X

പ്ലസ് വണ്‍ സീറ്റ്: ‘മലബാറിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല’: പി.എം.എ സലാം

മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ മാത്രം അനുവദിച്ചത് കൊണ്ട് മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് ഇപ്പോഴും 2591 സീറ്റുകളുടെ കുറവുണ്ട്. പാലക്കാട്ടും കോഴിക്കോടും ഒരു ബാച്ച് പോലും അനുവദിച്ചില്ല.

മലപ്പുറത്തിന്റെ മാത്രം പ്രശ്നമായി ഇതിനെ കാണരുതെന്ന് മുസ്ലിംലീഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് കൊണ്ടാണ് മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ അനുവദിച്ച് തടിതപ്പാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. പാലക്കാട് 4383 സീറ്റുകളുടെ കുറവുണ്ട്. 73 ബാച്ചുകളെങ്കിലും അനുവദിച്ചാലേ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. മലപ്പുറത്ത് ഇനിയും 43 ബാച്ചുകളെങ്കിലും വേണം. കോഴിക്കോട്ട് 37 ബാച്ചുകളുടെ കുറവുണ്ട്. മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം നൽകാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് പി.എം.എ സലാം പറഞ്ഞു.

അനുവദിക്കപ്പെട്ട താൽക്കാലിക ബാച്ചുകളെല്ലാം ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിലാണ്. ഒരു സയൻസ് ബാച്ച് പോലും പുതുതായി അനുവദിച്ചിട്ടില്ല. മലബാറിലെ കുട്ടികൾ സയൻസ് ഗ്രൂപ്പ് പഠിക്കേണ്ടെന്നാണ് സർക്കാർ പറയുന്നത്? അനുവദിച്ച ബാച്ചുകളിൽ സയൻസ് ഗ്രൂപ്പ് കൂടി ഉൾപ്പെടുത്തണം. മലബാറിൽ പഠിക്കാൻ സീറ്റ് അധികമാണ് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി തുടക്കം തൊട്ടേ പറഞ്ഞുകൊണ്ടിരുന്നത്. മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും നിരന്തര സമരങ്ങളുടെ ഭാഗമായി ആ വാദം ഉപേക്ഷിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk14: