ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും 4 കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകി. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.
ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് സമർപ്പിച്ച അപേക്ഷയിൽ ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ് പുരോഹിത് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കലാപമുണ്ടാക്കാൻ മനഃപൂർവം പ്രവർത്തനങ്ങൾ നടത്തിയതായി ശ്രമിച്ചെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കോടതി കേസ് പിൻവലിച്ചത്.
‘മനഃപൂർവ്വം, അറിഞ്ഞുകൊണ്ട് വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തെയും ദുർബലപ്പെടുത്താൻ ഇവർ ശ്രമിച്ചെന്ന് തോന്നുന്നില്ല.
1984ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കൽ തടയൽ നിയമപ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, കോടതി പ്രതികൾക്കെതിരായ കേസ് പിൻവലിക്കുന്നതിന് അനുമതി നൽകുന്നു,’ കോടതി പറഞ്ഞു.
അതേസമയം ഹർദിക് പട്ടേലിനൊപ്പം മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന ദൽഹി പൊലീസിന്റെ അപേക്ഷ ദൽഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചു.
ഷോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേന പിൻവലിച്ചുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ഫെബ്രുവരി 27ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഓഗസ്റ്റ് 18ന് ഇന്ത്യൻ സൈന്യം കശ്മീരിലെ വീടുകളിൽ കയറി നാട്ടുകാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു ഷോറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
നിയമപരമായി സാധ്യമല്ലെന്ന് അറിഞ്ഞിട്ടും പട്ടീദാർ അല്ലെങ്കിൽ പട്ടേൽ സമുദായത്തിലെ അംഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹാർദിക് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കേസ്. 2015ൽ ഹാർദിക് പട്ടേൽ , ദിനേശ് ബംഭാനിയ, ചിരാഗ് പട്ടേൽ, കേതൻ പട്ടേൽ, അൽപേഷ് കതേരിയ എന്നിവർക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയായിരുന്നു.
2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ സമുദായത്തിന്റെ മെഗാ റാലിക്ക് ശേഷം ഗുജറാത്തിൽ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഹാർദിക് പട്ടേലിനെയും കൂട്ടാളികളെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124A (രാജ്യദ്രോഹം), 121 (കലാപം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുക), 121A (വകുപ്പ് 121 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുക), 153A (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 153B (ദേശീയ വിരുദ്ധമായ പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.
ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ ഇപ്പോൾ ബി.ജെ.പി അനുകൂലയാണ്. 2023 നവംബറിൽ, എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷോറ നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് അവർ പറഞ്ഞു.