യുപി മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക തന്റെ ക്ലാസ്സിലെ കുട്ടികളെകൊണ്ട് ആ ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടിയുടെ മുഖത്തടിപ്പിച്ച സംഭവം രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധത്തിനേറ്റ മുഖത്തടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വർഗീയ ഫാസിസ്റ്റുകൾ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിത്.
പരസ്പ്പരം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
ഫെയ്സ്ബൂക് കുറിപ്പ് :
യുപി മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക തന്റെ ക്ലാസ്സിലെ കുട്ടികളെകൊണ്ട് ആ ക്ലാസ്സിലെ തന്നെ മറ്റൊരു കുട്ടിയുടെ മുഖത്തടിപ്പിക്കുന്ന ദൃശ്യങ്ങൾ ഏറെ വേദനയും അമർഷവുമുണ്ടാക്കുന്ന ഒന്നായി. നമ്മുടെ രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധത്തിനേറ്റ മുഖത്തടിയാണ് ഇതെന്ന് നിസ്സംശയം പറയാൻ പറ്റും. മനുഷ്യരെ പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കേണ്ട ക്ലാസ്സ് മുറികളിൽ വെച്ച് തന്നെ ഉത്തമ തലമുറയെ വാർത്തെടുക്കാൻ ഉത്തരവാദിത്തപ്പട്ടവർ ഈ വിധം അപമാനകരമായ കൃത്യത്തിന് കൂട്ട്നിന്നു എന്നത് നിസ്സാര കാര്യമായി കാണേണ്ട കാര്യമല്ല. സമൂഹത്തിൽ മഹത്തായ സ്ഥാനവും മൂല്യവുമുള്ള അധ്യാപകരിൽ പോലും ഈ രീതിയിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞിരിക്കുന്നു എന്നത് വല്ലാതെ ആസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്.
രാജ്യത്ത് കുറച്ചു കാലങ്ങളായി വർഗീയ ഫാസിസ്റ്റുകൾ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിത്. പരസ്പ്പരം വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും അതിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മലീമസമായ മനസ്സുകളുടെ ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ നിരന്തരമായി അവഹേളിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുഭാഗത്ത് നമ്മുടെ രാജ്യം ശാസ്ത്രീയ നേട്ടങ്ങളുടെ നെറുകയിൽ നിന്ന്കൊണ്ട് ലോകത്തിന്റെ മുമ്പിൽ അഭിമാനത്താൽ തലയുയർത്തി നിൽകുമ്പോൾ തന്നെ മറുഭാഗത്ത് ഇതിനെയെല്ലാം തകർത്ത് രാജ്യത്തെ നാണം കെടുത്തുന്ന രീതിയിലുള്ള വെറുപ്പിന്റെ രാഷ്ട്രീയവും അരങ്ങേറുന്നു. നമ്മുടെ ഉന്നതമായ മൂല്യബോധങ്ങൾക്ക് മേൽ വളർന്ന് കൊണ്ടിരിക്കുന്ന ഇത്തരം വെറുപ്പിന്റെ വ്യാപാരത്തെ സ്നേഹത്തിന്റെ വ്യാപാരത്തിലൂടെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. എല്ലാ മനുഷ്യരും തുല്യരാണെന്ന മാനവികതയുടെ സന്ദേശം ഇന്ത്യ മുഴുക്കെ ഒഴുകിപ്പരക്കേണ്ടതുണ്ട്. അതിന് വേണ്ടി നമുക്ക് പരിശ്രമിക്കാം.