Connect with us

More

പാതിരാ നിയമനം രാജ്യത്തിന് ഭൂഷണമല്ല

EDITORIAL

Published

on

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരവും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. ‘സഹിഷ്ണുതയാണ് ജനാധിപത്യം. നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല, വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത’ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണിത്. ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും അവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചുനല്‍കുന്നതും സാമൂഹിക നീതി പുലര്‍ത്തുന്നതുമാണ് ജനാധിപത്യ സങ്കല്‍പ്പം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. വൈദേശിക ഭരണത്തില്‍ നിന്നുള്ള മോചനത്തോടെ തന്നെ ജനാധിപത്യ ഭരണ വ്യവസ്ഥയിലേക്ക് കാലെടുത്തുവെച്ചു നമ്മുടെ രാജ്യം. ജനാധിപത്യത്തിന് കരുത്തേകുന്ന മികച്ച ഭരണഘടനയും നിലവില്‍വന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഉത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിക്ഷിപ്തമായിട്ടുള്ളത്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി നിഷ്പക്ഷ നടപടികള്‍ കൈക്കൊള്ളാനും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും സമദൂരനിലപാടുകള്‍ സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യസ്ഥമാണ്.

എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ പരിക്കേല്‍ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാസംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി നടക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താനോ വിശുദ്ധി കളങ്കപ്പെടുത്താനോ ഒരു ഭരണകൂടവും തയ്യാറാ യിരുന്നില്ല. പവിത്രമായ പദവിയില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന അപകടകരമായ ജനാധിപത്യക്കശാപ്പിനാണ് രാജ്യം തിങ്കളാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് തള്ളിയാണ് സെലക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്‍ന്ന് പേര് അന്തിമമാക്കിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അര്‍ധരാ ത്രിയില്‍ തിടുക്കത്തില്‍ നിയമിക്കേണ്ട പദവിയാണോ ഇലക്ഷന്‍ കമ്മിഷന്റേതെന്ന് കേന്ദ്രം ആലോചിക്കേണ്ടിയിരുന്നു. ഇത്തരത്തിലൊരു നിയമനം നടത്തിയതുവഴി നമ്മുടെ ഭരണഘടനയുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകളുടെയും ആത്മാവിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിടുക്കപ്പെട്ട് അര്‍ധരാത്രിയില്‍ പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റിയുടെ ഘടന എങ്ങനെയായിരിക്കണമെന്ന വിഷയം സുപ്രിം കോടതി പരിഗണിക്കാനിരിക്കേയാണ് എന്നതുപോലും ഗൗനിക്കാതെയാണ് സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അടങ്ങുന്ന കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്ത് ഉടനടി പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷ നെ സര്‍ക്കാരിന്റെ ഒരു വകുപ്പു മാത്രമാക്കി മാറ്റാനും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ബി.ജെ.പിയുടെ നീക്കത്തിന്റ വലിയ വില നല്‍കേണ്ടി വരും. ഇപ്പോള്‍തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഇയ്യിടെ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു. ഇ.വി.എം മെഷിനുകളെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ നിയമനവും പക്ഷപാതപരമാകുന്നത് ഭൂഷണമല്ല. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനകമ്മിറ്റിയിലെ മുന്നില്‍ രണ്ടു വോട്ടും കേന്ദ്ര സര്‍ക്കാരിന്റേതാണെന്നതുതന്നെ നിയമന പ്രക്രിയയിലെ വലിയ വീഴ്ചയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഗൗരവകരമായ അധികാരങ്ങളുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ സുപ്രിംകോടതിയെ മറികടന്ന് സര്‍ക്കാര്‍ നിയമിക്കുന്നത് അംഗീകരിക്കാനാകില്ല, അത് ജനാധിപത്യപരവുമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നത് രാജ്യത്തെ ദുര്‍ബലപ്പെടുത്തും.

 

Education

കെ-മാറ്റ് 2025 അവസാന തീയതി നീട്ടി

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

Published

on

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.

മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.

Continue Reading

kerala

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തും. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

Trending