Connect with us

india

ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ

മാര്‍ച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രമേശ് ചന്ദാനയ്ക്കാണ് കോടതി 10 ദിവസത്തെ പരോള്‍ അനുവദിച്ചത്.

Published

on

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. മാര്‍ച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രമേശ് ചന്ദാനയ്ക്കാണ് കോടതി 10 ദിവസത്തെ പരോള്‍ അനുവദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചന്ദാന പരോളിനായി അപേക്ഷ നല്‍കിയത്.

സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് ജനുവരി 21നാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങിയത്. ഇതിന് ശേഷം രണ്ടാം തവണയാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ഫെബ്രുവരി 7 മുതല്‍ 11വരെ പ്രദീപ് മോധിയ എന്ന പ്രതിക്കാണ് നേരത്തെ കോടതി പരോള്‍ അനുവദിച്ചിരുന്നത്. ഭാര്യാ പിതാവിന്റെ അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു പരോള്‍.

5000 രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബെഞ്ച് പരോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പരോള്‍ നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തുമില്ല. പരോള്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജയിലിലെത്തി കീഴടങ്ങണമെന്ന് കോടതി ചന്ദാനയോട് നിര്‍ദേശിച്ചു.

2008ല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ചന്ദന 1198 ദിവസം പരോളിലായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 378 ദിവസം മറ്റു അവധികളും ഇയാള്‍ക്ക് അനുവദിക്കപ്പെട്ടു.

ചന്ദാന ഉള്‍പ്പെടെ 11 പ്രതികളെ ജയില്‍ക്കാലയളവിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി 2022 ആഗസ്റ്റില്‍ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി പ്രതികളോട് ജയിലില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസര്‍ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, പ്രദിപ്ഭായ് മോധിയ, ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് പ്രതികള്‍.

2002ലെ ഗുജറാത്ത് കലാപവേളയിലാണ് പ്രതികള്‍ ബില്‍ക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് 5 മാസം ഗര്‍ഭിണിയായിരുന്നു 21കാരിയായ ബില്‍ക്കീസ്. മൂന്നര വയസ്സായ മകള്‍ സലീഹയും അമ്മയും പ്രതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

 

india

മുസ്‌ലിംകള്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ് മിഥുന്‍ ചക്രവര്‍ത്തി

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും

Published

on

മുസ്‌ലിംകളെ ലക്ഷ്യമിട്ട് കൊലവിളി പ്രസംഗവുമായി മുന്‍ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുന്‍ ചക്രവര്‍ത്തി. നിങ്ങളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു പ്രസംഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കൊലവിളി പ്രസംഗം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീര്‍ പ്രകോപനപരാമയ പ്രസ്താവന നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗം. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ക്ക് നേരെ കബീര്‍ ആക്രമണ ഭീഷണി മുഴക്കുകയാണെന്ന് മിഥുന്‍ ആരോപിച്ചു.

‘ഹുമയൂണ്‍ കബീറിന്റെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്തെങ്കിലും പറയുമെന്ന് കരുതി. എന്നാല്‍, അവര്‍ അത് ചെയ്തില്ല. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ പറയുന്നു, ഞങ്ങള്‍ അവരെ വെട്ടിയിട്ട് മണ്ണിനടിയില്‍ കുഴിച്ചും’ മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാല്‍ മൃതദേഹം (മുസ്‌ലിംകളുടെ) അവിടെ സംസ്‌കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും മിഥുന്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഈ സമയത്ത് അമിത് ഷാ ചിരിക്കുന്നുണ്ടായിരുന്നു. ചടങ്ങില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, പശ്ചിമ ബംഗാള്‍ പ്രസിഡന്റ് സുഗന്ധ മജുംദാര്‍ എന്നിവരുമുണ്ടായിരുന്നു. പ്രസംഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്.

2024ല്‍ ദാദസാഹബ് ഫാല്‍കെ അവാര്‍ഡ് നേടിയ മിഥുന്‍ 1976ലെ മൃണാള്‍ സെന്നിന്റെ മൃഗയയിലൂടെയാണ് സിനിമാ രംഗത്തേക്ക് വരുന്നത്. സിനിമാ താരമാകും മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയ മേഖലയിലുണ്ട്. പിന്നീട് രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി. ഈയിടെയാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്.

Continue Reading

crime

ബംഗാളിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വിചാരണ നവംബര്‍ 11 മുതല്‍

പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.

Published

on

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം സീല്‍ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കും.

കേസില്‍ സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ലോക്കല്‍ പൊലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്‍ ഓടിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.

കേസിന്റെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

Continue Reading

india

ഗുജറാത്തില്‍ കാറിനകത്ത് കളിക്കുന്നതിനിടെ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.

Published

on

വീടിനരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിൽ രൺധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.

മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാൾക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോൽ കുട്ടികൾക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളിൽ കയറി കളിക്കുകയുമായിരുന്നു. എന്നാൽ, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തു.

സന്ധ്യയോടെ രക്ഷിതാക്കൾ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികൾ കാറിനുള്ളിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടിൽ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

Trending