മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്തു വന്നതോടെ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കുമോയെന്ന് ഉറ്റുനോക്കി രക്ഷിതാക്കളും വിദ്യാര്‍ഥികളും. മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കന്ററി സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 150 അധിക ബാച്ച് വേണമെന്ന കാര്‍ത്തികേയന്‍ നായര്‍ സമിതി ശുപാര്‍ശയില്‍ സര്‍ക്കാര്‍ എന്തുനടപടിയെടുക്കുമെന്നാണ് കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അധിക ബാച്ച് അനുവദിക്കാതെ തീരുമാനം വൈകിപ്പിക്കുമോയെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കാനാണ് സമിതിയുടെ ശുപാര്‍ശ. ഈ ജില്ലകളില്‍ 10ശതമാനം സീറ്റ് വര്‍ധന അനുവദിക്കാമെന്നും മറ്റുജില്ലകളില്‍ സീറ്റ് വര്‍ധന പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്. ഇത് പരിഗണിച്ചാല്‍ ബാച്ചില്‍ പരമാവധി 55 വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. സീറ്റ് വര്‍ധന 10 ശതമാനത്തിലേക്ക് ചുരുക്കുകയും പുതിയ ബാച്ച് അനുവദിക്കാതിരിക്കുകയും ചെയ്താല്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും. അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമാണ് നേരത്തെ അധ്യാപക സംഘടനകളുടെ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നത്. ഈ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഇത്തവണയും വിദ്യാര്‍ഥികളു ടെ ഉപരിപഠന മോഹം തകരും.
കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ 25,054 പ്ലസ് വണ്‍ സീറ്റുകളാണ് കുറവുണ്ടായിരുന്നത്. മാര്‍ജിനല്‍ വര്‍ധനവിലൂടെ 4875സീറ്റുകള്‍ ലഭിച്ചെങ്കിലും 20179 വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. കൂടാതെ ഓരോ ക്ലാസിലും അറുപത്തിയഞ്ചില്‍ കൂടുതല്‍ വിദ്യാര്‍ഥികളെയിരുത്തുന്നതും വലിയ പ്രയാസമാണ് സൃഷ്ടിച്ചത്.