Connect with us

kerala

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട

Published

on

സാമുദായിക സൗപാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്താനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും, വിവിധ വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും സംഘ്പരിവാര്‍ ശക്തികളുടെ നേത്യത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ത്യശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായിനീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നത്.

രാജ്യത്തെ ഇതര ദേശങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഈറ്റില്ലമാക്കിമാറ്റുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള പാണക്കാട് കുടുംബത്തെയും മഹിതമായ ആ തറവാടിന്റെ വര്‍ത്ത മാനകാല നായകന്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങളെയും അനിതരസാധാരണമായ രീതിയില്‍ ലക്ഷ്യംവെക്കുന്നതിലൂടെ ഈ നാട് തകര്‍ന്നുകാണാനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കനത്തൊരു കൈത്താങ്ങാണ് പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്. ജാതിമത ഭേദമന്യേ ഒരാള്‍ക്കു മുന്നിലും ഒരിക്കലും കൊട്ടിയടക്കപ്പെടാതെ, മനുഷ്യന്റെ പ്രയാസങ്ങളിലേക്കും വേദനകളിലേക്കും തുറന്നുവെച്ച് കവാടമാണ് കൊടപ്പനക്കല്‍ തറവാട്. ആര്‍ക്കും എപ്പോഴും കടന്നുവരാവുന്ന, സങ്കടങ്ങള്‍ പങ്കുവെക്കാവുന്ന വേദനകള്‍ ഇറക്കിവെക്കാവുന്ന ആ കോലായയെ ലോകം അല്‍ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അസാധ്യമെന്ന് കരുതിയ പലതും ആ തിരുമുറ്റത്തു വെച്ച് സാധ്യമാവുന്നത് കണ്ട് സമുദായവും സമൂഹവും പലതവണ അമ്പരന്നുനിന്നിട്ടുണ്ട്. ആശയപരമായി വിയോജിക്കുന്നവര്‍പോലും മാനവികതയുടെ ഈ മഹാത്മ്യ ത്തില്‍ പങ്കാളികളാകുന്നതിനും അത് പാടിപ്പുകഴ്ത്തുന്നതിനും ഒരു മടിയും മറയും പ്രകടിപ്പിക്കാറില്ല.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗംവിട്ട് സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യറും സാക്ഷ്യപ്പെടുത്തിയത് ഈ യാഥാര്‍ത്ഥ്യമാണ്. ബി.ജെ.പിയോടൊപ്പമായിരുന്നപ്പോള്‍ പോലും ഈ മുറ്റത്തെ അല്‍ഭുതത്തോടെയാണ് താന്‍ നോക്കിക്കണ്ടിരുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നല്ല. ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍, ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള്‍ ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ മ തേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്. മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു പറയുന്ന മതനിരപേക്ഷതയോട് ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ ഈ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ച്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയുമല്ലേ വേണ്ടത്.

ബാബരി മസ്ജിദ് ധ്വംസനാനന്തരമുള്ള സ്‌തോഭജനകമായ രാഷ്ട്രീയ സാഹചര്യത്തെയാണ് സാദിഖലി തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി ഉപയോഗിച്ചതെന്നതും യാദൃശ്ചികമായി കാണാനാകില്ല. സംഘ്പരിവാര്‍ ആഗ്രഹിച്ചതുപോലെ രാജ്യമൊന്നടങ്കം വര്‍ഗീയകലാപങ്ങളാല്‍ വെന്തുരുകിയപ്പോള്‍ കേരളം സമാധാനത്തിന്റെ തുരുത്തായി മാറിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെടുത്ത ധീരോദാത്തമായ നിലപാടൊന്നുകൊണ്ടുമാത്രമായിരുന്നുവെന്നതിന് സാക്ഷി കലര്‍പ്പില്ലാത്ത ചരിത്രമാണ്. വൈകാരിക വിക്ഷോഭങ്ങളുടെ മഹാപ്രവാഹങ്ങള്‍ക്കുമുന്നില്‍ സമാധാനത്തിന്റെ സന്ദേശവുമായി ഒരവദൂതനെപോലെ നി ലയുറപ്പിക്കുമ്പോള്‍ രാഷ്ട്രിയമായ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്‌കങ്ങളിലേക്കല്ല തങ്ങള്‍ നോക്കിയത്. മറിച്ച് ഈ നാടിന്റെ സമാധാനാന്തരീക്ഷത്തിന്റെ സംരക്ഷണത്തിലേക്കാണ്. മനസാക്ഷി മരവിച്ചുപോയിട്ടില്ലാത്ത, ഹ്യദയം കല്ലായിപ്പോയിട്ടില്ലാത്ത ഏതൊരാളുടെയും കാതുകള്‍ കോരിത്തരിക്കുകയും കണ്ണുകള്‍ ഈറനണിഞ്ഞുപോവുകയും ചെയ്യുന്ന സമ്മോഹനമായ ഈ ചരിത്രമുഹൂര്‍ത്തത്തെ കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന്‍ ശ്രമിക്കുന്നതിലൂടെ പിണറായി വിജയന്‍ സ്വയം ചെറുതാവുകയാണ് ചെയ്യുന്നത്. പറഞ്ഞുറപ്പിച്ചുപോയ ധാരണകള്‍ക്കുവേണ്ടി മുഖ്യമന്ത്രിക്ക് മനസാക്ഷിയെ തന്നെ പണയപ്പെടുത്തേ ണ്ടിവരുന്നുണ്ടാവാം. എന്നാല്‍ ഈ നാടിന്റെ അസ്തിവാരമിളക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുണ്ടാകരുതെന്ന് മാത്രമേ അദ്ദേഹത്തെ ഓര്‍മപ്പെടുത്താനുള്ളൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്.

Published

on

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്പലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷണ്മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 167 പേരെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനക്ക് വിധേയമാക്കി.

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 167 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ (12.234 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 155 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

 

Continue Reading

kerala

മലപ്പുറത്ത് മദ്യലഹരിയില്‍ കത്തിയുമായി കൊലവിളി നടത്തിയ ആള്‍ പിടിയില്‍

മലപ്പുറം തിരൂരങ്ങാടിയില്‍ മദ്യലഹരിയില്‍ പ്രേശവാസികള്‍ക്കുനേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റില്‍.

Published

on

മലപ്പുറം തിരൂരങ്ങാടിയില്‍ മദ്യലഹരിയില്‍ പ്രേശവാസികള്‍ക്കുനേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മാട് മാനിപ്പാടം സ്വദേശി റാഫി ആണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ കത്തിയുമായി എത്തിയ ഇയാള്‍ കുത്തി കൊല്ലുമെന്നായിരുന്നു അയല്‍വാസികളെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു തിരൂരങ്ങാടി മാനിപ്പാടത്ത് സംഭവം നടന്നത്. കത്തിയുമായെത്തിയ ഇയാള്‍ അയല്‍പക്കത്തെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.’തനിക്ക് നേരെ വന്നാല്‍ ആരായാലും വയര്‍ കുത്തി കീറും’ എന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്.

ഇയാള്‍ നിരവധി കഞ്ചാവ് കേസില്‍ ഉള്‍പ്പടെ പ്രതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

Trending