ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയം നാലാം ദിനവും കരക്കടുത്തില്ല. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ ഇനിയും നിലപാട് വ്യക്തമാക്കാത്തതാണ് അനിശ്ചിതത്വം തുടരാന്‍ കാരണം. ഇതിനിടെ നേതാക്കളുടെ കൂടുമാറ്റം ശശികല ക്യാമ്പിന്റെ കാല്‍ചുവട്ടിലെ മണ്ണിളക്കിത്തുടങ്ങി. പ്രമുഖരായ അര ഡസനോളം നേതാക്കളാണ് ഇന്നലെ ഒ പന്നീര്‍ശെല്‍വം ക്യാമ്പിലെത്തിയത്.
ഇതില്‍ വിദ്യാഭ്യാസ, കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി മാ ഫോയ് പാണ്ഡിരാജന്‍, എ.ഐ.എ. ഡി.എം.കെ വക്താവ് സി പൊന്നയ്യന്‍ എന്നിവരുടെ നിലപാട് മാറ്റം ശശികല ക്യാമ്പിന് വലിയ തിരിച്ചടിയായി. മൈലാപൂര്‍ എം.എല്‍എ നടരാജന്‍, എം.പിമാരായ അശോക് കുമാര്‍, പി.ആര്‍ സുന്ദരം എന്നിവരും ഇന്നലെ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. രാത്രിയോടെ തിരുപ്പൂര്‍ എം.പി സത്യഭാമയും ഒ.പി.എസ് ക്യാമ്പില്‍ ചേക്കേറി.
130 എം.എല്‍.എമാരും പന്നീര്‍ശെല്‍വത്തിനെ പിന്തുണക്കുമെന്നും എം.എല്‍.എമാരെ നിയമവിരുദ്ധമായാണ് റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പാണ്ഡിരാജന്‍ ആരോപിച്ചു. പന്നീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ അവരെ അനുഗമിച്ചിരുന്ന നേതാവാണ് പാണ്ഡിരാജന്‍. കൂടുതല്‍ നേതാക്കള്‍ ഒ.പി.എസ് ക്യാമ്പിലേക്ക് നീങ്ങുന്നത് ശശികല വിഭാഗത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നീട്ടിക്കൊണ്ടു പോകുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ പരുഷമായ ഭാഷയില്‍ ശശികല രംഗത്തെത്തി.
പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സര്‍ക്കാര്‍ രൂപീകരണം ഇനിയും വൈകിയാല്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നോക്കേണ്ടി വരുമെന്ന് ശശികല ഭീഷണി മുഴക്കിയത്. സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ശശികല കത്തയക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് തന്നെ പിന്തുണക്കുന്ന എം.എല്‍. എമാരുടെ പട്ടിക സഹിതം അവകാശം ഉന്നയിക്കുന്നതെന്നും ശശികല കത്തില്‍ പറയുന്നു. ഇതിനു പിന്നാലെ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ ശശികല ഇവിടെ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍. എമാരുമായി കൂടിക്കാഴ്ച നടത്തി.
128 എം.എല്‍.എമാരാണ് റിസോര്‍ട്ടില്‍ കഴിയുന്നതെന്നാണ് വിവരം. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ശശികല പിന്‍വാങ്ങാന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. പകരം മുതിര്‍ന്ന നേതാക്കളും വിശ്വസ്തരുമായ എടപ്പാടി പളനി സ്വാമിയേയോ കെ.എ സെങ്കോട്ടയ്യനേയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. എന്നാല്‍ ഇത്തരമൊരു ആലോചനയില്ലെന്ന വിശദീകരണവുമായി ശശികല ക്യാമ്പ് രംഗത്തെത്തി. ശശികല തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അവര്‍ പറഞ്ഞു.
എം.എല്‍.എമാരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കാലത്തുമുതല്‍ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിനു മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡി.എം.കെ ആണ് പ്രതിഷേധത്തിനു പിന്നിലെന്നാണ് അണ്ണാ ഡി.എം.കെ ആരോപണം. പന്നീര്‍ശെല്‍വത്തിന്റെ പടനീക്കത്തിനു പിന്നില്‍ ഡി.എം.കെ ആണെന്ന ആരോപണവുമായി മുന്‍ കൃഷി മന്ത്രി കൂടിയായ എസ്.എസ് കൃഷ്ണമൂര്‍ത്തിയും രംഗത്തെത്തി.
പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരോപണങ്ങള്‍ ഡി.എം.കെ ആവര്‍ത്തിച്ചു തള്ളി. എ.ഐഎ.ഡി.എം.കെയുടെ അഭിഭാഷക സംഘടന പൂര്‍ണമായി പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതായി രാജ്യസഭാംഗം കൂടിയായ മനോജ് പാണ്ഡ്യന്‍ അവകാശപ്പെട്ടു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ദളിത് മുഖവുമായ പേരാവായ് ഇമ്മാനുവല്‍ ശേഖരന്‍ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു.