Connect with us

india

മോദി ഭവനമല്ല പാര്‍ലമെന്റ് മന്ദിരമാണ്; പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സംഘ്പരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള നീക്കമാണ്

ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്.

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സംഘ്പരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. ഇത് പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണ്. ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്ന വി.ഡി സവര്‍കറുടെ ജന്മവാര്‍ഷികദിനമായ മെയ് 28ന് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ തഴഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഉദ്ഘാടകന്‍. ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെ തലവനായ രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്. പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കുന്നതും ഓരോ വര്‍ഷത്തെയും സമ്മേളനത്തിന് അഭിസംബോധനയോടെ തുടക്കമിടുന്നതും ബില്ലുകള്‍ക്കും മറ്റും അംഗീകാരം നല്‍കുന്നതും രാഷ്ട്രപതിയാണ്. ഭരണഘടനപ്രകാരം പുതിയ പാര്‍ലമെന്റുമായി ബന്ധപ്പെട്ട എന്തും നിര്‍വഹിക്കേണ്ടത് രാഷ്ട്രപതിയാണ്. എന്നാല്‍, ഇവിടെ തറക്കല്ലിട്ടതും ദേശീയ ചിഹ്നം സ്ഥാപിച്ചതും ഇപ്പോള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതുമെല്ലാം പ്രധാനമന്ത്രിതന്നെയാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ചടങ്ങിലേക്ക് ക്ഷണം പോലുമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മുന്‍ രാഷ്ട്രപതിയേയും ഒഴിവാക്കിയിട്ടുണ്ട്. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് ഉദ്ഘാടനത്തിന് ഏറ്റവും അര്‍ഹന്‍. ആദിവാസി സമൂഹത്തില്‍നിന്നുള്ള രാഷ്ട്രപതി നമുക്കുണ്ടായിട്ടും എല്ലാം പ്രധാനമന്ത്രിതന്നെ നിര്‍വഹിക്കണമെന്ന് വാശിപിടിക്കുന്നത് അല്‍പത്തരമായേ കാണാനാവൂ. രാഷ്ട്രപതിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഉദ്ഘാടനത്തിന് ക്ഷണക്കത്തയപ്പിച്ചത് ലോക്‌സഭ സ്പീക്കറെ കൊണ്ടാണ്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെല്ലാം.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിരവധി മഹാത്മാക്കളുള്ള രാജ്യമാണ് നമ്മുടേത്. അവരുടെ കഷ്ടപ്പാടും ജയില്‍വാസവും ഇച്ഛാശക്തിയും സഹിഷ്ണുതയുമെല്ലാംകൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് പട്ടേല്‍, തുടങ്ങി നിരവധി പേരാണ് ഈ ഗണത്തിലുള്ളത്. അവരുടെ ആരുടെയെങ്കിലും ജന്മദിനമോ മരണദിനമോ തിരഞ്ഞെടുക്കാതെ ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറുടെ ജന്മദിനംതന്നെ തിരഞ്ഞെടുത്തത് ദുരുദ്ദേശ്യത്തോടെയാണ്. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും വഹിക്കാത്തയാളാണ് സവര്‍ക്കര്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചയാളാണ് അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവര്‍ഗീയാശയങ്ങള്‍ മനസില്‍ കൊണ്ടുനടന്നിരുന്ന വ്യക്തി മാത്രമാണ്. നാസിക് ജില്ലാ കലക്ടറായിരുന്ന എ.എം.ടി ജാക്‌സണെ വധിച്ചവര്‍ക്ക് ആയുധം എത്തിച്ചുനല്‍കിയ കേസില്‍ 1910 മാര്‍ച്ച് 13നു അറസ്റ്റിലായ സവര്‍കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ബ്രിട്ടനില്‍ നിന്നും നാടുകടത്തുകയായിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെടുകയും തുടര്‍ന്ന് പിടിയിലായ സവര്‍കര്‍ 1911 ജൂലൈ 4നു പോര്‍ട്ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെടുകയുമായിരുന്നു. ക്ലാസ് 3 ഡി തടവുകാരനായി ജയിലില്‍ എത്തിയ സവര്‍ക്കറെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു. ഏകാന്തതടവ് ഇളവു ചെയ്യാന്‍, ജയിലിലടക്കപ്പെട്ട് അമ്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ (1911 ഓഗസ്റ്റ് 30നു) മാപ്പപേക്ഷ സമര്‍പിക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1913 നവംബര്‍ 14ന് രണ്ടാമത്തെ ദയാഹര്‍ജി സമര്‍പ്പിച്ചു. ബ്രിട്ടീഷ്‌സാമ്രാജ്യത്തിനോടുള്ള വിധേയത്വം കനക്കുന്ന ഭാഷയിലാണ് സവര്‍കറിന്റെ എഴുത്തുകള്‍. സ്വാതന്ത്ര്യസമരത്തെയും അതില്‍ പങ്കെടുത്തവരെയും ചെറുതാക്കികാണിച്ചും മറ്റും സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമാണ് മാപ്പപേക്ഷയിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. പിന്നീട്, ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെട്ട സമയത്ത് 1914 സെപ്തംബര്‍ 14നു ബ്രിട്ടീഷ് ഗവണ്മെന്റിനു സഹായ വാഗ്ദാനങ്ങളോടെ സവര്‍കര്‍ മൂന്നാമത്തെ മാപ്പപേക്ഷ സമര്‍പ്പിച്ചു. 1917 ഒക്‌ടോബര്‍ 2, 1920 ജനുവരി 24, അതേ വര്‍ഷം മാര്‍ച്ച് 30 എന്നിങ്ങനെ സവര്‍കറിന്റെ അപേക്ഷകള്‍ വന്നുകൊണ്ടേയിരുന്നു. അഞ്ചു തവണയും മാപ്പപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്. ഓരോ തവണയും മാപ്പപേക്ഷയില്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് വീണ്ടും മാപ്പ് എഴുതേണ്ടിവന്നത്. ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടുവച്ച എല്ലാ ഉപാധികളും അംഗീകരിക്കാന്‍ തയ്യാറായ സവര്‍കറിനെ ഒടുവില്‍ 1921 മെയ് 2ന് സെല്ലുലാര്‍ ജയിലില്‍നിന്നു വിട്ടയച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും സഹപ്രവര്‍ത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് സവര്‍കര്‍ തടവറയില്‍നിന്ന് മോചനം നേടിയത്.
ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്. ഡോ. അംബേദ്കറെ പോലെ ഇന്ത്യന്‍ ഭരണഘടനയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരും നിരവധിയുണ്ട്. അവരെയെല്ലാം മറന്നാണ് സവര്‍കര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംഘ്പരിവാര്‍ നീക്കം. ഭരണഘടനാസ്ഥാപനങ്ങളെ ചൊല്‍പടിക്കുനിര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് കുറേ നാളുകളായി സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. അതിന്റെ ഭാഗമായിവേണം ഈ ഉദ്ഘാടനത്തേയും കാണേണ്ടത്.

