കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ യുഎപിഎ നിലനിര്‍ത്തി പോലീസ് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് കൈമാറി. യുഎപിഎ ചുമത്തേണ്ട കേസല്ല ഇതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതികള്‍ സിപിഎം അംഗങ്ങളാണ്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. യുവാക്കളുടെ ഭാവി തകര്‍ക്കുന്ന രീതിയിലാണ് പോലീസ് നടപടികളെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം യുഎപിഎ ഒഴിവാക്കുന്നത് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പോലീസുമായി ആലോചിച്ച് പറയാം. പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കി.