Connect with us

More

ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നടക്കാം

Published

on

നജീബ് കാന്തപുരം

അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്‍ മാത്രമേ മിനര്‍വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്‍ കൂടുതല്‍ ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്‍വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്‍പ്പെടെ കൂടുതല്‍ ആശങ്കയോടെ കാണുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പ്രത്യാശ പകരുന്ന വര്‍ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്‍ വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്‍ ചിലത്. ആദ്യമെ പറയാം. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ അഞ്ചോ പത്തോ വര്‍ഷമെന്നത് വലിയ കാലയളവല്ല. അയ്യായിരത്തിലേറെ വര്‍ഷങ്ങളുടെ ലിഖിത ചരിത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ഈ ഇരുട്ടിനെയും വകഞ്ഞുമാറ്റി ഒരു പൊന്‍വെളിച്ചം വരിക തന്നെ ചെയ്യും. തെരഞ്ഞെടുപ്പാനന്തരം വന്ന വിശകലനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാക്കുകളാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ജയിലിലടച്ച ലാലു പ്രസാദ് യാദവ്, ആരോഗ്യ കാരണങ്ങളാല്‍ പാറ്റ്‌നയിലെ ആസ്പത്രിയില്‍ കഴിയുമ്പോള്‍ ‘ദ ടെലഗ്രോഫ്’ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ഗാന്ധിജിയുടെ ഇന്ത്യ അവസാനിച്ചെന്നും ഇനി ഗോദ്‌സെയുടെ ഇന്ത്യയാണ് വരാനുള്ളതെന്നും അവകാശപ്പെടുന്നവര്‍ക്ക് വലിയ മുന്നറിയിപ്പായിരുന്നു ലാലുവിന്റെ വാക്കുകള്‍. ടാഗോറിന് പകരം ഹെഡ്‌ഗേവാറിന്റെ ചിന്തകള്‍ മേല്‍ക്കൈ നേടുമെന്ന പ്രവചനങ്ങളെ അപ്പാടെ തള്ളി ലാലു പറഞ്ഞു. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറും. എന്നാല്‍ ഇന്ത്യ മാറ്റമില്ലാതെ തുടരും. ഈ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി രാഹുല്‍ ഗാന്ധിയല്ല. പകരം രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പൊതുനേതാവായി ഉയര്‍ത്തിക്കാണിക്കാന്‍ വിസമ്മതിച്ച പ്രാദേശിക രാഷ്ട്രീയ കക്ഷികളാണ്. അവര്‍ ഈ തെരഞ്ഞെടുപ്പിനെ കേവലം നിയമസഭാതെരഞ്ഞെടുപ്പുകളായാണ് കണ്ടത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ പൊതു നേതാവായി ബി.ജെ.പി ഉയര്‍ത്തികാണിക്കുമ്പോള്‍ പകരം രാഹുല്‍ ഗാന്ധിയെ പ്രതിഷ്ഠിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം രാഹുല്‍ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ അവര്‍ സന്നദ്ധരായില്ല. മോദിയും ബി.ജെ.പിയുമാകട്ടെ ഈ തെരഞ്ഞെടുപ്പിനെ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മോദി പ്രഭാവത്തെ വോട്ടാക്കി മാറ്റുകയെന്ന തന്ത്രം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദൈവിക പ്രഭാവത്തോടെ മോദിയെ അവതരിപ്പിക്കുമ്പോള്‍, പകരമൊരു നേതാവിനെ അവര്‍ക്ക് മുന്നോട്ട്‌വെക്കാന്‍ ഉണ്ടായില്ല. ലാലു പറഞ്ഞു. ഏതൊരു കല്യാണ പന്തലിലും ഒരു മണവാട്ടി വേണം. ഈ തെരഞ്ഞെടുപ്പില്‍ അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മോദിയെ കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് മറ്റൊരു മണവാട്ടി ഉണ്ടായിരുന്നില്ല. മണവാട്ടിയില്ലാത്ത കല്യാണ പന്തല്‍ പോലെ പ്രതിപക്ഷം മാറിയതാണ് തോല്‍വിക്കു കാരണം.

