Connect with us

Video Stories

പാലക്കാടന്‍ പാടങ്ങള്‍ പകര്‍ന്നുതന്ന പാഠം

Published

on

കെ.പി ജലീല്‍

ഇക്കഴിഞ്ഞ രണ്ടരമാസം പെരുമഴയായി പെയ്തിറങ്ങിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഉടയാതെ ബാക്കിവെച്ചത് കേരളത്തിന്റെ നെല്ലറയെ. കാര്യമായ നാശനഷ്ടമില്ലാതെയാണ് പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷക മേഖല മഹാപ്രളയത്തിലൂടെ കടന്നുപോയത്. എന്നാല്‍ റബര്‍, കവുങ്ങ്, വാഴ, തെങ്ങ്,പച്ചക്കറി ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തെ ജില്ല നേരിട്ടു. അതെല്ലാം മലനിരകളിലും താഴ്‌വരകളിലുമായായിരുന്നു. പരന്നുകിടന്ന നെല്ലറയാണ് സത്യത്തില്‍ മലപോലെ എത്തിയ മഴവെള്ളത്തെ ശേഖരിച്ചുവെച്ചതും സുരക്ഷിതമായി ഒഴുക്കിവിട്ടതും. നഷ്ടക്കണക്കിനെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയതും ഇതുതന്നെ. കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 17 വരെ പെയ്ത് 164 ശതമാനം ഈ അധികമഴയില്‍ രണ്ടാംസ്ഥാനമാണ് പാലക്കാട് ജില്ലക്കുണ്ടായിരുന്നത്. ഇടുക്കി ജില്ലയില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ 92 ശതമാനം അധികമഴ പെയ്തിറങ്ങിയപ്പോള്‍ പാലക്കാട് പെയ്തത് 74 ശതമാനം അധിക പെരുമഴയായിരുന്നു. എന്നിട്ടും നാശനഷ്ടത്തിന്റെയും മരണസംഖ്യയുടെയും കാര്യത്തില്‍ പാലക്കാട് ജില്ല വളരെ കുറവ് നഷ്ടമാണ് വരുത്തിയത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള ജില്ലകൂടിയാണ് നെല്ലറയുടെ ജില്ല എന്നതും സശ്രദ്ധം പര്യാലോചിക്കണം. പാടങ്ങളിലെല്ലാം നെല്‍ചെടികള്‍ നടീലിലും പുട്ടിലിനും ഇടയിലായിരുന്നു എന്നത് നഷ്ടത്തിന്റെ ആക്കം കുറക്കുകയും വെള്ളം നിറഞ്ഞാലും രണ്ടു മൂന്നുദിവസത്തേക്ക് തങ്ങിനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. മലമ്പുഴയില്‍നിന്നുള്ള അഞ്ഞൂറ് കിലോമീറ്റര്‍ നീളമുള്ള ഇരു കനാലുകളും വെള്ളം പരമാവധി ഒഴുക്കിവിടാന്‍ സഹായിച്ചു. പറമ്പിക്കുളത്തുനിന്നെത്തിയ വെള്ളത്തെ പതിനായിരം ഹെക്ടര്‍ തരിശിട്ടതടക്കമുള്ള പാടങ്ങള്‍ ശേഖരിച്ചുവെച്ചു. ഇനി തുലാവര്‍ഷം പെയ്താലും ഇല്ലെങ്കിലും പാലക്കാടിന്റെ നെല്ലറക്ക് കാര്യമായ ഭീഷണി ഉണ്ടാവില്ല.
