Connect with us

More

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 325 ഒഴിവ്

Published

on

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 325 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2.

മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍- 3, മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ -2, ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-1 വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്), മാനേജര്‍ (ക്രെഡിറ്റ്), സീനിയര്‍ മാനേജര്‍ (ലോ), മാനേജര്‍ (ലോ), മാനേജര്‍ (എച്ച്ആര്‍ഡി), ഓഫിസര്‍ (ഐടി) എന്നീ വിഭാഗങ്ങളിലായാണ് നിയമനം. ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക. യോഗ്യത, പ്രായം, ജോലിപരിചയം ചുരുക്കത്തില്‍ ചുവടെ.

സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കില്‍ ഫിനാന്‍സ് സ്‌പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം/ഡിപ്ലോമ, 25- 37 വയസ്, കുറഞ്ഞത് 5 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കില്‍ ഫിനാന്‍സ് സ്‌പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം/ഡിപ്ലോമ, 25- 35 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

സീനിയര്‍ മാനേജര്‍ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 28- 35 വയസ്, കുറഞ്ഞത് 7 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 25- 32 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (എച്ച്ആര്‍ഡി): പഴ്‌സനെല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/ എച്ച്ആര്‍ഡി/ എച്ച്ആര്‍എം/ ലേബര്‍ ലോയില്‍ ദ്വിവല്‍സര ഫുള്‍ടൈം പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം/ ഡിപ്ലോമ, 25- 35 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

ഓഫിസര്‍ (ഐടി): ഫുള്‍ടൈം എംസിഎ/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് /കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിഇ/ ബിടെക്, 21- 28 വയസ്, കുറഞ്ഞത് ഒരു വര്‍ഷം ജോലിപരിചയം.

2019 ഫെബ്രുവരി 14 അടിസ്ഥാനമാക്കി യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കും.ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വികലാംഗ വിഭാഗക്കാര്‍ക്കു 10 വര്‍ഷവും ഇളവ് ലഭിക്കും.വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 24 നു പരീക്ഷ നടത്തും. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും.

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് 100 രൂപ മതി. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് (വിസ, മാസ്റ്റര്‍, റുപേ), ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാര്‍ഡ്, മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച് ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനു www.pnbindia.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ അപേക്ഷാഫോം പ്രിന്റൗട്ടും ഫീസ് അടച്ച രസീതും അപേക്ഷകര്‍ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും.

അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും വായിച്ചു മനസിലാക്കണം.

india

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.

Published

on

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്‍ കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

 

Continue Reading

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പുദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ളയാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രിയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം. എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവ ദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കിയതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതി ഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്.

ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേത്യത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്തകത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading

kerala

എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

Published

on

മലപ്പുറം: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ഓഫീസ് മലപ്പുറത്ത് തുറന്നു. എം.എസ്.എഫിന് നിരവധി സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന ട്രഷററും മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന പി.എം.ഹനീഫിന്റെ നാമധേയത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയില്‍ വിശാലമായ ഓഫീസ് സൗകര്യവും വായനാ മുറിയും വിശ്രമ കേന്ദ്രവുമടങ്ങുന്നതാണ് ഓഫീസ്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ കെ.എന്‍.ഹക്കീം തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകരുടെ ചിലകാല അഭിലാഷമായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന സെക്രട്ടറി പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഇസ്മായില്‍ മൂത്തേടം, കെ.ടി.അഷ്‌റഫ്, ടി.പി.അഷ്‌റഫലി, മുജീബ് കാടേരി, ശരീഫ് കുറ്റൂര്‍, ബാവ വിസപ്പടി, എന്‍.കെ.ഹഫ്‌സല്‍ റഹ്‌മാന്‍, ടി.പി.ഹാരിസ്, കെ.പി.മുഹമ്മദ് കുട്ടി, പി.എ.സലാം, കുന്നത്ത് മുഹമ്മദ്, സി.കെ.ഷാക്കിര്‍, പി.വി.അഹമ്മദ് സാജു, അഷ്ഹര്‍ പെരുമുക്ക്, വി.കെ.എം.ഷാഫി, ഫാരിസ് പൂക്കോട്ടൂര്‍, പി.എച്ച്.ആയിഷ ബാനു, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, റുമൈസ റഫീഖ്, അഡ്വ: കെ.തൊഹാനി, സമീര്‍ എടയൂര്‍, ഡോ: ഫായിസ് അറക്കല്‍, ഡോ: അനസ് പൂക്കോട്ടൂര്‍, ആയിഷ മറിയം, ടി.പി.ഫിദ, ജാഫര്‍ വെള്ളേക്കാട്ടില്‍, കെ.വി.മുഹമ്മദലി, സി.കെ.എ.റസാഖ് പ്രസംഗിച്ചു. പി.എം.ഹനീഫിന്റെ സഹോദരന്‍ പി.എം.സാദിഖും, മകന്‍ മുഫീദ് റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍, ടി.പി.നബീല്‍, യു.അബ്ദുല്‍ ബാസിത്ത്, എന്‍.കെ.അഫ്‌സല്‍, പി.ടി.മുറത്ത്, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, അര്‍ഷദ് ചെട്ടിപ്പടി, ഫര്‍ഹാന്‍ ബിയ്യം, വി.പി.ജസീം, എ.വി.നബീല്‍, സി.പി.ഹാരിസ് നേതൃത്വം നല്‍കി.

Continue Reading

Trending