Connect with us

kerala

ധ്രുവീകരണ ശ്രമങ്ങള്‍ മുളയിലേ നുള്ളണം

പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്.

Published

on

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാരെ അംഗങ്ങളായി ചേര്‍ത്ത് വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നതെങ്കിലും അംഗങ്ങളായി ചേര്‍ക്കപ്പെട്ട പലരും വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഡിലീറ്റ് ചെയ്യുകയായിരുന്നവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്. ഗോപാലകൃഷ്ണണന്‍ അവകാശപ്പെടുന്നതുപോലെ ഗ്രൂപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ പോലും നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അദ്ദേഹം അറിയാതെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ചേര്‍ത്തുണ്ടാക്കപ്പെടതാണെങ്കില്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഒരേ സമുദായത്തില്‍പ്പെട്ടതായി മാറിയതും ഇത്തരത്തിലൊരു പേരു തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെയെന്ന് അന്വേഷിച്ചുകണ്ടെത്തപ്പെടേണ്ടതുണ്ട്. മുന്‍ തിരുവനന്തപുരം കലക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ദുരൂഹമായ രീതിയിലുണ്ടായ നടപടിയും ഇപ്പോഴത്തെ സംഭവത്തെ സാങ്കേതികതയുടെ പേരില്‍ എഴുതിത്തള്ളുന്നതിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. സംസ്ഥാനം പ്രളയത്തിന്റെ മഹാകെടുതികള്‍ അനുഭവിക്കുമ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ അവശ്യ സാ ധനങ്ങള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്ന വീഡിയോ ഇറക്കിയ ശേഷം അവധിയില്‍ പോകുകയായിരുന്നു ഗോപാലകൃഷ്ണന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര് അവധിയൊഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവധിയില്‍ പോക്ക്.

സിവില്‍ സര്‍വീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സര്‍ക്കാറുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നത് അവരിലൂടെയാണ്. മാത്രവുമല്ല ജനോപകാരപ്രദമായ പല പദ്ധതികളും രൂപപ്പെടുത്തിയെടുക്കുന്നതിലും അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വകുപ്പുകളും വകുപ്പ് മന്ത്രിമാരുമെല്ലാം പേരെടുക്കുന്നത് പ്രസ്തുതവകുപ്പിലെ ഉന്നത ഉദ്യോഗസ്തരുടെ മിടുക്ക് കൊണ്ടാണെന്നതും വസ്തുതയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മതത്തിന്റെയും ജാതിയുടെയുമെല്ലാം പേരില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ധ്രുവീകരണ ചിന്തകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഒരു വിധത്തിലുള്ള വിവേചനങ്ങള്‍ക്കും സിവില്‍ സര്‍വീസുകാര്‍ അടിമപ്പെടരുതെന്ന നിര്‍ബന്ധമുളളതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കക്ഷിരാഷ് ട്രീയത്തിലുള്ള പങ്കാളിത്തം നിരോധിക്കപ്പെട്ടത്. രാജ്യത്തെ ഏതൊരു പൗരനുമുള്ളതുപോലെ ഇഷ്ടപ്പട്ട മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉദ്യോഗസ്ഥ വൃന്ദത്തിനുമുണ്ടെങ്കിലും സിവില്‍ സര്‍വീസിനെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ ന്നും ഹേതുവാക്കിമാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളുമാണ് അവര്‍ക്ക് മാര്‍ഗദര്‍ശിയാകേണ്ടത്. എന്നാല്‍ മഹത്തായ ഈ സങ്കല്‍പങ്ങളുടെയെല്ലാം മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പു റത്തുവന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൗര്‍ഭാഗ്യകരമാ യ ഇത്തരം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവരാറുണ്ടെങ്കിലും അതിനെയെല്ലാം കോട്ടകെട്ടി കാത്ത പാരമ്പ ര്യമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. തങ്ങളുടെ വിധേയത്വവും വിരോധവുമെല്ലാം മടിയും മറയുമില്ലാതെ തുറന്നുപ്രകടിപ്പിക്കുന്നതും അവരുടെ പ്രതിജ്ഞക്ക് കടക വിരുദ്ധമായി വിവിധ വിഭാഗങ്ങളോട് മമതയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നതുമെല്ലാം ഉത്തരേന്ത്യയില്‍ സര്‍ വസാധാരണമാണെങ്കില്‍ ഇപ്പോള്‍ കേരളവും അതേവഴിക്കു സഞ്ചരിക്കാന്‍ തുടങ്ങിയോ എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ആര്‍.എസ്.എസ് മേധാവിയുമായി ചര്‍ച്ച നടത്തിയെതും തൃശൂര്‍ പുരം കല ക്കുന്നതിന് ഇതേ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുമെല്ലാം ഈ ആശങ്കകള്‍ക്ക് ബലം നല്‍കുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ഇത്തരം ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് കിണഞ്ഞു ശ്രമിക്കുന്ന ഈ അഭിശപ്തമായ കാലത്ത് അതിനെയെല്ലാം തിരിച്ചറിഞ്ഞ് തടയിടേണ്ട ഭരണകൂടവും ഇതേ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരുയാഥാര്‍ത്ഥ്യമാണ്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയെ നിസാരവല്‍ക്കരിക്കുകയും, ആര്‍.എസി.എസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്ത് പൂരംകലക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് വാദിക്കുകയും, കൊടകര കുഴല്‍പണകേസില്‍ ബി.ജെ.പി നേതൃത്വത്തെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി യെടുത്തതുമെല്ലാം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എൽ.എ; ആളപായമില്ലെന്ന് അധികൃതർ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്.

പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററിൽ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവിൽ മൃതദേഹമുള്ളത്. മൃതദേഹം നേരിൽ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു.

അതേസമയം, അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് മൂന്നു പേർ മരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്പോൾ ഈ മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ അപകടത്തിൽ ആളപായമില്ലെന്നും പ്രിൻസിപ്പിൽ ഡോ. സജിത് കുമാർ വ്യക്തമാക്കി.

അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയൽ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി – 2, കോഓപറേറ്റീവ് ആശുപത്രി – 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.

അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താൽകാലികമായി ഉപയോഗിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. രോഗികളെ മെയ്ൻ ബ്ലോക്കിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കൽ ബ്ലോക്ക്, ഐ.സി.യു എന്നിവിടങ്ങളിലേക്ക് മാറ്റും. ബീച്ച് ആശുപത്രിയിലും സൗകര്യമുണ്ടാകും. പ്രത്യേക മെഡിക്കൽ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും. ശസ്ത്രക്രിയകൾക്കായി പ്രധാന കെട്ടിടത്തിലെ ഓപറേഷൻ തീയറ്ററുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.

അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ ഒഴിപ്പിക്കാനായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

യു.പി.എസിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.

 

Continue Reading

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

Trending