പാലക്കാട് ജില്ലയില്‍ നാല്‍പതോളം പേരാണ് പ്രളയത്തില്‍ മരണമടഞ്ഞത്. ഇരുനൂറോളം വീടുകള്‍ പൂര്‍ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലമ്പുഴ ഡാം തുറന്നുവിട്ടതുമൂലമുള്ള നാശനഷ്ടമാണ് ഇതിലധികവും. കല്‍പാത്തി പുഴക്കരികത്തുള്ള നഗരത്തിന് സമീപമുള്ള വീടുകളും സ്ഥാപനങ്ങളുമാണ് വെള്ളത്തിലായതും നശിച്ചതും. വീട്ടുസാധനങ്ങളുള്‍പ്പെടെ പൊടുന്നനെ വെള്ളംകയറി നശിച്ചപ്പോള്‍ ജില്ലയിലെ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയായിരുന്നു സമ്പന്നരും സാധാരണക്കാരും പാവപ്പെട്ടവരുമടക്കം. വലിയ കാറുകളും ഫ്രിഡ്ജും വാഷിങ്‌മെഷീനുകളും മാത്രമല്ല, കിടക്കയും കട്ടിലുകളും പാത്രങ്ങളും വരെ ഒഴുകിപ്പോയി.
മൊത്തം മരണസംഖ്യ ഇനിയും തിട്ടപ്പെടുത്തിയില്ലെങ്കിലും പ്രധാനമായും ഒറ്റ ദുരന്തത്തില്‍ മരണമടഞ്ഞ കൂടുതല്‍ പേരും നെന്മാറയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരുന്നു. പ്രളയം കേരളത്തെ നക്കിത്തുടച്ചുകൊണ്ടിരിക്കുന്ന രാത്രികളിലൊന്നിലാണ് ആഗസ്റ്റ് 17ന് രാത്രി നെന്മാറയില്‍ എട്ടു പേരെ മണ്ണിനുള്ളിലാക്കി വന്‍ ഉരുള്‍പൊട്ടലുണ്ടായത്. മുകളിലുള്ള കുന്ന് പുലര്‍ച്ചെ പൊടുന്നനെ മലവെള്ളപ്പാച്ചിലില്‍ ഉതിര്‍ന്നുവീണാണ് മൂന്നു കുടുംബങ്ങളിലെ എട്ടു പേര്‍ തത്ക്ഷണം ജീവന്‍ ബലിയര്‍പ്പിച്ചത്. ഇതിനുമുമ്പ് ഓര്‍മയിലൊരിക്കലും ഈ സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാകാത്തതാണ് കുടുംബങ്ങളെ ഇവിടെ താമസം തുടരാന്‍ നിര്‍ബന്ധിതമാക്കിയത്. നെല്ലിയാമ്പതി മലമ്പാതയില്‍ വ്യാപകമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍നിന്ന് ഇനിയും നെല്ലിയാമ്പതി വാസികള്‍ മുക്തമായിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന നാലായിരത്തോളം പേരാണ് ദുരിതം അനുഭവിച്ചത്. ഹെയര്‍പിന്‍ വളവുകളിലായി ചെന്നെത്തുന്ന രണ്ടായിരം അടിക്ക് മുകളിലുള്ള നെല്ലിയാമ്പതി മലനിരകള്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണെന്നതിനപ്പുറം ചായത്തോട്ടവും ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞതാണ്. ഇവിടെ പണിയെടുക്കുന്നവര്‍ പാവപ്പെട്ട തൊഴിലാളികളാണ്. ഇവരിലെ രോഗികളും ഗര്‍ഭിണികളും വൃദ്ധരും അഞ്ചു ദിവസത്തോളം പട്ടിണിയിലായി. അഞ്ചാം ദിവസമാണ് പാലക്കാട്ടുനിന്നും നെന്മാറയില്‍ നിന്നുമായി ദുരിതാശ്വാസ വസ്തുക്കളും മരുന്നും എത്തിക്കാനായത്. ഇതിനകം മലനിവാസികള്‍ പലരും കുഴഞ്ഞുതുടങ്ങിയിരുന്നു.
പട്ടാമ്പി പാലത്തിനുണ്ടായെന്ന ്കരുതിയ വിള്ളലിനെക്കുറിച്ച് ഇനിയും ആശങ്ക നീക്കിയിട്ടില്ല. ഭാരതപ്പുഴയുടെ പ്രധാന പാലമാണിത്. മലമ്പുഴ, പറമ്പിക്കുളം അണക്കെട്ടുകളില്‍നിന്ന് വരുന്ന വെള്ളമാണ് പറളിയില്‍വെച്ച് ഭാരതപ്പുഴയാകുകയും തുടര്‍ന്ന ്പട്ടാമ്പി, തൃത്താല വെള്ളിയാങ്കല്ല് വഴി പൊന്നാനിയില്‍ ചെന്നുചേരുന്നതും. ഭാരതപ്പുഴയിലെ മണലെടുപ്പ് മൂലം പുഴ നീര്‍ച്ചാലായി മാറിയെന്ന പരിദേവനത്തിനിടയിലായിരുന്നു പ്രളയവും കുത്തൊഴുക്കും. കേരളത്തില രണ്ടാമത്തെ വലിയ നദിയായ നിളയുടെ തീരത്തെ കഥാകൃത്ത് എം.ടിയുടെ അടക്കമുള്ള വീടുകളും പട്ടാമ്പി ടൗണിന്റെ ഓരവും വെള്ളത്തിലായി. ഉരുള്‍പൊട്ടലിലും വെള്ളക്കെട്ടില്‍ വഴുതിവീണും റോഡപകടങ്ങളിലായുമായിരുന്നു ഈ മരണങ്ങള്‍. പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ കുതിരാന്‍ മലയില്‍ ഉരുള്‍പൊട്ടലില്‍ ഗതാഗതം താറുമാറായി. രണ്ടു ദിവസം വേണ്ടിവന്നു ഇത് പുന:സ്ഥാപിക്കാന്‍. കര നാവിക വ്യോമ സേനകളുടെ സേവനം മികച്ചതായി. പ്രധാനമായി നഷ്ടം നേരിട്ട മറ്റൊരു മേഖല അട്ടപ്പാടിയായിരുന്നു. മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി മേഖലയിലേക്കുള്ള മലമ്പാതയില്‍ ഡസനിലധികം ഉരുള്‍പൊട്ടലുണ്ടായി.താഴെ സാധനങ്ങള്‍ എത്താതിരുന്നതുമൂലം ആദിവാസി മേഖല തീര്‍ത്തും ഒറ്റപ്പെട്ടു. ഇപ്പോഴും ഭാഗികമായാണ് ഇവിടേക്കുള്ള ഗതാഗതം. കാട്ടാനകളും മറ്റും ഒഴുക്കില്‍പെട്ടു.
മലമ്പുഴ അണക്കെട്ടിലെ വെള്ളം പൊടുന്നനെ തുറന്നുവിട്ടതും അതിനാലുണ്ടായേക്കാവുന്ന നാശനഷ്ടത്തെക്കുറിച്ച് ബോധ്യമുണ്ടാകാതിരുന്നതും ഏകോപനത്തിലെ കുറവും കല്‍പാത്തിയിലെയും കല്‍പാത്തിപ്പുഴക്കരികിലെ പാവപ്പെട്ടവര്‍ തിങ്ങിത്താമസിക്കുന്ന കോളനികളെയും വെള്ളത്തിനടിയിലാക്കുകയായിരുന്നു. വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും പാവപ്പെട്ട കോളനി നിവാസികളാണ്.കല്‍പാത്തി പുഴയോരങ്ങളില്‍ #ാറ്റ് നിര്‍മിക്കുകയാണ് അധികജലം നേരിടാനുള്ള പോംവഴി.
ഇരുപതിനായിരത്തിലധികം ഹെക്ടറായി ചുരുങ്ങിയിരിക്കുന്ന നെല്‍ കൃഷി മേഖലയില്‍ വെള്ളം താങ്ങിനിര്‍ത്തിയത് വഴി പാലക്കാട്ടുകാരുടെ ഭൂരിഭാഗം വീടുകള്‍ക്കും കേടുപാടുകള്‍ പറ്റാതെ സൂക്ഷിച്ചുവെന്നാണ് പ്രാഥമിക പാഠം. നിലങ്ങളും കൃഷിയും നികത്തിയതുമൂലമുള്ള പ്രശ്‌നങ്ങള്‍ പാലക്കാട്ട് കുറവായതാണ് ഇതിന് കാരണമായത്. ഇതാകട്ടെ മറ്റു ജില്ലകള്‍ക്ക് പ്രളയ കാലത്തെ മികച്ച പാഠമാകേണ്ട ഒന്നുമാണ്. ഇനിയും അവശേഷിക്കുന്ന പാടശേഖരം 1924ലെ പ്രളയത്തെപ്പോലെ ഇത്തവണയും പാലക്കാടിന്റെ നെല്ലറയെ കാത്തുരക്ഷിച്ചുവെന്നതാണ് പാലക്കാട്ടെ പാടങ്ങള്‍ തരുന്ന പാഠം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending