Connect with us

kerala

നയവ്യതിയാനങ്ങൾ സിപിഎമ്മിന് പുതുമയല്ല: ടോൾരഹിത പാതയെന്ന പ്രഖ്യാപിത നിലപാടിൽ നിന്നും പിന്നോട്ട്, സർക്കാർ തീവെട്ടിക്കൊള്ളയ്ക്കോ?

പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ്.

Published

on

നയവ്യതിയാനം എന്ന വാക്ക് സി.പി.എമ്മിന്റെ നിഘണ്ടുവിലേ ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം കേരളത്തിലെ സിപിഎം നയവ്യതിയാനത്തിന്റെ അപ്പോസ്തലന്മാരായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ്.

ദേശീയപാതകളിലെ ഉള്‍പ്പെടെ ടോള്‍ പിരിവിനെതിരെ അതിശക്തമായി പ്രതികരിച്ചിരുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഇന്ന് അതെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വഴി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനമാണ് കൈക്കൊള്ളുന്നത് എന്നത് വിരോധാഭാസമാണ്. ടോള്‍രഹിത പാതയെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അതില്‍ നിന്നും പൂര്‍ണമായും പിന്നിലേക്ക് പോവുകയാണ് ഇപ്പോള്‍. മുന്‍പ് ടോള്‍ പിരിവിനെതിരെ സമരരംഗത്തിറങ്ങിയിരുന്ന ഇടത് യുവജനസംഘടനകളുടെ നിലപാട് എന്ത് എന്നതാണ് പ്രധാന ചോദ്യം.

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടനപത്രിക. പൊതു ഹൈവേകളില്‍നിന്ന് സ്വകാര്യ ഏജന്‍സികള്‍ ടോള്‍ ഉള്‍പ്പെടെ വരുമാനം പിരിച്ചെടുക്കുന്നത് അവസാനിപ്പിക്കുമെന്നുമായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ന് അതൊക്കെ മറന്ന മട്ടിലാണ് സിപിഎം.

ഇടതുസര്‍ക്കാര്‍ അഭിമാനപദ്ധതിയായി രൂപീകരിച്ച കിഫ്ബി ഇപ്പോള്‍ സര്‍ക്കാരിന് തന്നെ വലിയ തലവേദനയായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് കിഫ്ബിക്കും കെഎസ്എസ്പിഎല്ലിനും കൂടി 29,475.97 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കുമായി കരാറുകള്‍ പലതും നല്‍കിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു.

കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബിയുടെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന ഘട്ടത്തിലാണ് റോഡുകളില്‍നിന്ന് യൂസര്‍ ഫീ എന്ന നിലയില്‍ ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

പൊതുമരാമത്ത് വകുപ്പുമായി കിഫ്ബി നടത്തുന്ന 618 പദ്ധതികളില്‍ കൂടുതലും തീരദേശ, മലയോര പാതകളും പാലങ്ങളുമാണ്. ടോള്‍ പിരിവിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയാല്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാവും പാതയോരങ്ങള്‍ സാക്ഷിയാകുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി അത് വ്യക്തമാക്കുകയും ചെയ്തു.

kerala

വയനാട്ടില്‍ പുലി ആക്രമണം; ആടിനെ കടിച്ചു കൊന്നു

മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.

Published

on

വയനാട് ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് ഇയാളെ കരടി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ഹാജരായി

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്.

Published

on

ഐബി ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്തിന്റെ മാതാപിതാക്കള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എടപ്പാള്‍ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയില്‍ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസില്‍ ഇരുവരും പ്രതികള്‍ അല്ല.

ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. ഇന്ന് രാവിലെ 10 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഇരുവരും ഹാജരായത്.

അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കുന്ന സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവിലാണ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.

മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിനാലാണ് ആത്മഹത്യ ചെയ്‌തെന്നും ഐബി ഉദ്യോഗസ്ഥയുടെ
വീട്ടുകാര്‍ ആരോപിക്കുന്നു. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകള്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.

 

Continue Reading

kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.

 

 

Continue Reading

Trending