ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നാളെ തുടങ്ങുന്ന വര്‍ഷകാല പാര്‍ലമെന്റ് സെഷനില്‍ 65 വയസിനു മുകളില്‍ പ്രായമുള്ള എംപിമാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി സമയത്ത് മണ്‍സൂണ്‍ സെഷന്‍ നടത്തുന്നത് ഒരു വെല്ലുവിളിയാണെന്നായിരുന്നു, ഇന്നലെ വാര്‍ത്താസമ്മേശനത്തില്‍ സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതിനാല്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാലും സെഷന്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, 785 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 200 ഓളം അംഗങ്ങള്‍ 65 വയസിനു മുകളില്‍ ഉള്ളവരാണെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭയിലെ 240 എംപിമാരില്‍ 97 പേര്‍ 65 വയസിനു മുകളിലുള്ളവരാണ്. ഇതില്‍ 20 പേര്‍ 80 വയസിനു മുകളിലുള്ളവരാണ്. ഇതില്‍ മുതിര്‍ന്ന അംഗങ്ങളായ ഡോ മന്‍മോഹന്‍ സിങ്- 87, എകെ ആന്റണി-82 എന്നിങ്ങനെയാണ് പ്രായം, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോക്സഭയില്‍ 130 എംപിമാര്‍ 65 വയസിനു മുകളിലുള്ളവരാണ്. അതില്‍ 30 പേര്‍ 75 വയസിനു മുകളിലുള്ളവരും ഒരാള്‍ക്ക് 90 വയസുമാണ് പ്രായം. നിലവില്‍ ഇരുസഭകളിലുമായി ആഭ്യന്ത്രര മന്ത്രി അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിസഭയിലെ ഏഴ് മന്ത്രിമാര്‍ക്കും രണ്ട് ഡസണില്‍ അധികം എംപിമാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരു ലോക്സഭാ എംപി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സെപ്തംബര്‍ 14ന് മുതല്‍ ഒക്ടോബര്‍ 1 വരെ നീളുന്ന സഭാ സെക്ഷന്‍ മുതിര്‍ന്ന അംഗങ്ങളില്‍ ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലരും സെക്ഷനില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്‍ 14 ന് തുടക്കമാവുന്നത്. 18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ അഞ്ച് ലോക്‌സഭാ എംപിമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായ രാജ്യസഭയിലേയും ലോക്‌സഭയിലേയും അംഗങ്ങള്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഏതൊക്കെ എംപിമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
എന്നാല്‍, പശ്ചിമ ബംഗാളിലെ ബലുര്‍ഘട്ട് ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന ബിജെപി എംപി സുകന്ത മജുംദാര്‍, ജല്‍പായ്ഗുരി ബിജെപി എംപി ജയന്ത റോയ്, ബിജെപിയുടെ ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്‍ജി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സുകന്ത മജുംദാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രോഗവിവരം അറിയിച്ചത്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ഫേസ് മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ മാനഗണ്ഡങ്ങള്‍ പാലിക്കണമെന്നായിരുന്നു സ്പീക്കറിടെ നിര്‍ദ്ദേശം. പാര്‍ലമെന്റ് സമ്മേളനത്തിന് എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് പരിശോധനയ്ക്ക് വിധേയമാകണമെന്നും കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ദ്ദേശമുണ്ട്. പേപ്പര്‍ ഉപയോഗം അനുകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എംപിമാര്‍ അവരുടെ സാന്നിധ്യം ഡിജിറ്റലായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ സുഗമമായി നടത്തുന്നതിന് സ്‌ക്രീന്‍ എല്‍ഇഡികള്‍ സ്ഥാപിക്കും. അറകള്‍ ശുചിത്വവല്‍ക്കരിക്കുമെന്നും കോവിഡ് -19 നായി എംപിഎസ് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകുമെന്നും ലോക്‌സഭാ സ്പീക്കര്‍ പറഞ്ഞു. ലോക്സഭാ ഹാളില്‍ 257യും, ലോക്സഭാ ഗാലറിയില്‍ 172യും, രാജ്യസഭയില്‍ 60തും, രാജ്യസഭ ഗാലറിയില്‍ 51ന്നും അംഗങ്ങള്‍ ഇരിക്കുമെന്ന് ബിര്‍ള പറഞ്ഞു.
അതേസമയം, ജിഡിപിയുടെ തകര്‍ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റെത്. ചോദ്യോത്തരവേള വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് വിട്ടുവീഴ്ച്ചനല്‍കാത്ത ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. ശൂന്യവേളയില്‍ അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകില്ലെന്നും എന്നാല്‍ രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു. ശൂന്യവേള മുപ്പത് മിനിറ്റാക്കി കുറച്ചതായും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും, സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ലോകസഭാ സ്പീക്കര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്താമായ മറുപടി നല്‍കിയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, താനല്ല അത് തെരഞ്ഞെടുക്കേണ്ടതെന്നും സര്‍ക്കാറും സഭയുമാണത് തീരുമാനിക്കേണ്ടതെന്നുമാണ് ബിര്‍ള പറഞ്ഞത്. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.