Connect with us

Video Stories

വിടവാങ്ങിയത് പേര്‍ഷ്യന്‍ സൗന്ദര്യം മലയാളക്കരക്കു പകര്‍ന്ന എഴുത്തുകാരന്‍

Published

on

 

പി.സി ജലീല്‍
പേര്‍ഷ്യന്‍ നാടുകളിലെ ദാര്‍ശനികമികവും കാവ്യസുഭഗതയുമുള്ള കഥകള്‍ മലയാളനാടിന് സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ പോക്കര്‍ കടലുണ്ടി. കോഴിക്കോട്ട് മാപ്പിള പത്രപ്രവര്‍ത്തനത്തിന്റെ ഒരു സുവര്‍ണ കാലഘട്ടത്തില്‍ പ്രമുഖരായ ഒരു പിടി എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന പോക്കര്‍ കടലുണ്ടി പുതുതലമുറക്ക് വഴികാട്ടിയ ഒരു പിടി രചനകള്‍ കൊണ്ടു മാപ്പിള സാഹിത്യത്തെ സമ്പന്നമാക്കുകയുണ്ടായി.
വിശ്വപ്രശസ്തനായ പേര്‍ഷ്യന്‍കവി സഅ്ദി ശീറാസിയുടെ രചനകളാണ് പോക്കര്‍ കടലുണ്ടി എന്ന പേരിനൊപ്പം മലയാളക്കരക്ക് ഓര്‍ക്കാനുണ്ടാവുക. ശീറാസിലെ പൂങ്കുയില്‍ എന്ന തലക്കെട്ട്്് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്ക് അവരുടെ ചെറുപ്പകാലങ്ങളില്‍ ഹൃദയങ്ങളില്‍ പതിഞ്ഞ ഒന്നായിരുന്നു. പോക്കര്‍ കടലുണ്ടി എന്ന എഴുത്തുകാരനിലൂടെ മലയാള വായനാസമൂഹത്തിന് സഅ്ദിയും പേര്‍ഷ്യന്‍ സാഹിത്യങ്ങളും പ്രിയങ്കര ഇനമായി മാറി. സൂഫിസാഹിത്യത്തിന്റെ വൈശിഷ്ട്യം കൊണ്ടു ഹൃദയങ്ങളെ സമ്പുഷ്ടമാക്കിയ സഅ്്ദിയുടെ ഗുലിസ്താന്‍ കഥകളും ബോസ്താന്‍ കഥകളും പോക്കര്‍ കടലുണ്ടി നമുക്കു സമ്മാനിച്ചു. ഗുലിസ്താനും ബോസ്താനും പേര്‍ഷ്യന്‍ ഭാഷ പഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കൃതികളായിരുന്നു. കഥകളും മനോഹരമായ കവിതകളും കൊണ്ടു സമ്പന്നമായ ഈ കൃതിയില്‍ അവരുടെ ചാരുത ചോരാതെ മലയാളക്കരക്ക് സമ്മാനിക്കാന്‍ പോക്കര്‍ കടലുണ്ടി അത്യധ്വാനം ചെയ്തിട്ടുണ്ടാവണം.
റുബാഇയ്യാത്തും ഷാഹ്‌നാമയും മസ്‌നവിയും മന്‍ത്വിഖുത്വയ്‌റും ഖുസ്‌റു വ ഷീരിനും ആസ്വദിക്കാന്‍ മലയാളിയെ പോക്കര്‍ കടലുണ്ടി വിളിച്ചു. ഫിര്‍ദൗസിയും ഹാഫിസും അമീര്‍ ഖുസ്രുവും അല്ലാമാ ഇഖ്ബാലും ഉമര്‍ ഖയ്യാമും ഫരീദുദ്ദീന്‍ അത്വാറും ജലാലുദ്ദീന്‍ റൂമിയും അന്‍വരിയും മൗലാനാ ജാമിയുമൊക്കെ സുഗന്ധം പടര്‍ത്തിയ മണ്ണ് അങ്ങനെ മലയാളിടേതുമായി. ലോക പ്രശസ്തരായ പതിമൂന്ന് മഹാകവികളെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയ ‘പേര്‍ഷ്യന്‍ മഹാകവികള്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി.ഒട്ടനവധി പേര്‍ഷ്യന്‍ കവികളെ ഈ കൃതി പരാമര്‍ശിക്കുന്നുണ്ട്.
മലയാളത്തില്‍ ആദ്യമായി ഇസ്്‌ലാമികലോകത്തിന്റെ സര്‍വ്വതലങ്ങളും സ്പര്‍ശിക്കുന്ന ഒരു വിജ്ഞാനകോശം പുറത്തിറങ്ങുമ്പോള്‍ അതിന്റെ തലപ്പത്ത് പോക്കര്‍ സാഹിബുണ്ടായിരുന്നു. എക്‌സിക്യുട്ടീവ് എഡിറ്ററായാണ് അദ്ദേഹം ഈ സംരംഭത്തില്‍ തന്റെ കയ്യൊപ്പുചാര്‍ത്തി രചനകള്‍ കൊണ്ടു സമ്പന്നമാക്കിയത്്. പിന്നീട്, ഐപിഎച്ചിന്റെ ബൃഹത്തായ വിജ്ഞാനകോശം പുറത്തിറങ്ങിയപ്പോഴും അതില്‍ പോക്കര്‍ കടലുണ്ടിയുടെ നിറസാന്നിധ്യമുണ്ടായി.