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

india

അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി

Published

on

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യു.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്കെതിരായ കേസ് മോദിക്കും കേന്ദ്രസര്‍ക്കാറിനും രാജ്യാന്തര തലത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നതിനാല്‍ വിശേഷിച്ചും. ഈ തിരച്ചടി മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് സംഭവത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാറോ തയാറാകാത്തത്. രാജ്യത്തുമാത്രമല്ല രാജ്യാന്തര തലത്തിലുമുള്ള അദാനിയുടെ വളര്‍ച്ച സംശയാസ്പദമാണെന്നത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് ഇതിനുപിന്നിലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അദാനിക്കുപുറമെ അംബാനിയുള്‍പ്പെടെയുള്ള കുത്തകകളുടെ പരിലാളനയിലായിരുന്നു തുടക്കകാലത്ത് മോദിയുടെ പ്രയാണമെങ്കില്‍ പിന്നീട് ഇവരെപ്പോലും കൈയ്യൊഴിഞ്ഞ് അദാനിയെന്ന ഒറ്റപ്പേരിലേക്ക് മോദി ചുരുങ്ങുന്നതാണ് രാജ്യത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരുന്ന പതിവാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനിയുടേത്. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്. മോദി ഓരോ രാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞുവരുമ്പോഴും അവിടങ്ങളില്‍ അദാനിക്ക് കോടികളുടെ കരാര്‍ ലഭ്യമാകുന്നത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. ഗൗതം അദാനി സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത് ഇത് ആദ്യമൊന്നുമല്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തില്‍ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താന്‍ ഷോര്‍ട്ട് സെല്സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറുകയും ചെയ്തു. എന്നാല്‍ ഇത്തവണ കേസ് ഇന്ത്യക്ക് പുറത്താണെന്നത് അദാനിയുടെ തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. കേസ് വിവരം പുറത്തുവന്നയുടന്‍ തന്നെ കെനിയയെ പോലുള്ള രാജ്യങ്ങള്‍ കരാറുകളില്‍ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അതോടൊപ്പം ഉറ്റചങ്ങാതിയായ നരേന്ദ്രമോദി പിന്തുണയുമായി രംഗത്തെത്താത്തതും സംഭവത്തിന്റെ കിടപ്പുവശം ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്. ആരോപണ വിധേയനൊപ്പം പരസ്യമായി നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കിയ പ്രതിഛായയെ ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുമെന്ന് മോദിക്കം നന്നായറിയാം. പ്രത്യേകിച്ച് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയാണ് മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സ്വന്തക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്താല്‍ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് കണ്ടറിയേണ്ടതു തന്നെയാണ്.

ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരന്തരമായി അദാനി – മോദി കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണ ശരങ്ങള്‍ക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അടിവരയിടപ്പെട്ടിരിക്കുന്നത്. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ‘ഹം അദാനി കെ ഹേ’ എന്ന പരമ്പരയിലൂടെ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം തുറന്നുകാണിക്കുന്ന നൂറോളം ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. പുതിയ കേസിനു പിന്നാലെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും അദാനിക്കെതിരായ ഈ കുറ്റപത്രം അദ്ദേഹത്തിനുമാത്രമല്ല, പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര തലത്തില്‍ കനത്തതിരിച്ചടി സമ്മാനിക്കുമ്പോള്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിനും നല്‍കുന്നത് വലിയ അംഗീകാരമാണ്.

 

 

 

 

Continue Reading

india

ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ഇന്‍ഡ്യാ സഖ്യം

88ല്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നു.

Published

on

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജാര്‍ഖണ്ഡില്‍ ലീഡ് ഉയര്‍ത്തി ഇന്‍ഡ്യാ സഖ്യം. 88ല്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ 4,921 വോട്ടുകള്‍ക്ക് മുന്നിലാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ ഇന്‍ഡ്യാ മുന്നണി ലീഡ് ചയ്യുകയാണ്. ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യാ സഖ്യം.

ജാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ഥികളാണ് പോരാട്ടത്തിന് ഇറങ്ങിയിരുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയര്‍ന്നതും ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

 

Continue Reading

Trending