Connect with us

News

പെലെ മുതല്‍ പെലെ വരെ-

അപ്പോഴും ഇപ്പോഴും എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്‍ട്ടില്‍ മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു

Published

on

കമാല്‍ വരദൂര്‍-

പെലെയെ എല്ലാവര്‍ക്കുമറിയാം. ഫുട്ബോള്‍ രാജാവ്. ഫുട്ബോള്‍ ലോകം ദര്‍ശിച്ച മഹാനായ താരം. ബ്രസീലിന്റെ മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളി. പ്രൊഫഷണല്‍ ഫുട്ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി 541 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത താരം. കരിയറില്‍ ആകെ കളിച്ചത് 1363 മല്‍സരങ്ങള്‍. അതില്‍ 1279 ഗോളുകള്‍. ഫുട്ബോളിന്റെ സകല റെക്കോര്‍ഡുകളിലും ഒന്നാമത് നില്‍ക്കുന്ന താരം. അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. കാല്‍പന്ത് ലോകത്തിന് മാത്രമല്ല,കായികതക്ക് തന്നെ തീരാ നഷ്ടം.
പതിനഞ്ചാം വയസില്‍ കളി തുടങ്ങി പതിനാറാം വയസില്‍ രാജ്യത്തിന്റെ ജഴ്സിയില്‍ ലോകകപ്പ് വേദിയില്‍ പ്രത്യക്ഷപ്പെട്ട മഹാനായ താരത്തിന്റെ ചരിത്രം കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതം. 208 രാജ്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. ഈ 208 രാജ്യങ്ങളിലും സുപരിചിതനായ ഒരു കാല്‍പ്പന്തുകാരനുണ്ടെങ്കില്‍ അത് പെലെയാണ്. എല്ലാ രാജ്യങ്ങളിലെയും സ്‌ക്കൂള്‍ പാഠപുസ്തകത്തില്‍ അദ്ദേഹമുണ്ട്. ബ്രസീല്‍ എന്ന വലിയ ഫുട്ബോള്‍ രാജ്യത്തിന്റെ പേരിനും പെരുമക്കുമൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെടുന്ന അജയ്യനായ ഫുട്ബോളര്‍. ഈ കഥയിലെ പ്രതിപാദ്യം പെലെയുടെ ചരിത്രമല്ല. അദ്ദേഹത്തിന് എങ്ങനെ ആ നാമധേയം ലഭിച്ചുവെന്നതാണ്. ബ്രസീല്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തിലെ നാമപട്ടിക നോക്കു-ഇത്തരത്തില്‍ ഒരു പേര് കാണില്ല.

എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ

ഇതാണ് ഫുട്ബോള്‍ രാജാവിന്റെ യഥാര്‍ത്ഥ നാമധേയം. ഈ പേര് പറഞ്ഞാല്‍ ആര്‍ക്കും പിടി കിട്ടില്ല. യഥാര്‍ത്ഥ ബ്രസീലുകാര്‍ക്ക് പോലും. 1940 ഒക്ടോബര്‍ 23 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാവോപോളോക്ക് സമീപം മിനാസ് ഗെരൈസിലെ ട്രെസ് കോറകോസ് എന്ന് സ്ഥലത്ത്. പിതാവ് നല്ല ഫുട്ബോളറായിരുന്നു-ജോ റാമോസ് ഡോ നാസിമെന്‍ഡോ. സെലസ്റ്റെ അരാന്റസ് എന്നായിരുന്നു മാതാവിന്റെ പേര്. രണ്ട് മക്കളില്‍ ഒന്നാമനായിരുന്നു പെലെ. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് എഡിസന്റെ ആരാധകനായിരുന്നു പിതാവ്. അതിനാല്‍ ആദ്യ മകന്‍ ജനിച്ചപ്പോള്‍ ശാസ്ത്രജ്ഞന്റെ നാമം തന്നെ നല്‍കണം എന്ന് കരുതിയാണ് എഡിസണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന പേര് നല്‍കിയത്. പിതാവിന് താല്‍പ്പര്യം എഡിസണ് പകരം എഡ്സണ്‍ എന്നായിരുന്നു. അധികമാര്‍ക്കും പരിചയമില്ലാത്ത പേര്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ എഡിസണ്‍ എന്നായിരുന്നു എഴുതിയിരുന്നത്. അങ്ങനെ അദ്ദേഹം രേഖയില്‍ എഡിസണ്‍ തന്നെയായി മാറി. വീട്ടിലെ വിളിപ്പേര് ഡിക്കോ എന്നായിരുന്നു. ഡിക്കോ എങ്ങനെ പെലെയായി മാറി എന്നതാണ് കൗതുകം. ചെറുപ്പകാലം മുതല്‍ പെലെക്ക് ഇഷ്ടപ്പെട്ട താരമായിരുന്നു അക്കാലത്തെ ബ്രസീലിലെ ഒന്നാം നമ്പര്‍ ക്ലബായ വാസ്‌ക്കോഡഗാമയുടെ ഗോള്‍ക്കീപ്പര്‍ ബിലെ. ഈ പേര് പലപ്പോഴും സ്‌ക്കൂളില്‍ അദ്ദേഹം ഉച്ചരിക്കാറുള്ളത് പെലെ എന്നായിരുന്നു. അതോടെ കൂട്ടുകാര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. അതാ വരുന്നു പെലെ എന്നായി എഡ്സണെ നോക്കി കൂട്ടുകാരുടെ കളിയാക്കല്‍. അങ്ങനെയാണ് എഡ്സണ്‍ പെലെയായതും ആ നാമധേയം ലോക പ്രശസ്തമായതും. തന്റെ ആത്മക്കഥയില്‍ പെലെ തന്നെ പറയുന്നുണ്ട് തനിക്ക് ആ പേര് ലഭിച്ചതിലെ കൗതുക ചരിത്രം. ബിലേ എന്ന ഗോള്‍ക്കീപ്പറെ അത്ര മാത്രം ഇഷ്ടമായിരുന്നു. അദ്ദേഹത്തെ അനുകരിക്കാനായിരുന്നു താല്‍പ്പര്യം. സ്‌ക്കൂളില്‍ കുട്ടികള്‍ക്കെല്ലാം അവരുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാവും. പുസ്തകങ്ങളില്‍ ആ താരങ്ങളുടെ പേരുകളെഴുതും. അവരുടെ ജഴ്സി നമ്പര്‍ ധരിക്കും. ഇതെല്ലാം പെലെയും ചെയ്തിരുന്നു. ബിലെ എന്ന ഗോള്‍ക്കീപ്പറില്‍ നിന്നും തനിക്ക് പെലെ എന്ന നാമം ലഭിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം തേടി താരം. ഇംഗ്ലീഷില്‍ ആ പദത്തിന് പ്രത്യേക അര്‍ത്ഥമില്ല. പെലെ സംസാരിക്കുന്ന പോര്‍ച്ചുഗീസ് ഭാഷയിലും കാര്യമായ അര്‍ത്ഥമില്ല. പക്ഷേ ഹിബ്ര്യുവില്‍ അല്‍ഭുതം എന്ന അര്‍ത്ഥമുണ്ട്.


ദാരിദ്ര്യമായിരുന്നു പെലെയുടെ കൂടപ്പിറപ്പ്. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ചായക്കടയില്‍ സഹായിയായി പോയി. രാവിലെ സ്‌ക്കൂളിലേക്ക്. അതിന് ശേഷം കടയിലേക്ക്. അങ്ങനെ ലഭിച്ച ചെറിയ വരുമാനത്തില്‍ നിന്നായിരുന്നു ജീവിതം. പിതാവിനെ പോലെ പന്ത് കളിക്കാന്‍ വലിയ മോഹമായിരുന്നു. പക്ഷേ സ്വന്തമായി ഒരു പന്ത് അക്കാലത്ത് സ്വപ്നമായിരുന്നു. കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി കളിച്ച ബാല്യകാലത്തില്‍ നിന്നും അദ്ദേഹം സാവോപോളോയിലെ കൊച്ചു ടീമുകള്‍ക്കായി കളി തുടങ്ങി. ആദ്യമായി കളിച്ച ഇന്‍ഡോര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെലെയുടെ ടീം കിരീടം സ്വന്തമാക്കി. ഇന്‍ഡോര്‍ ഫുട്ബോളായിരുന്നു പെലെയിലെ ഫുട്ബോളറെ ശക്തനാക്കിയത്. ചെറിയ വേദി. തൊട്ടരികില്ലെല്ലാം കളിക്കാര്‍. അവരില്‍ നിന്നും പന്തുമായി കുതിക്കുക എളുപ്പമല്ല. അപ്പോള്‍ ഡ്രിബല്‍ംഗ് തന്നെ ശരണം. അങ്ങനെ പന്ത് നിയന്ത്രിക്കാനുള്ള ശക്തി എളുപ്പത്തില്‍ കൈവന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ഡോര്‍ ഫുട്ബോളില്‍ വലിയവര്‍ക്കൊപ്പം കളിക്കാനുമായപ്പോള്‍ ധൈര്യവും കൂട്ടായി. 15- ാം വയസില്‍ സാന്‍ഡോസ് ക്ലബ് അദ്ദേഹത്തെ തേടിയെത്തി. മാധ്യമങ്ങള്‍ കൊച്ചുതാരത്തെ ഭാവി സൂപ്പര്‍ താരമായി വാഴ്ത്തി. സാന്‍ഡോസിനായി അദ്ദേഹം അതേ പ്രായത്തില്‍ ആദ്യ വലിയ മല്‍സരം കളിച്ചു.

കൊറീന്ത്യന്‍സിനെതിരെ സാന്‍ഡോസ് ജയിച്ചത് 1-7ന്. മല്‍സരത്തിലെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് പെലെ. പതിനാറാം വയസ് മുതല്‍ അദ്ദേഹം ടീമിലെ സ്ഥിരക്കാരനായി. 17-ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍. 1958 ലും 1962 ലും ലോകകപ്പ് സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തില്‍ അംഗമായപ്പോള്‍ യൂറോപ്പിലെ വന്‍കിടക്കാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം പെലെക്കായി രംഗത്ത് വന്നു. 1958 ല്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനുമായി അദ്ദേഹം ധാരണയിലെത്തി. എന്നാല്‍ അപ്പോഴേക്കും സാന്‍ഡോസ് ആരാധകര്‍ കലാപമുണ്ടാക്കി. ഇറ്റാലിയന്‍ കരാര്‍ റദ്ദാക്കി. 1961 ല്‍ ബ്രസീല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സമ്പത്തായി പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് തന്നെ കളിക്കേണ്ടി വന്നു. സാന്‍ഡോസിനായി അദ്ദേഹം നേടാത്ത കിരീടങ്ങളില്ല. 19 വര്‍ഷം ഒരേ ക്ലബിനായി കളിച്ച ശേഷം അല്‍പ്പകാലം അമേരിക്കയില്‍ ന്യൂയോര്‍ക്ക് കോസ്മോസിന്റെ ജഴ്സിയിട്ടു. 1977 ലായിരുന്നു പെലെ കളിക്കളം വിട്ടത്. സാന്‍ഡോസും കോസ്മോസും തമ്മിലുള്ള സൗഹൃദ മല്‍സരത്തിലുടെ. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി, ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ബോബി മൂര്‍, പെലെയുടെ പിതാവ്, ഭാര്യ തുടങ്ങി മുക്കാല്‍ ലക്ഷത്തോള പേരെ സാക്ഷി നിര്‍ത്തിയായിരുന്നു ആ മല്‍സരം. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലും ആ കളി തല്‍സമയമായിരുന്നു. 2-1ന് കോസ്മോസ് ജയിച്ചു. ആദ്യപകുതിയുടെ അവസാനത്തില്‍ ഫ്രീകിക്കിലുടെ കോസ്മോസിന് വേണ്ടി തകര്‍പ്പന്‍ ഗോളും അവസാന മല്‍സരത്തില്‍ പെലെ നേടി. രണ്ടാം പകുതിയില്‍ മഴ പെയ്തു. അടുത്ത ദിവസം ബ്രസീല്‍ പത്രമെഴുതിയത് പെലെയുടെ വിടവാങ്ങലില്‍ ആകാശം പോലും കരഞ്ഞുവെന്നാണ്.

അപ്പോഴും ഇപ്പോഴും എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്‍ട്ടില്‍ മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു. ഖത്തര്‍ ലോകകപ്പ് വരെ അദ്ദേഹം രോഗശയ്യയിലിരുന്ന് കണ്ടു. ഫൈനല്‍ കണ്ട്,മെസിയും സ്വന്തം വന്‍കരയും കപ്പടിക്കുന്നതും കണ്ടാണ് അദ്ദേഹം കണ്ണടച്ചിരിക്കുന്നത്.

 

kerala

ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Published

on

കണ്ണൂർ: ബൈക്ക് യാത്രക്കിടയിൽ സോളാർ പാനൽ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി.സി.ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവൻകടവിൽ വച്ചായിരുന്നു അപകടം.

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുൻ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി.രാധാകൃഷ്ണന്റെയും പി.സി.ഷൈജയുടെയും മകനാണ്. സഹോദരൻ: ആദിഷ്.

 

Continue Reading

kerala

സംസ്ഥാനത്ത് നാളെ മുഴുവന്‍ ജില്ലകളിലും മോക് ഡ്രില്‍; കുടുംബാംഗങ്ങള്‍ ഒരുമിച്ച് ‘ഫാമിലി ഡ്രില്‍’ നടത്തുക

വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്

Published

on

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്‍റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കലക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.

3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.

4. വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.

5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാര്‍ഹികതല ഇടപെടലുകള്‍

7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.

10. 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ”ഫാമിലി ഡ്രില്‍” നടത്തുക.

14. സൈറന്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

 

Continue Reading

kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും, ഒരേ റൂട്ടിലുള്ള ബസുകള്‍ക്ക് പത്തുമിനിറ്റ് ഇടവേളയില്‍ മാത്രം പെര്‍മിറ്റ്; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌  അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ​ഗതാ​ഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.

സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Continue Reading

Trending