Connect with us

Culture

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നീക്കം ഐ.ഐ.ടി റിപ്പോര്‍ട്ട് മറികടന്ന്

Published

on

സ്വന്തം ലേഖകന്‍
കൊച്ചി: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് ആരോപണം. ആറിനം അറ്റകുറ്റപണികള്‍ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നായിരുന്നു ഐ.ഐ.ടി സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതിനെ അവഗണിച്ച് ഇ.ശ്രീധരന്റെ നിര്‍ദേശ പ്രകാരമാണ് പാലം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഖജനാവിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലത്തിന്റെ തകരാറുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതും പരിശോധന നടത്തിയതും ചെന്നൈ ഐ.ഐ.ടിയാണ്. ഐ.ഐ.ടി സംഘത്തിന്റെ വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ട് കരാറുകാരന്‍ സ്വന്തം ചെലവില്‍ പാലത്തില്‍ അറ്റകുറ്റ പണികള്‍ തുടങ്ങിയിരുന്നതാണ്. ഡെക്ക് സ്ലാബ് കണ്ടിന്യൂറ്റി ജോയിന്റ് സിസ്റ്റം മാറ്റി എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ നല്‍കുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) മാനദണ്ഡ പ്രകാരം ഡക്ക് സ്ലാബ് വീണ്ടും ടാര്‍ ചെയ്യുകയും ചെയ്തു. ബിയറിങുകളും മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബര്‍ ഫൈബര്‍ റാപ്പിങും പിയറുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ ജോലികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാവും. ഈ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാലത്തില്‍ പത്തു മുതല്‍ 20 വര്‍ഷം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടതാണ്. ഇങ്ങനെയിരിക്കെ പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു.

പാലത്തിന്റെ ഗര്‍ഡറുകള്‍ ബലപ്പെടുത്താന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് എന്ന അതിനൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത പ്രൊഫ. അളകസുന്ദര മൂര്‍ത്തി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശവും സര്‍ക്കാര്‍ അവഗണിച്ചു. എറണാകുളം ജില്ലയിലെ തന്നെ മൂവാറ്റുപുഴ-പെരിമറ്റം ആറിന് കുറുകെ ദേശീയപാതയില്‍ 70 വര്‍ഷം പഴക്കമുള്ള പാലത്തിന് തകരാറുകള്‍ പരിഹരിക്കാന്‍ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് വിദ്യ ഉപയോഗപ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ റാപ്പിങിന് പുറമെ ഐ.ആര്‍.സി മാനദണ്ഡ പ്രകാരമുള്ള ലോഡ് ടെസ്റ്റ് കൂടി ചെയ്ത് ബല ക്ഷമത കൂടി ഉറപ്പ് വരുത്തിയാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവും.
ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ പരിഷ്‌ക്കരിച്ച ഡക്ക് സ്ലാബ് ഇപ്പോള്‍ കുറ്റമറ്റതാണെങ്കിലും പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നാണ് ഇ.ശ്രീധരന്റെ നിര്‍ദേശം. റീ ഇന്‍ഫോസ്ഡ് സിമന്റ് കോണ്‍ക്രീറ്റ് (ആര്‍.സി.സി) ഗര്‍ഡറുകള്‍ നീക്കം ചെയ്ത് പ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് (പി.എസ്.സി) ഗര്‍ഡറുകള്‍ കൊണ്ടുവന്ന് സ്ഥാപിക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ ആര്‍.സി.സി ഗര്‍ഡറുകള്‍ ഇളക്കിമാറ്റുമ്പോഴും പി.എസ്.സി ഗര്‍ഡറുകള്‍ കൊണ്ടുവന്ന് ഉറപ്പിക്കുമ്പോഴും തൂണുകളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്ന കാരണമാണ് പൊളിച്ചുനീക്കലിന് സര്‍ക്കാര്‍ കാരണമായി പറയുന്നത്. എന്നാല്‍ ഒരു നിര്‍മാണവും എത്രകാലം നിലനില്‍ക്കാനാവുമെന്ന് സാങ്കേതികമായി പറയാനാവില്ലെന്ന് ഇവര്‍ പറയുന്നു. പാലങ്ങളുടെ നിര്‍മാണ മാനദണ്ഡങ്ങളില്‍ അവസാന വാക്കായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയ പാതയുടെ അതോറിറ്റിയുടെ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നും കരാറുകാര്‍ വ്യക്തമാക്കി.

‘അഡ്വാന്‍സ് ആവശ്യപ്പെട്ടത് കാലാവധി കുറച്ചതിനാല്‍’

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ അഡ്വാന്‍സ് നല്‍കിയതില്‍ ദുരൂഹതയില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. നിര്‍മാണ കാലാവധി 24 മാസത്തില്‍ നിന്നും 18 മാസമായി കുറയ്ക്കണമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തീരുമാനിച്ചത് കൊണ്ടാണ് കരാറുകാരന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടത്. ബാങ്ക് ഗ്യാരന്റിയും ഏഴു ശതമാനം പലിശയും ഈടാക്കിയാണ് അഡ്വാന്‍സ് നല്‍കിയത്. അഡ്വാന്‍സ് തുകയും പലിശയും പൂര്‍ണമായും തിരിച്ചടച്ച് കരാറുകാരന്‍ ബാങ്ക് ഗ്യാരണ്ടി തിരികെ വാങ്ങിയിട്ടുമുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ മുന്‍കൂറായി നല്‍കിയ നൂറ് കോടിയിലേറെ രൂപ ഇപ്പോഴും കിട്ടാകടമായി ഉണ്ടെന്നും സര്‍ക്കാര്‍ കരാറുകാര്‍ പറഞ്ഞു.

Film

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ

Published

on

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

Film

LCU വില്‍ രാഘവ ലോറന്‍സും; ബെന്‍സിന്റെ പ്രൊമോ വിഡിയോ പുറത്ത് വിട്ട് ലോകേഷ് കനകരാജ്‌

താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.

Published

on

സൗത്ത് ഇന്ത്യയില്‍ ഏറെ ഫാന്‍ ബേസുള്ള ഡയറക്ടറാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രമായ വിക്രമിലെ ഭയാനകമായ വില്ലന്‍
റോളക്‌സിനെ കടത്തിവെട്ടാന്‍ പുതിയ ഒരു കഥാപാത്രവുമായി ബെന്‍സ്. ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടു.

പിറന്നാള്‍ സ്‌പെഷ്യല്‍ ആയാണ് വീഡിയോ എത്തിയിരിക്കുന്നത് . മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്. അതേസമയം എല്‍സിയുവിലെ പീക്ക് സിനിമയായി കൈതി 2 സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി എത്തിയത്.

Continue Reading

Trending