ബി.ജെ.പിക്ക് സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 303 സീറ്റുകളിലേക്ക് അവര്‍ക്ക് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഏഴ് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് വര്‍ധിച്ചത്. 31-ല്‍ നിന്ന് 38 ശതമാനമായി ഉയര്‍ന്നു. അപ്പോഴും 62 ശതമാനമാളുകള്‍ ബി.ജെ.പിയോട് വിയോജിക്കുന്നവര്‍ തന്നെയാണ് ഇന്ത്യയിലുള്ളതെന്നത് പരമാര്‍ത്ഥമാണ്. ഇനി കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്നത് സംഘ്പരിവാറിന്റെ സ്വപ്‌നം മാത്രമാണ്. ഈ കനത്ത ഇരുട്ടിലും ഒരു വജ്രരേഖ പോലെ വീണ്ടെടുക്കാവുന്ന പ്രതീക്ഷകള്‍ ഏറെയുണ്ട്. കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് തനിച്ചുള്ളത്. എന്നാല്‍ ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അസദുദ്ദീന്‍ ഉവൈസിയെ പോലെയുള്ള വികല രാഷ്ട്രീയ വീക്ഷണുയര്‍ത്തുന്നവര്‍ പറയുന്നത് ഇന്ത്യന്‍ മനസ്സ് ഹിന്ദുത്വത്തിന് വഴങ്ങി എന്നാണ്. എന്നാല്‍ എത്ര പരിതാപകരമാണ് ഈ വിശകലനങ്ങള്‍. കാരണങ്ങള്‍ തേടിയുള്ള യാത്രകള്‍ എത്തിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിശകലന പാപ്പരത്തത്തിലേക്കാണ്. തോല്‍വി ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തിരിച്ചുവരവ് അനിവാര്യതയുമാണ്. ആ അനിവാര്യമായ യാത്രക്ക് കൂടുതല്‍ ഇന്ധനം പകരുകയാണ് നാം നിര്‍വഹിക്കേണ്ട രാഷ്ട്രീയ പ്രബുദ്ധത. ഇന്ത്യയിലെ മുസ്്‌ലിം സമുദായം ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഒരു രാഷ്ട്രീയ ശാക്തീകരണത്തിന് ഇനിയും ബാല്യമുണ്ടെന്ന് തിരിച്ചറിയണം. ആ നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ഗാന്ധിക്ക് മാത്രമേ സാധ്യമാകു എന്ന യാഥാര്‍ത്ഥ്യത്തെ ആയിരം വട്ടം ആവര്‍ത്തിക്കാം. അന്തിമമായ വിജയത്തിന് പൊരുതാം.
അരുന്ധതി റോയ് ഈ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ഒരു വിശകലനമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളും കലവറയില്ലാത്ത അവരുടെ പിന്തുണയും മോദിക്കായിരുന്നു. പണമൊഴുക്കാന്‍ നിറഞ്ഞ ഖജനാവുകളുണ്ടായിരുന്നു. തീപ്പൊരിയായി പടര്‍ത്താന്‍ വിഷം പുരട്ടിയ വാക്കുകളും തീവ്ര ദേശീയതയുമുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി 30 ഇരട്ടിയിലേറെ പണം ഇനിയും ഒഴുക്കാനുണ്ടായേക്കാം. എന്നാല്‍ ആ പണത്തേയും മറികടന്ന് ഇന്ത്യ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ വലിയൊരു വിഭാഗം ഇപ്പോഴും മതേതര ചിന്താഗതിക്കാര്‍ തന്നെയാണ്. ലിബറലുകള്‍, സോഷ്യലിസ്റ്റുകള്‍, ന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍ തുടങ്ങി വലിയൊരു പ്രതിപക്ഷമുണ്ട്. ആ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമകരമായ ജോലികള്‍ ഇനിയും നമുക്ക് തുടരാനാവും. പുതിയ താരോദയങ്ങള്‍ ഇനിയുമുണ്ടാകും. ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഒരു പോരാളിക്ക് അനിവാര്യമായി വേണ്ടത്. രാഹുല്‍ഗാന്ധിക്ക് ആത്മവിശ്വാസം പകരാന്‍ എന്നും മതേതരത്വത്തിന്റെ കാവലാളായിനിന്ന കേരളത്തിന് കഴിയും.

മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു: ഇന്ത്യയിലെ ഒരു ജനത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉന്നതമായ രാഷ്ട്രീയബോധം പ്രകടിപ്പിച്ചത്. അത് മലയാളികളാണ്. മലയാളി എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. ഈ നാട് എത്ര ശക്തമായാണ് വര്‍ഗീയതക്കെതിരെ ബുദ്ധിപരമായി രാഷ്ട്രീയ ബോധത്തെ ഉയര്‍ത്തിപ്പിടിച്ചത്. രാഹുല്‍ഗാന്ധി ഈ രാജ്യത്തോട് സംസാരിച്ചതത്രയും നിഷ്‌കളങ്കമായിട്ടായിരുന്നു. എതിരാളികള്‍ക്ക് കാപട്യം മാത്രമാണുണ്ടായിരുന്നത്. ആ കാപട്യത്തെ മലയാളി സമൂഹം ചവിട്ടിക്കൂട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. നമ്മെളൊരു ചെറിയ സമൂഹമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒരു കൊച്ചു സംസ്ഥാനം. രാഹുല്‍ഗാന്ധി ഈ കേരളത്തിലേക്ക് വന്നത് കേരളത്തിന്റെ മനസ്സറിഞ്ഞുതന്നെയാണ്. പ്രധാനമന്ത്രി പദം ഒരിക്കലും രാഹുല്‍ഗാന്ധിയെ പ്രലോഭിച്ചിട്ടില്ല. ഒരു രാജ്യത്തെ വീണ്ടെടുക്കാന്‍ ഒരു ജനതക്കുണ്ടാവേണ്ട ആശയ പോരാട്ടത്തിന്റെ അര്‍ത്ഥ തലങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസ് നേതാവ് ആര്‍.എസ്.എസിനെ മുഖ്യശത്രുവായി അവതരിപ്പിച്ച് നേര്‍ക്കുനേര്‍ യുദ്ധം ചെയ്തത് ഇതാദ്യമാണ്. ഈ പോരാട്ടത്തില്‍ അതു കൊണ്ട് തന്നെ രാഹുല്‍ഗാന്ധി തോറ്റിട്ടില്ല.

കേരളത്തിന്റെ വിധിയെഴുത്ത് ഇന്ത്യക്ക് തന്നെയുള്ള പാഠമാണ്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ഹൈന്ദവ സമൂഹം സംഘ്പരിവാറിനെ ആ പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. വര്‍ഗീയതയെ നേര്‍ക്കുനേര്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ആശയ പ്രചാരണം തന്നെ വേണമെന്ന് അവര്‍ തെളിയിച്ചു. ഇടതുപക്ഷത്തിന് വോട്ട് നല്‍കി അവര്‍ വിലയേറിയ വോട്ടുകള്‍ പാഴാക്കിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശരിയായ ദിശയില്‍ അവര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. യു.പിയിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്‍ഗാന്ധിക്കെതിരായി കടുത്ത വിമര്‍ശനം ഉയരുന്ന സമയമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റാണ് രാഹുല്‍ഗാന്ധി ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇനിയൊരു പ്രത്യയശാസ്ത്ര യുദ്ധം കൊണ്ടല്ലാതെ കോണ്‍ഗ്രസിന് തിരിച്ചുവരാനാവില്ല. ഞങ്ങള്‍ കൗതുകത്തോടെ ചോദിച്ചു. എന്താണ് ആ യുദ്ധം? രാഹുല്‍ഗാന്ധി വിശദമാക്കി. ഹിന്ദുത്വ എന്ന തീവ്ര വര്‍ഗീയതയാണ് ബി.ജെ.