X

പി.എന്‍.ബി തട്ടിപ്പ് : സി.ബി.ഐയെ വെല്ലുവിളിച്ച് നീരവ് മോദി

ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണത്തോട് യോജിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ബി.ഐ മുമ്പാകെ ഹാജരാകണമെന്ന് നീരവ് മോദിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സമന്‍സ് മോദിക്ക് ഇമെയില്‍ വഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിദേശത്ത് ബിസിനസുകളുള്ളതിനാല്‍ സി.ബി.ഐ സംഘത്തിനു മുന്നില്‍ ഹാജരാവാനാവില്ലെന്നാണ് നീരവ് മോദി അറിയിച്ചിരിക്കുന്നത്.

ഏതു രാജ്യത്താണെങ്കിലും അവിടുത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടണമെന്നും സിബി.ഐ നീരവ് മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അദ്ദേഹം നിരാകരിക്കുകയാണ് ചെയ്തത്. അതേ സമയം നീരവ് നടത്തിയ ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. നീരവ് മോദിയ്ക്കും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയ്ക്കും വായ്പകള്‍ നല്‍കിയ മറ്റു 16 ബാങ്കുകളില്‍നിന്നു കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ 12,363 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് ഇപ്പോള്‍ സിബിഐയും ഇഡിയും അന്വേഷിക്കുന്നത്. വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകള്‍ ഈടായി സ്വീകരിച്ചാണ് കോടികള്‍ നല്‍കിയിട്ടുള്ളതെന്നും വായ്പയെടുത്ത സ്ഥാപനങ്ങളില്‍ മിക്കവയും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സമീപവര്‍ഷങ്ങളില്‍ മറ്റു ബാങ്കുകള്‍ നല്‍കിയ വായ്പകള്‍, അതിനു നല്‍കിയ ഈട്, ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് കേന്ദ്ര ഏജന്‍സി ശേഖരിക്കുന്നത്. മറ്റു ബാങ്കുകള്‍ 5000-10,000 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിട്ടുണ്ടാകുമെന്നാണു സൂചന. ഇതില്‍ പലതും കിട്ടാക്കടങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. 2017 മാര്‍ച്ച് 31 വരെ മെഹുല്‍ ചോക്‌സിയും കമ്പനികളും ചേര്‍ന്നു 3000 കോടിയുടെ 37 ബാങ്ക് വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണു വിവരം. 17 ബാങ്കുകള്‍ മോദിയുടെ സ്ഥാപനങ്ങള്‍ക്കു 3000 കോടിയുടെ കടം വേറെയും നല്‍കി. ഇതില്‍ സെന്‍ട്രല്‍ ബാങ്ക് (194 കോടി), ദേനാ ബാങ്ക് (153.25 കോടി), വിജയ ബാങ്ക് (150.15 കോടി), ബാങ്ക് ഓഫ് ഇന്ത്യ (127 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (125 കോടി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (120 കോടി), യുബിഐ (110 കോടി), ഐഡിബിഐ ബാങ്ക്, അലഹാബാദ് ബാങ്ക് (110 കോടി വീതം) എന്നിവ ഉള്‍പ്പെടുന്നു.

chandrika: