മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്ത് യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന വിചിത്രവാദവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ അപേക്ഷയിലാണ് ഈ മറുപടി. ചുമതലയേറ്റതുമുതല്‍ രാജ്യത്തിനകത്തും പുറത്തുമായി പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടാണ് വിവരാവകാശം നല്‍കിയത്. രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്‍ വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്‍ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും പി.എം.ഒ മറുപടി നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നടത്തുന്ന യാത്രകളുടെ ചെലവ് സംബന്ധിച്ചും പി.എം.ഒ വിശദാംശങ്ങള്‍ നല്‍കിയില്ല. പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ സംബന്ധിച്ച് യാതൊരു രേഖകളും പി.എം.ഒ ഔദ്യോഗിക വെബ്‌സൈറ്റിലില്ലെന്ന് അനില്‍ ഗല്‍ഗലി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, കര്‍ണാടക, യു.പി, മധ്യപ്രദേശ്. ബിഹാര്‍, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മു കശ്മീര്‍, അസം, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മോദി യാത്ര ചെയ്തിരുന്നു. ഈ യാത്രകളുടെ ചെലവ് വഹിച്ചത് കേന്ദ്ര സര്‍ക്കാറാണോ ബി.ജെ.പിയാണോ എന്നതിന് വ്യക്തതയില്ല. വിദേശ യാത്രകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും പി.എം.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടെന്ന മറുപടിയാണ് നല്‍കിയത്.