പി. അബ്ദുല്‍ ലത്തീഫ്
ഏയ് ജാഥാ ഓമന ജാഥാ, ഓമന ജാഥാ..
ഓമന ജാഥാ ഓമന കുല്ലു..
കുല്ലു സബീന കാന സബീന..
കാലത്ത് ബന്ദര്‍, ബന്ദര്‍ കൊച്ചി…
കനത്ത മഴയിലും സമരാവേശത്തില്‍ അവര്‍ പാടുകയാണ്. തീരദേശത്തിന്റെ ചൂരുള്ള, കടലില്‍ തുഴയെറിഞ്ഞു ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലിന്റെ ഗന്ധമുള്ള ആവേശഗാനം. കഠിനമേറിയ ജോലി എളുപ്പമാക്കാന്‍ മാപ്പിള ഖലാസികളും മത്സ്യത്തൊഴിലാളികളുമൊക്കെ പാടുന്ന പാട്ടിനെ കോഴിക്കോട്ടെ ആവിക്കല്‍തോട് പ്രദേശത്തുകാര്‍ സമര ഗാനമായി പരിവര്‍ത്തനം ചെയ്തിരിക്കുന്നു. കോഴിക്കോട് കോര്‍പറേഷനിലെ വെള്ളയില്‍ ആവിക്കല്‍തോട് പ്രദേശം ഇന്ന് കേരളമറിയുന്ന സമരഭൂമിയാണ്. കോഴിക്കോട് കോര്‍പറേഷന്‍ അരയും തലയും മുറുക്കി പൊലീസിനെ നിരത്തിനിര്‍ത്തി അവിടെ കക്കൂസ് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള കഠിന ശ്രമത്തിലാണ്. തങ്ങളുടെ നാട്ടില്‍ തീട്ട പ്ലാന്റ് വേണ്ടെന്ന് പറഞ്ഞു അതിനെ പ്രതിരോധിക്കുകയാണ് തീരദേശത്തെ ജനങ്ങള്‍. സമരസമിതി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും ഒന്നിനുപിന്നില്‍ ഒന്നായി കേസുകള്‍ ചാര്‍ജ്ജ്‌ചെയ്തും നിര്‍വീര്യമാക്കാനാണ് പൊലീസിന്റെയും ഇടതു കോര്‍പറേഷന്റെയും ശ്രമം. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പിന്തുണയും കോര്‍പറേഷന് നല്‍കുന്നു.
ആവിക്കല്‍തോട് നിവാസികള്‍ക്കും കിട്ടി, തീവ്രവാദ ചാപ്പ
ജീവിക്കാനായി സമരം ചെയ്യുന്ന ആവിക്കല്‍തോട് നിവാസികള്‍ക്ക് ഇന്ന് ഒരു മറുപേര് കൂടി ഭരണകര്‍ത്താക്കള്‍ പതിച്ചു നല്‍കിയിട്ടുണ്ട്- തീവ്രവാദികള്‍. ആവിക്കലില്‍ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ ഭാഷ്യം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ വെച്ചുതന്നെ ആവിക്കല്‍ സമര രംഗത്തുള്ളവരെ തീവ്രവാദികളെന്ന് വിളിച്ചു. മുസ്‌ലിംലീഗ് എം.എല്‍.എ എം. കെ മുനീര്‍ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു സമരരംഗത്തുള്ളവരെ തീവ്രവാദികളാക്കിയുള്ള മന്ത്രിയുടെ മറുപടി. അങ്ങിനെയൊരു ചാപ്പ കുത്തിയാല്‍ സമരത്തിന്റെ ശക്തി ഇല്ലാതായി പോകുമെന്ന് കരുതിയവര്‍ നിരാശരാകുന്നതാണ് പിന്നീട് കാണുന്നത്. സമരം കൂടുതല്‍ ശക്തമായി തുടരുന്നു. സമര സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് തടവിലിട്ടിട്ടും പോരാട്ടം ശക്തമായി മുന്നോട്ടുപോവുകയാണ്. ഭരണകൂടം എങ്ങിനെയൊക്കെ വിരട്ടിയാലും ശക്തമായ പ്രതിഷേധവുമായി സമരസമിതി രംഗത്തുണ്ടാവുമെന്ന് ചെയര്‍മാന്‍ പി ദാവൂദും വ്യക്തമാക്കുന്നു.
എന്തിനാണ് മാലിന്യ പ്ലാന്റ്
ഇവിടെ തന്നെ?
സി.പി.എമ്മിന് ഭൂരിപക്ഷമുള്ള ഏതെങ്കിലും വാര്‍ഡില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ അധികാരികള്‍ക്ക് ധൈര്യമുണ്ടോ? ആവിക്കല്‍തോട്ടുകാര്‍ ചോദിക്കുന്ന മില്യന്‍ ഡോളര്‍ ചോദ്യമാണിത്. തൊട്ടടുത്ത തോപ്പയില്‍ വാര്‍ഡ് സി.പി.എമ്മിന്റെതാണ്. സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ എതിരായി രംഗത്തുവരുമെന്നതിനാല്‍ തോപ്പയില്‍ വാര്‍ഡില്‍ ഇത്തരത്തിലുള്ള ഒരു പ്ലാന്റും കോര്‍പറേഷന്‍ സ്ഥാപിക്കില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 66 ാം വാര്‍ഡില്‍ തന്നെ നിരവധി വാര്‍ഡുകളില്‍ നിന്നുള്ള മല വിസര്‍ജ്യം കൊണ്ടുവന്ന് ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ എന്തിനാണിത്ര വാശിയെന്ന് സമീപവാസികള്‍ ചോദിക്കുന്നു. ആവിക്കല്‍ തോട്ടിലും പരിസരത്തും ഉള്ളവരില്‍ നല്ലൊരു ശതമാനവും മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. ആവിക്കല്‍തോടില്‍ പ്ലാന്റ് വന്നാല്‍ ഇവിടെയുള്ള സാധാരണ ജീവിതം താറുമാറാകുമെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. പ്രദേശത്തിന്റെ സ്വഭാവം തന്നെ മാറും. അസഹനീയമായ നാറ്റം എപ്പോഴും നിലനില്‍ക്കും. നിരവധി രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. വെള്ളയില്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന കേന്ദ്രമായ ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തെ തന്നെ പ്ലാന്റ് ദോഷകരമായി ബാധിക്കും. മല വിസര്‍ജ്യം ട്രീറ്റ് ചെയ്തതിന് ശേഷം കടലിലേക്കാണ് ഒഴുക്കുന്നത്. മാലിന്യം അവിടെ തന്നെ കിടന്നാല്‍ അത് മത്സ്യബന്ധനത്തിന് വരെ പ്രയാസം സൃഷ്ടിക്കും. ഇങ്ങിനെ പ്ലാന്റിനെ കുറിച്ച് വെള്ളയില്‍ പ്രദേശത്തുകാര്‍ക്ക് ആശങ്കകള്‍ ഏറെയാണ്. മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെട്ട പ്രദേശങ്ങളൊക്കെ പിന്നാക്ക പ്രദേശങ്ങളായി മാറിയ ചരിത്രം പല സ്ഥലങ്ങളിലും കാണാം. പാവപ്പെട്ടവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തന്നെയാണ് ഭരണകൂടങ്ങള്‍ ഇത്തരം പദ്ധതികളൊക്കെ അടിച്ചേല്‍പ്പിക്കുന്നത്.
ഇത് സീവേജ് പ്ലാന്റല്ല, നുണ പ്ലാന്റ്
പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ അധികാര വര്‍ഗം തന്ത്രങ്ങളും കുതന്ത്രങ്ങളും ആവശ്യത്തിന് പയറ്റുകയാണിവിടെ. അടിച്ചമര്‍ത്താന്‍ പൊലീസും. ആവിക്കല്‍തോടില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ 2019ല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനമെടുത്തു എന്ന നുണ പ്രചാരണവും കോര്‍പറേഷന്‍ ഭരണസമിതിയുമായി ബന്ധപ്പെട്ടവര്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സൗഫിയ അനീഷ് വ്യക്തമാക്കുന്നു. 2017 ഒക്ടോബര്‍ 24 ന് മെഡിക്കല്‍ കോളജില്‍ മാലിന്യപ്ലാന്റ് നിര്‍മിക്കാനാണ് തീരുമാനമെടുത്തത്. പ്രദേശത്തെ സി.പി.എമ്മുകാരന് ലഭിച്ച വിവരാവകാശ രേഖ ഉയര്‍ത്തിപ്പിടിച്ചായിരുന്നു കോര്‍പേറേഷന്‍ ഭരണസമിതിയുടെ പ്രചാരണം. എന്നാല്‍ 2017 ഒക്ടോബര്‍ 24 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഡി.പി.ആര്‍ ആണ് അംഗീകരിച്ചതെന്നും പങ്കെടുത്ത 66 അംഗങ്ങളും അത് അംഗീകരിച്ചെന്നും അതാണ് 2019 ലെ യോഗ തീരുമാനമെന്ന നിലയില്‍ മറുപടി നല്‍കിയതെന്നും സൗഫിയ നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയില്‍ നിന്ന് വ്യക്തമായി. ആവിക്കല്‍തോട് നിവാസികള്‍തന്നെ പ്ലാന്റിന് വേണ്ടി ആവശ്യമുയര്‍ത്തിയിരുന്നുവെന്ന മറ്റൊരു പ്രചാരണവും എല്‍.ഡി.എഫ് ഭരണ സമിതിയും സി.പി.എം നേതൃത്വവും സമാന്തരമായി നടത്തുകയുണ്ടായി. മുമ്പ് ആവിക്കല്‍ തോട് ശുചീകരിക്കണമെന്ന് പ്രദേശവാസികള്‍ നിവേദനം നല്‍കിയിരുന്നു. ഇതിനെ പ്ലാന്റിനു വേണ്ടി പ്രദേശവാസികള്‍ നിവേദനം എന്ന നിലയിലേക്കായി മാറ്റുകയായിരുന്നു. ഇത്തരം നുണ പ്രചാരണത്തേതില്‍ അവസാനത്തേതായിരുന്നു തീവ്രവാദികളാണ് സമരം നടത്തുവെന്നത്. എന്നാല്‍ സമരസമിതി പ്രവര്‍ത്തകരുടെ സമരാവേശത്തിന് മേല്‍ നുണ പ്രചാരണങ്ങളുടെയും വേഗമറ്റു പോവുകയാണ്. നേതൃത്വം സമരത്തിനെതിരാണെങ്കിലും പ്രദേശത്തെ സി.പി.എമ്മുകാര്‍ സമരത്തിന്റെ ഭാഗമാണ്. ഏത് ഭരണസമിതി തീരുമാനമെടുത്താലും തങ്ങളുടെ പ്രദേശത്ത് ഇങ്ങനെയൊരു പദ്ധതി അനുവദിക്കില്ലെന്ന് അവര്‍ കട്ടായം പറയുന്നു.
ലാത്തിച്ചാര്‍ജും കേസുകളും
ആവിക്കല്‍തോടില്‍ പല തവണ സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തി വീശുകയുണ്ടായി. ഇതില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരിക്കുപറ്റി. പൊലീസിനെ ഭയന്ന് അധിക പേരും ആസ്പത്രികളില്‍ ചികിത്സ തേടിയില്ല. ബാന്റ് എയിഡുകളും മരുന്നും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങിയും വേദന സഹിച്ചും അവര്‍ ദിവസങ്ങള്‍ ചെലവഴിച്ചു. പരിക്ക് മാറിയപ്പോള്‍ വീണ്ടും സമരഭൂമിയില്‍ ആവേശമായി. നൂറു പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഏഴ് പെരെ റിമാന്റ് ചെയ്തു. സമരസമിതി ജനറല്‍ കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ് കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. കൃത്രിമമായി ജനസഭകള്‍ വിളിച്ചു കൂട്ടി പ്ലാന്റിന് അനുകൂലമായി തീരുമാനങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങള്‍ ലാത്തിച്ചാര്‍ജിനും അറസ്റ്റിനുമൊക്കെ കാരണമായത്. നൂറുകണക്കിനാളുകള്‍ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തു. സ്ത്രീകളുടെ പങ്കാളിത്തമാണ് ആവിക്കല്‍തോട് സമരത്തിന്റെ വലിയ പ്രത്യേകത. ലാത്തിയെയും അറസ്റ്റിനെയും ഭയപ്പെടാതെ സമരാവേശവുമായെത്തുന്ന പെണ്ണുങ്ങള്‍ ആവിക്കല്‍തോട് സമരത്തിന്റെ വലിയ ശക്തിയാണ്. പ്ലാന്റ് എന്തു വില കൊടുത്തും നടപ്പിലാക്കുമെന്ന് തന്നെയാണ് ജില്ലാ ഭരണകൂടവും കോര്‍പറേഷനും പറഞ്ഞുകൊണ്ടിരിക്കുന്നത്. സമരസമിതിക്കാര്‍ ലാത്തിയടികൊണ്ട് പുളയുന്നതും കേസുകളില്‍ കുടുങ്ങി പ്രയാസപ്പെടുന്നതുമൊന്നും അവരുടെ മനസ്സ് മാറ്റുന്നില്ല. എന്നാല്‍ സമരം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് പ്രദേശവാസികളുടെ ഉറച്ച തീരുമാനം. യു.ഡി.എഫും മറ്റ് ജനാധിപത്യ വിശ്വാസികളും നല്‍കുന്ന പിന്തുണ അവര്‍ക്ക് ഊര്‍ജം നല്‍കുന്നു.