ഫാറൂഖ് കോളേജിൽ ലിംഗസമത്വം ഉറപ്പുവരുത്താനായി മാറുതുറക്കൽ സമരം വരെ എത്തിനിൽക്കുന്ന കോലാഹലങ്ങൾ തുടരുമ്പോഴാണ് കണ്ണൂരിലെ ധർമശാലക്കടുത്തുള്ള സി.പി.എം പാർട്ടി ഗ്രാമത്തിലെ നിഫ്റ്റ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി) വിദ്യാർഥിനികൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്ന വാർത്ത പുറത്തുവരുന്നത്.
ഏഴു മണിക്കു ശേഷം പുറത്തിറങ്ങിയാൽ രാത്രിക്ക് വിലപറയുന്നവർ പിന്നാലെ കൂടുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫാഷൻ ടെക്‌നോളജി പഠിക്കാൻ വന്നവർക്ക് ഫാഷൻ വസ്ത്രം ധരിക്കാൻ പാടില്ലാത്ത, പെൺകുട്ടികൾക്കെതിരെ ശാരീരിക അതിക്രമങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിഫ്റ്റിലെ കുട്ടികൾ ഇപ്പോൾ സമരത്തിലാണ്.
പാർട്ടി ഗുണ്ടകളായ സദാചാര പോലീസുകാരെ ഭയന്നു കഴിയുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ പോലീസ് പോലും തയ്യാറാകുന്നില്ല എന്നതാണ് അവിടെനിന്ന് ലഭിക്കുന്ന വിവരം.
ഈ സ്ഥാപനത്തിലെ പെൺകുട്ടികളെ ലക്ഷ്യമിടുന്ന ലൈംഗിക രോഗികളെ നിലക്കു നിർത്താൻ കഴിയാത്ത എസ്.എഫ്.ഐക്കാരാണ് ഒരു മതപ്രസംഗത്തിന്റെ പേരു പറഞ്ഞ് ഫാറൂഖ് കോളേജിലേക്ക് മാർച്ച് നടത്തുന്നത് എന്ന വിരോധാഭാസം കേരള ജനത തിരിച്ചറിയണം. യൂണിയൻ പ്രവർത്തനം പാടില്ലെങ്കിലും എവിടെയും രക്ഷയില്ലാതായപ്പോഴാണ് ‘ഞങ്ങൾ വിൽപനയ്ക്കുള്ളതല്ല’ എന്ന് ബോർഡെഴുതി ആ പെൺകുട്ടികൾ സമരത്തിനിറങ്ങിയത്.
പതാകയിൽ എഴുതിവെച്ച ജനാധിപത്യവും സോഷ്യലിസവുമൊക്കെ എസ്.എഫ്.ഐ സെലക്ട് ചെയ്യുന്ന കോളേജുകൾക്കു വേണ്ടിയുള്ളതാണ്.
അവരുടെ ആധിപത്യമുള്ള കാമ്പസുകളിൽ ഇതു വെറും മുദ്രാവാക്യം മാത്രമാണ്.
ജനാധിപത്യവും സോഷ്യലിസവും ഫാറൂഖ് കോളേജിന് മാത്രമായി റിസർവ് ചെയ്യാൻ സമരം ചെയ്യുന്നതിനു മുമ്പ് കണ്ണൂരിലേക്ക് പോകാൻ ചങ്കൂറ്റമുണ്ടോ എന്നാണ് ചോദ്യം.
പാർട്ടി ഗുണ്ടകളുടെ ഉപദ്രവത്തെക്കുറിച്ച് പരാതി പറയുന്ന പെൺകുട്ടികളോട് ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കരുത് എന്ന് ഉപദേശിക്കുന്ന നിഫ്റ്റിലെ അധ്യാപകരെയും വാർഡന്മാരെയും കാണാൻ ചങ്കൂറ്റമുണ്ടോ എന്നാണ് ചോദ്യം.
ജനാധിപത്യമോ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പോ ഇല്ലാതെ മാനേജ്‌മെന്റുകൾ അടിച്ചേൽപിക്കുന്ന നിയമങ്ങളുമായി വീർപ്പുമുട്ടുന്ന കാമ്പസുകൾ നിരവധിയുള്ള ഇടങ്ങളിലൂടെ വെറുതെയെങ്കിലും ഒന്നു സഞ്ചരിക്കണം.
അവിടെയൊന്നും കാണിക്കാത്ത ആവേശം രാജാഗേറ്റിനു മുന്നിൽ മാത്രം കാണിക്കുമ്പോൾ നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതെ തരമില്ല.
ലിംഗസമത്വ പ്രസംഗവുമായി ആരാന്റെ പറമ്പിലേക്ക് വലിഞ്ഞുകയറാൻ ആവേശം കാട്ടുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിലുള്ള ഈച്ചയെ ആട്ടാൻ എസ്.എഫ്.ഐ തയ്യാറുണ്ടോ?
അതോ, ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും കേരളത്തിൽ ഫാറൂഖ് കോളേജിൽ മാത്രം നടപ്പായാൽ മതി എന്നാണോ പാർട്ടിയുടെ തിട്ടൂരം?