പി ആയുധമാക്കുന്നത്. അവരെ പ്രതിരോധിക്കാന്‍ പലപ്പോഴും കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത് മൃദുഹിന്ദുത്വം എന്ന മറുവഴിയായിരുന്നു. അത് ശരിയായ യുദ്ധമായിരുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത് സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കറകളഞ്ഞ മതേതരത്വം എന്ന ആശയം കൊണ്ട് പ്രതിരോധിക്കാനാവണം. അതിന് ഇനിയും തോല്‍വികള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം. പക്ഷേ, അന്തിമ വിജയം മതേതരത്വത്തിന് തന്നെയായിരിക്കും. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്‍ഗാന്ധി ഓരോ പ്രസ്താവനയിലും അത്തരമൊരു ആശയ സമരത്തിന്റെ പോര്‍മുഖം തുറന്നു. തന്റെ മുഖ്യശത്രു ആര്‍.എസ്.എസാണെന്നും മോദിയുടെ വര്‍ഗീയതയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. ധീരമായിരുന്നു ആ വാക്കുകള്‍. ആരോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അത്തരമൊരു ആശയ സമരം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ മുഴക്കാന്‍ അചഞ്ചലനായ നേതാവിന് കഴിഞ്ഞു. നിരായുധനായിരുന്നു അദ്ദേഹം. പണച്ചാക്കുകള്‍കൊണ്ട് അമിത്ഷാ ജനങ്ങളെ വിലക്കെടുക്കാന്‍ പറന്നുനടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, വിശ്രമമില്ലാത്തെ രാഹുല്‍ പൊരുതി. മാധ്യമങ്ങളുടെ വിലയേറിയ സമയങ്ങത്രയും മോദി സ്തുതിയില്‍ മുങ്ങിപ്പോയിരുന്നു. കോര്‍പറേറ്റുകളുടെ പണ സഞ്ചികളത്രയും ബി.ജെ.പിയുടെ ഖജനാവുകള്‍ നിറച്ചിരുന്നു. നാല് ജോഡി വസ്ത്രങ്ങള്‍ പോലുമില്ലാത്ത രമ്യഹരിദാസുമാരുടെ ഒഴിഞ്ഞ കൈകളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ജനങ്ങള്‍ അതേറ്റെടുത്തു. മലയാളികള്‍ ആ ദൗത്യം വിജയിപ്പിച്ചു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ നിമയസഭാ തെരഞ്ഞെടുപ്പുകള്‍ ഇനിയും നമുക്ക് മുമ്പില്‍ വരാനുണ്ട്. മോദി പ്രഭാവം പട്ടിണി മാറ്റില്ലെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ ദിനം വരും വരെ ക്ഷമയുള്ളവരാകാന്‍ എത്ര പേരുണ്ടെന്നതാണ് ഇനിയുള്ള ചോദ്യം. രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തുകയാണ്. തന്റെ ആശയ സമരത്തെ നെഞ്ചേറ്റുവാങ്ങിയ മണ്ണില്‍ കാലുകുത്തുകയാണ്. തകര്‍ന്നുപോയ ഒരു പോരാളിയായിട്ടല്ല; താനുയര്‍ത്തിയ ആശയത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള പിന്തുണതേടിയാണ് ആ വരവ്. ഒരു കൊടുങ്കാറ്റിനും അണയ്ക്കാന്‍ കഴിയാത്ത വിളക്കാണ് രാഹുല്‍ എന്ന് ഇന്ത്യയെ പഠിപ്പിച്ച മലയാളികളെ കാണാനാണ് ഈ വരവ്. അമേത്തി ചതിച്ചപ്പോഴും കൂടെ ചങ്കു പറിച്ചുനിന്ന മലയാളികളെ കാണാന്‍.

ഇന്ത്യ നമുക്കൊരു രാജ്യംമാത്രമല്ല. അഭിമാനമുള്ള ഒരു സ്വപ്‌നംകൂടിയാണ്. ഇന്ത്യ നമുക്കൊരു വികാരം മാത്രമല്ല. വിജയിക്കുമെന്നുറപ്പുള്ള ആശയംകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്‍ രാജ്യം തോറ്റുപോയപ്പോഴും ജയിച്ചവരാണ് മലയാളികള്‍. ആ ജയത്തിന്റെ ആരവമാണ് നമുക്ക് നമ്മുടെ രാജ്യത്തോട് പങ്കുവെക്കാനുള്ളത്. രാഹുല്‍ഗാന്ധി സത്യസന്ധനാണ്. കപടനായ ഒരു രാഷ്ട്രീയനേതാവിന് മുമ്പില്‍ കാലിടറാതെനിന്ന പോരാളിയാണ്. രാഹുല്‍ തോറ്റുപോകരുത്. ഒരുപക്ഷേ ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇനിയും അധിക്ഷേപിക്കപ്പെട്ടേക്കാം, ആക്രമിക്കപ്പെട്ടേക്കാം, അപമാനിക്കപ്പെട്ടേക്കാം. റെയ്‌സിനാ ഹില്ലില്‍ രണ്ടാമൂഴത്തിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോഴും ആസാമിലെ ഒരു ഗ്രാമത്തില്‍ നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു സൈനികനുണ്ട്. മുഹമ്മദ് സനാഉല്ല. കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ സനാഉല്ല ജൂനിയര്‍ കമാന്റ് ആയിരുന്നു. രാഷ്ട്രപതിയുടെ മെഡലുകള്‍ നേടിയ വ്യോമസേനയിലെ അംഗം. മുപ്പത് വര്‍ഷത്തെ പട്ടാള ജീവിതത്തിനുശേഷം ഹോണററി ലെഫ്റ്റനന്റ് ആയി വിരമിച്ച ധീരന്‍. എന്നാല്‍ അമിത്ഷായുടെ ഭാഷയില്‍ ഇദ്ദേഹം വെറും ചിതലാണ്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വിദേശി എന്ന് മുദ്രകുത്തി ആസാമിലെ ബോര്‍ഡര്‍ ട്രിബ്യൂണല്‍ ഇദ്ദേഹത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്കയക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബംഗാളില്‍വെച്ചാണ് അമിത്ഷാ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചിതലുകള്‍ നിങ്ങള്‍ക്കുള്ള ഭക്ഷണമാണ് തിന്നുതീര്‍ക്കുന്നത്. നിങ്ങളുടെ അവസരങ്ങളാണ് കൊള്ളയടിക്കുന്നത്. അത്തരമൊരു ആക്രോശം മുഴക്കിയ ആള്‍ ആഭ്യന്തര മന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ സനാഉല്ലമാര്‍ക്ക് നെഞ്ചുപൊട്ടി കരയാനേ കഴിയൂ. ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ഇന്ത്യയില്‍ ന്യൂനപക്ഷ സമൂഹം ഒരാളെ മാത്രമേ കാണുന്നൂള്ളൂ. രാഹുല്‍ജീ. അതങ്ങയെയാണ്. വര്‍ഗീയതകൊണ്ട് മതില്‍കെട്ടാത്ത അങ്ങേക്ക് മാത്രമേ ആ കണ്ണീര് തുടക്കാന്‍ കഴിയൂ. അതുകൊണ്ട് ആരൊക്കെ കൈവിട്ടാലും ആരൊക്കെ കല്ലെറിഞ്ഞാലും ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയെ വേണം രാഹുല്‍ജീ. ഇന്ത്യ ജീവിച്ചിരിക്കുന്നുവെന്ന് ഞങ്ങളെ വീണ്ടും വീണ്ടുമോര്‍മിപ്പിക്കാന്‍. അമേത്തി ഒരു ദുഃഖമായി അങ്ങയുടെ മനസ്സിലാണ്ടാകാം. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഗുജറാത്തും അങ്ങയെ കൈവിട്ടിട്ടുണ്ടാകാം. എന്നാല്‍ ഈ മലയാളനാടിന്, ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച ഈ മണ്ണിന് അങ്ങയെ കൈവിടാനാകില്ല. ഞങ്ങളുടെ ജീവിതം മതേതരത്വമാണ്. അത് ഞങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിച്ചതല്ല. ഞങ്ങളുടെ വീടുകളില്‍നിന്ന് അനുഭവിച്ചുപഠിച്ചതാണ്. ഞങ്ങളുടെ ഉമ്മമാര്‍ ഒരേ മേശക്കുചുറ്റുമിരുത്തി വിളമ്പിത്തന്ന ഭക്ഷണത്തില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പങ്കിട്ട വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. ഞങ്ങള്‍ ഒരുമിച്ച് കിടന്ന ആസ്പത്രി വരാന്തകളില്‍നിന്നാണ് ഞങ്ങള്‍ ആ മതേതരത്വത്തെ പുണര്‍ന്നത്. ഞങ്ങള്‍ ഒരുമിച്ചുകരഞ്ഞ മരണവീടുകളില്‍നിന്നാണ്, ഞങ്ങള്‍ ഒരുമിച്ചാഹ്ലാദിച്ച ഉല്‍സവപ്പറമ്പുകളില്‍നിന്നാണ് ഞങ്ങള്‍ മതേതരത്വം പഠിച്ചത്. അതുകൊണ്ട് രാഹുല്‍ജീ, ഇനി താങ്കള്‍ ഞങ്ങള്‍ക്കൊരു ജനപ്രതിനിധി മാത്രമല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കാനുള്ള കാവല്‍ക്കാരന്‍കൂടിയാണ്. ആ കാവല്‍ക്കാരന്റെ കൂടെ ഞങ്ങള്‍ ചങ്കുപറിച്ചുനല്‍ക്കുമെന്ന് ഉറപ്പാണ്. താങ്കളീ മണ്ണില്‍ കാലുകുത്തുമ്പോള്‍ ഞങ്ങള്‍ക്ക് നല്‍കാനുള്ളത്. ആ ഉറപ്പിന്റെ പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ നല്‍കിയ മാന്‍ഡേറ്റ്. അങ്ങ് വരൂ, ചരിത്രം കാത്തിരിക്കുന്ന ആ പോരാട്ടത്തിന് കച്ചമുറുക്കൂ. കേരളം കൂടെയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.
മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.

Continue Reading

crime

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍

വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

Continue Reading

Film

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്

Published

on

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം)  ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിം​ഗ് ആരംഭിക്കും. 29-ാമത് ഐഎഫ്എഫ്കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദർശിപ്പിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയറ്റർ റിലീസിനും ശേഷമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ റിലീസ് ചെയ്തത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു ചിത്രം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രവുമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending