നീറ്റ് യു.ജി വിവാദത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ബജറ്റ് സെഷന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്റിലെ ആദ്യസമ്മേളനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൊമ്പു കോര്‍ക്കലിന് വേദിയായി. ചോദ്യോത്തര വേളയിലാണ് രാഹുല്‍ നീറ്റ് വിഷയം ഉന്നയിച്ചത്.
ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണെന്നും ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം മുഴുവന്‍ ക്രമക്കേട് നിറഞ്ഞതായി മാറിയെന്ന ഭീതിയിലാണ് അവര്‍. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുല്‍ വെല്ലുവിളിച്ചു. ”എന്താണ് ഇവിടെ നടന്നതുകൊണ്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാന കാര്യം പോലും വിദ്യാഭ്യാസ മന്ത്രിക്ക് മനസിലായിട്ടില്ല. എല്ലാറ്റിനെയും അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇന്ത്യയിലെ പരീക്ഷ സമ്പ്രദായത്തെ കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍. നിങ്ങള്‍ ധനികനാണെങ്കിലും, കൈയില്‍ പണമുണ്ടെങ്കിലും പരീക്ഷ സമ്പ്രദായത്തെ വിലക്ക് വാങ്ങാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എല്ലാവര്‍ക്കും അതാണ് തോന്നുന്നത്. വ്യവസ്ഥാപിത പ്രശ്‌നമാണിത്. ആ നിലയില്‍ എല്ലാം വ്യവസ്ഥാപിതമാക്കാന്‍ എന്താണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ ആദ്യ ചോദ്യം.”-രാഹുല്‍ പറഞ്ഞു.
ഏഴുവര്‍ഷമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. അദ്ദേഹം യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെയകലെയാണ്. വിദ്യാഭ്യാസ സമ്പ്രദായം പണക്കാര്‍ വിലകൊടുത്തു വാങ്ങിയതിന്റെ ഫലം അനുഭവിക്കുന്നത് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണെന്നും രാഹുല്‍ ആരോപിച്ചു. തുടര്‍ന്ന് രാഹുല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ് സ്പീക്കര്‍ ഓം ബിര്‍ള ഇടപെട്ടു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന ആരോപണം ഈ പരീക്ഷകള്‍ വിജയിച്ച വിദ്യാര്‍ഥികളുടെ ഭാവിയെയും ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള്‍ തടയാന്‍ 2010ല്‍ യു.പി.എ സര്‍ക്കാര്‍ ഒരു ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ കോളജുകളുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് ധര്‍മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു. ബില്ല് അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 240 മത്സര പരീക്ഷകള്‍ നടന്നുവെന്നും 5 കോടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോണ്‍ഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങള്‍ക്ക് ധര്‍മേന്ദ്ര പ്രതികരിച്ചിരുന്നു.
2014 നു ശേഷം ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന വന്ന ക്രമക്കേടുകള്‍ പട്‌നയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ളതാണെന്നും ഇതെ കുറിച്ചുള്ള പരാതികളില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയും വിഷയം പരിഗണിച്ചുവെന്നും നീറ്റ് പരീക്ഷ മരവിപ്പിക്കില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തവണ നീറ്റ് പരീക്ഷയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എസ്.സി, എസ്.ടി, ദരിദ്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തു.