കോഴിക്കോട്: മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മിഷന് മുന്നില്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍ തെറ്റായ മൊഴി നല്‍കിയപ്പോള്‍ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ രാജി ആവശ്യം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചടിക്കുന്നു. 2015 ഡിസംബര്‍ രണ്ടിനാണ് ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ ദീര്‍ഘമായ കുറിപ്പും പ്രസ്താവനയും ഇറക്കിയത്.
അന്ന് പിണറായി ഉന്നയിച്ച എല്ലാ ആരോപണവും ഇന്ന് അദ്ദേഹത്തിനു നേരെ തന്നെ തിരിച്ചുകൊള്ളുകയാണ്. സോളാര്‍ കമ്മിഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിശ്വസനീയമാണെന്നായിരുന്നു പിണറായിയുടെ വാദം. ഇതേ ബിജുവുമായി ഉമ്മന്‍ചാണ്ടിക്ക് നേരത്തെ പരിചയം ഉണ്ടെന്ന കാര്യമാണ് അതിന് കാരണമായി പിണറായി നിരത്തിയത്.കാലം മാറിയപ്പോള്‍ പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാറുമായും ബന്ധം സൂക്ഷിച്ച മറ്റൊരു സ്ത്രീയില്‍ നിന്നുണ്ടായ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ എല്‍.ഡി.എഫിന് എളുപ്പമാകില്ല.