച ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ സര്‍ക്കാരിനെ പലപ്പോഴും ധര്‍മസങ്കടത്തിലാക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സഹായവുമായി എത്തി തന്റെ ഭക്തിയും പ്രകടമാക്കിയിട്ടുണ്ട്. കാര്‍ഷികസമരത്തിന്റെ കാര്യത്തിലും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും ഗവര്‍ണര്‍ കേന്ദ്ര ത്തിന്റെ വക്താവെന്നോണം പരസ്യമായി പ്രതികരിച്ചു കൊണ്ടായിരുന്നു രംഗത്തുണ്ടായിരുന്നത്. ഇതില്‍ രണ്ടിലും പ്രതിപക്ഷം സര്‍ക്കാരിനൊപ്പമായിരുന്നുവെന്നതാവാം ഗവര്‍ണറുടെ ഈ നിലപാടിന് കാരണമെന്നുവേണം മനസിലാക്കാന്‍.
ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം കൊ ണ്ടുവരണമെന്ന ആവശ്യംപോലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെന്നുവേണം കരുതാന്‍. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം, സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിശ്ചയിക്കല്‍, ഇതേത്തുടര്‍ന്നുണ്ടായ എസ്.എഫ്.ഐ പ്രതിഷേധം, ബില്ലുകള്‍ പിടിച്ചുവെക്കല്‍ ഇതൊക്കെ വന്നതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം പോര്‍മുഖ ത്തക്കിറങ്ങിയെന്ന പ്രതീതിയായിരുന്നു. എന്നാല്‍ പ്രതിപക്ഷം എപ്പോഴൊക്കെ സര്‍ക്കാറിനെതിരെ രംഗത്തു വരുന്നുവോ അപ്പോഴെല്ലാം നിര്‍ണായക സഹായവുമായി എത്തി പിണറായിയോടുള്ള തന്റെ ഭക്തിയും ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമായി കടുത്ത പോരാണെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഗവര്‍ണറുടേയും മുഖ്യന്റേയും നാളിതുവരെയുള്ള ചെയ്തികള്‍ നോക്കിയാല്‍ മനസിലാക്കുക. ഇരുവരും തമ്മില്‍ അയ്യപ്പനും കോശിയും കളിച്ച് ശരിക്കും വിഡ്ഢികളാക്കിയത് മലയാളികളേയാണ്. അതായത് ഇരുവരും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തര്‍ ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ബി.ജെ.പി നയം കേരളത്തില്‍ നടപ്പിലാക്കാനായാണ് ഗവര്‍ണറിലൂടെ കേന്ദ്രം ശ്രമിച്ചതെങ്കിലും പിണറായി സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം ബി.ജെ.പി കേരളം ഭരിക്കണമെന്നി ല്ലന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണ്.
അവര്‍ ആഗ്രഹിക്കുന്നതൊക്കെ യഥാ സമയത്ത് ഇവിടെ സര്‍ക്കാര്‍ തന്നെ നടപ്പിലാക്കുമെന്നതാണ് നാളിതുവരെ കണ്ടുവരുന്ന പ്രവണത. പിണറായി സര്‍ക്കാറിന്റെ ബില്ലുകള്‍ പിടിച്ചു വെച്ചതിന് സുപ്രീംകോടതിയില്‍ നിന്നും കണക്കിനു കിട്ടിയെങ്കിലും അതൊന്നും ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. ടിയാന്‍ ഉദ്ദേശിച്ചതൊക്കെ സുഖമായി നടന്നിട്ടുണ്ട്. കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് എത്രയോ കാലമായി ബി.ജെ.പിക്കാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഗവര്‍ണര്‍ വഴി നടന്നത്. സര്‍ക്കാരിന്റെ ശുപാര്‍ശപ്പട്ടിക പൂര്‍ണമായി തള്ളി
ക്കളഞ്ഞ്, കേരള സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 17 പ്രതിനിധികളെയാണ് നാമനിര്‍ദ്ദേശം ചെയ്തത്.
മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിച്ചായിരുന്നു നാമനിര്‍ദ്ദേശം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ സ്വന്തം നിലയിലാണ്. ആര്‍ക്കും എതിര്‍പ്പില്ല. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്ന് രണ്ടു പേരെ മാത്രമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അന്തര്‍ധാര സജീവമായതിനാല്‍ ഗവര്‍ണറെ സര്‍ക്കാറും സര്‍ക്കാറിനെ ഗവര്‍ണറും പഴിചാരി ജനത്തിന്റെ കണ്ണില്‍ മണ്ണിട്ട് നിയമനം ഭംഗിയായി നടക്കുകയും ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വി.സി ക്ക് പുനര്‍ നിയമനം നല്‍കാനായി മുഖ്യനും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വഴിവിട്ട നീക്കത്തിലൂടെ നാട്ടുകാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട ഗവര്‍ണര്‍ക്ക് ഇതൊക്കെ എന്ത്. കണ്ണൂര്‍ വിസിയായി ഗോ പിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സമ്മര്‍ദം ഉണ്ടായതെന്ന് പച്ചക്ക് പറഞ്ഞ ഗവര്‍ണര്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ലെന്നും അത് ധാര്‍മികതയുടെ പ്രശ്നമാണെന്നും പറഞ്ഞ് മുഖ്യനെ രക്ഷപ്പെടുത്താനും മറന്നിരുന്നില്ല. ഇവിടെയാണ് ഇവരുടെ അളിയന്‍ മച്ചമ്പി കളി മനസിലാവുക. വി.സി നിയമനത്തിനായി കത്തെഴുതിയ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയില്‍ നിന്നു സമ്മര്‍ദം ഉണ്ടായതിനാലാണ് നിയമവിരുദ്ധമാണെങ്കിലും പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവെച്ചതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഒരുവെടിക്ക് മൂന്നു പക്ഷി. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ രക്ഷപ്പെടുത്താന്‍ മുഖ്യനെ പഴിചാരി. മുഖ്യന്റെ സമ്മര്‍ദ്ദത്തിന് നിയമവിരുദ്ധമായിട്ടു പോലും താന്‍ കൂട്ടു നിന്നു എന്നു പറഞ്ഞതിലൂടെ മുഖ്യനൊപ്പം താനും ഇതിലുണ്ടെന്ന് സ്ഥാപിച്ച് ആരുടേയും രാജിവേണ്ട എല്ലാം പറഞ്ഞ് കോംപ്രമൈസ് ആക്കിയെന്ന് ഗവര്‍ണര്‍ തന്നെ വിളിച്ചു പറഞ്ഞു. ഇത്തരത്തില്‍ കോംപ്രമൈസുകളുടെ തോഴനായ ആരിഫ് മുഹമ്മദ് ഖാന്‍ പണ്ടും സി.പി.എമ്മുകാര്‍ കൊണ്ടു നടന്ന തുരുപ്പു ചീട്ടായിരുന്നു. ഇനി കളി അങ്ങു ബിഹാറിലാണ്.