വല്ലാഞ്ചിറ മുഹമ്മദാലി
ഇന്ത്യാ ചരിത്രത്തില്‍ ഒരു ഭാഷക്ക് വേണ്ടി സമരം ചെയ്തു രക്തസാക്ഷിയാവേണ്ടി വരികയും, ഭരണകൂടം അവരുടെ തിരുമാനങ്ങളില്‍ നിന്നും പിന്‍വലിയേണ്ടി വരികയും ചെയ്ത ആദര്‍ശ സമര വീഥിയിയിലെ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട സമരമാണ് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കിയ ഭാഷാസമരം. ഭരണകൂട ഭീകരതയുടെ ഇരകളായി ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പൂത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനംകൂടിയാണ് റമസാന്‍ പതിനേഴ്.
1980 ല്‍ സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ സര്‍ക്കാര്‍ കരിനിയമങ്ങള്‍ കൊണ്ടു വന്നു. ഭരണഘടനാ ദത്തമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ഭാഷാ സ്‌നേഹികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. വ്യാപകമായി സംസ്ഥാനത്ത് കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യപ്പെട്ടു. 1980 ജൂലൈ 30 (റമസാന്‍ 17ന്) മലപ്പുറത്ത് സമരത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തിന് നെരെ പൊലിസ് നിറയൊഴിച്ചു. മൂന്ന് യുവാക്കള്‍ രക്തസാക്ഷികളായി, അവകാശ സംരക്ഷണ പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിക്കപ്പെട്ടു.
സമരം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു. സമരത്തില്‍ പങ്കെടുത്ത എന്നെ പോലെയുള്ള എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ജീവിത കാലം മുഴുവന്‍ ഹരിത പതാക നെഞ്ചിലേറ്റാനുള്ള ആവേശം പകര്‍ന്ന സമരമായിരുന്നു അന്ന് നടന്നത്. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് എനിക്ക് ഈ സമരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായത്. മുസ്ലിം ലീഗ് സമുദായത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടതുപക്ഷം കൊണ്ടുവന്ന അജണ്ടയുടെ ഭാഗമായിരുന്നു കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. അജണ്ട തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതൃത്വം സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുത്തു. 45 വര്‍ഷം മുമ്പ് നടന്ന ഈ സമര കാലഘട്ടത്തില്‍ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി പെട്ടെന്ന് സമരം നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ദീര്‍ഘകാലത്തെ രാഷ്ട്രീയപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഓരോ സമരങ്ങളും സംഘടിപ്പിച്ചിരുന്നത്.
മര്‍ഹും അഹമ്മദലി മദനിയുടെയും കുളത്തുര്‍ മുഹമ്മദ് മൗലവിയുടെയും നേത്യത്വത്തില്‍ കെ.എ.ടി.എഫ് ആയിരുന്നു സമരത്തിന് തുടക്കം കുറിച്ചത്. സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച് പ്രഖ്യാപിച്ചു ‘അറബി അധ്യാപകരെ നിങ്ങള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങി പോകുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു’. സി.എച്ചിന്റെ ആഹ്വാനം കേട്ടുകൊണ്ടാണ് പി.കെ.കെ ബാവയുടെയും കെ.പി.എ മജിദിന്റെയും നേത്യ ത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ഉള്‍പ്പെടെയുള്ള എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും 1080 ജൂലൈ 30ന് മാര്‍ച്ച് പ്രഖ്യാപിച്ചത്. റമസാന്‍ 17ന് ബദര്‍ ദിനത്തില്‍ വ്രതം അനുഷ്ടിച്ചുകൊണ്ടാണ് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി. രായിന്‍, പി.ഖാലിദ് മാസ്റ്റര്‍, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.മുഹമ്മദ് മദനി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് യുവാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ആസൂത്രണം ചെയ്ത നായനാര്‍ സര്‍ക്കാര്‍ മലപ്പുറത്ത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന വാസുദേവന്‍ മേനോനെ ഇറക്കി സമരക്കാര്‍ക്കു നേരെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ചു. സമാധാനപരമായി നടന്ന സമരം വെടി വെപ്പില്‍ കലാശിച്ചപ്പോള്‍ മജീദിന്റെയും കുഞ്ഞിപ്പയുടെയും അബ്ദുറഹ്‌മാന്റെയും ജിവനുകളാണ് സമരത്തില്‍ സമര്‍പ്പിക്കേണ്ടി വന്നത്. നൂറ് കണക്കിന് ചെറുപ്പക്കാര്‍ വെടിയേറ്റ് ജീവച്ചവങ്ങളായി കഴിയേണ്ട സാഹചര്യമുണ്ടായി. നാലര പതിറ്റാണ്ടു പിന്നിടുമ്പോഴും ഇന്നും വെടിയുണ്ട ശരീരത്തില്‍ പേറി ജീവിക്കുന്നവരുണ്ട്.
മലപ്പുറത്ത് നടന്ന ഈ സമരത്തില്‍ സംഭവിച്ച പല കാര്യങ്ങളും പൊതുപ്രവര്‍ത്തകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ളതായിരുന്നു. മുന്നറിയിപ്പ് നല്‍കാതെ ടിയര്‍ ഗ്യാസ് പൊട്ടിച്ചും വെടിവെച്ചും നടത്തിയ പൊലീസ് അതിക്രമം ഭീതിതമായ അന്തരീക്ഷം മലപ്പുറത്ത് ഉണ്ടാക്കി. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളെയാണ് വെടിവെപ്പില്‍ പരിക്കുമായി എത്തിച്ചത്. മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കപ്പെ ട്ടതോടെ സമരത്തിന്റെ ഭാവം മാറി. സമരത്തില്‍ പങ്കെടുത്ത യുവാക്കളുടെ സമരവീര്യം എല്ലാവരിലും പ്രകടമായിരുന്നു. മൂന്ന് പേരുടെ രക്തസാക്ഷിത്വം മഞ്ചേരിയില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല. പരിക്കേറ്റ് ഒരാള്‍ മഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി വീണ്ടും സമര രംഗത്തേക്ക് പോവുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. എല്ലാ പൊലീസുകാര്‍ക്കും സുഹൃത്തും വഴികാട്ടി യുമായിരുന്ന പാലായി അബൂബക്കര്‍ ആകുട്ടത്തിലുണ്ടായിരുന്നു. അന്നത്തെ എം.എ സ്.എഫ് നേതാവായിരുന്ന ഇബ്രാഹിം മുഹമ്മദിന്റെ അനൗണ്‍സ്‌മെന്റ് അരീക്കോട് പി.വി മുഹമ്മദിന്റെ മുദ്രാവാക്യം വിളികളും സമരത്തിന് ആവേശം പകര്‍ന്ന കാര്യങ്ങളായിരുന്നു. പി.വി മുഹമ്മദ് അന്ന് വിളിച്ചു കൊടുത്ത മുദ്രാവാക്യങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ‘അറബി നാട്ടില്‍ പണി വേണം, അറബി നാട്ടിലെ പണം വേണം, അറബി ഭാഷ പഠിക്കാന്‍ മാത്രം കേരളം നാട്ടില്‍ ഇടമില്ല.. മറുപടി പറയൂ സര്‍ക്കാറേ…
ഭാഷാസമരത്തില്‍ മഞ്ചേരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലും പ്രത്യേകം പറയേണ്ടതുണ്ട്. ഇസ്ഹാക്ക് കുരിക്കള്‍, അഡ്വ.യു.എ ലത്തിഫ്, അഡ്വ.ഹസന്‍ മഹമൂദ് കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഞ്ചേരിക്കാര്‍ സമരത്തില്‍ അണിനിരന്നത്. മഹ്‌മൂദ് കുരുക്കളുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ ലീഗ് പ്രവര്‍ത്തകര്‍ സമര സ്ഥലത്തുനിന്നും കാല്‍നടയായി മടങ്ങിയെത്തിയാണ് മഞ്ചേരിയിലെ ആശു പത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
മുസ്ലിം ലിഗിന്റെ സംഘടനാ രംഗത്ത് ഭാഷാ സമരം വരുത്തിയ ഐക്യവും ആവേശവും വിവരണാതീതമാണ്. അന്ന്‌വരെ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പില്ലാതെ അനുഭാവികള്‍ മാത്രമായിരുന്ന പലരും സമരവേശത്താല്‍ പൂര്‍ണ ലീഗുകാരായി മാറി. സംഘടനക്ക് വേണ്ടി സമര്‍പ്പിത യൗവനങ്ങളായിരുന്നു ഓരോ യൂത്ത് ലീഗ്കാരന്റെയും ജീവിതം. ഭാഷാ സമരത്തെ തുടര്‍ന്ന് ആത്മാര്‍ഥതയും, പരസ്പര സ്‌നേഹവും, ആദരവുക ളും വര്‍ധിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എന്ന കേരളത്തിലെ രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നത് ഭാഷാ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു. മുസ്ലിംലീഗിന്റെ പ്രവര്‍ത്തന ശൈലിയില്‍ തന്നെ ഏറെ മാറ്റത്തിനു തുടക്കം കുറിക്കുവാന്‍ ഭാഷാ സമരത്തിന് കഴിഞ്ഞു.
സമരത്തിന് ശേഷം നിയമസഭയെ കുലുക്കിയ സി.എച്ചിന്റെയും സിതി ഹാജിയുടെയും പ്രസംഗങ്ങള്‍ കാതുകളില്‍ തങ്ങിനില്‍ക്കുന്നു. ‘മലപ്പുറത്തുനിന്ന് കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം ഉയരുന്നു ‘ എന്ന് സി.എച്ചിന്റെ വാക്കുകളും ഭരണകൂടത്തെ വിറപ്പിക്കുന്ന ഹാജിയുടെ പ്രസംഗങ്ങളും ഓരോ മുസ്ലിം ലീഗുകാരെന്റെയും ആത്മാഭിമാനത്തെ ഉയര്‍ത്തുന്നവയായിരുന്നു.