1962 മുതല്‍ 1967 വരെ മധുരയിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡിമിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജിയില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന് തമിഴും നന്നായി വഴങ്ങുമായിരുന്നു. തമിഴിലെ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ തോപ്പില്‍ മുഹമ്മദ് മീരാന്റെ കഥകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. മലയാളം നന്നായറിയുന്ന മീരാന്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനശൈലിയെ പ്രശംസിക്കാറുണ്ടായിരുന്നു. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും കരസ്ഥമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷനില്‍ പ്രത്യേക പഠനം നടത്തിയ പോക്കര്‍ സാമൂഹ്യസേവന മേഖലയിലും സാന്നിധ്യമായി. വള്ളിക്കുന്ന് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലും അദ്ദേഹം തന്റെ ഭാഗധേയം രേഖപ്പെടുത്തുകയുണ്ടായി. ചന്ദ്രിക, സിറാജ്, മാധ്യമം പത്രങ്ങളുടെയും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും സഹപത്രാധിപന്‍, ലീഗ് ടൈംസ് ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തും വേറിട്ട ശൈലി കൊണ്ട് ഒരുപാട് പേര്‍ക്ക് ഗുരുസ്ഥാനീയനായി.
മുഹമ്മദ് നബിയെ കുറിച്ച് പ്രൊഫ. സയ്യിദ് ഇബ്‌റാഹിം തമിഴില്‍ രചിച്ച പ്രവാചക ചരിത്ര കൃതിയുടെ മലയാളം പരിഭാഷ, അല്ലാഹുവിന്റെ വാള്‍, അടിയാരുടെ പ്രവാചക പത്‌നിമാര്‍, കൊടിക്കാല്‍ ചെല്ലപ്പയുടെ പുറപ്പെട്, നീയും ഇസ്‌ലാത്തൈ നോക്കി എന്ന തമിഴ് കൃതിയുടെ വിവര്‍ത്തനം, സൂഫീ കഥകള്‍, ജലാലുദ്ദീന്‍ റൂമി, അറിവിന്റെ കവാടം എന്നിവയടക്കം 14ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം ആനങ്ങാടിയില്‍ ഇന്തോനേഷ്യയില്‍ നിന്നു ബഹ്‌റില്‍ മുസ്വല്ല വിരിച്ചു കേരളത്തിലെത്തിയെന്നു ചരിത്രം പറയുന്ന സൂഫിവര്യനായ സയ്യിദ് ബാഹസന്‍ മുഹമ്മദ് ജമലുല്ലൈലി തങ്ങളുടെ ചാരത്ത്് താമസിച്ചിരുന്ന അദ്ദേഹത്തെ സൂഫിചിന്താധാരകള്‍ ശക്തമായി സ്വാധീനിച്ചിരുന്നു. അവസാനകാലങ്ങളില്‍ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോള്‍ അറബി മലയാളത്തിലെ ആദ്യരചനയായ മുഹ്‌യിദ്ദീന്‍മാലയില്‍ ആവിഷ്‌കരിക്കപ്പെട്ട ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) യുടെ ജീവിതം ആസ്പദമാക്കി ഒരു നോവല്‍ രചന നടത്തി വരുന്ന കാര്യം വളരെ ആവേശത്തോടെ സംസാരിച്ചിരുന്നു. പോക്കര്‍ സാഹിബിന്റെ വേര്‍പാടോടെ മാപ്പിളസാഹിത്യത്തെ സമ്പുഷ്ടമാക്കിയ ഒരു പ്രധാന എഴുത്തുകാരന്‍ കൂടി നമ്മെ പിരിയുകയാണ്. പുതുതലമുറക്കും മലയാളത്തിലെ മാധ്യമങ്ങള്‍ക്കും നിരവധി കാര്യങ്ങളില്‍ ആശ്രയമായിരുന്ന ഒരു ‘വിശ്വവിജ്ഞാനകോശക്കാരന്‍’ നഷ്ടപ്പെട്ടിരിക്കുന്നു.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending