Connect with us

More

ആവേശം വിതറി ‘പടയൊരുക്കം’ പടപ്പാട്ടിന്റെ മണ്ണില്‍

Published

on

 

പടപ്പാട്ടിന്റെ ഇശലൊഴുകിയ വൈദ്യരുടെ മണ്ണില്‍ നിന്നും രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ മലപ്പുറം ജില്ലയിലെ പടയോട്ടം തുടങ്ങി. സാമൂതിരിയുടെ നാടിന് അതിര്‍ വരമ്പിട്ട ഐക്കരപ്പടിയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ജനനായകനെ മലപ്പുറത്തേക്ക് ആനയിച്ചു. അപവാദങ്ങളുടെ സൂര്യാഘാതമേറ്റാല്‍ തളരുന്നതല്ല ഐക്യമുന്നണിയുടെ കെട്ടുറപ്പെന്ന് ആണയിട്ടാണ് പടയൊരുക്കത്തെ മലപ്പുറം നെഞ്ചേറ്റിയത്. തേജോവധ രാഷട്രീയം ഭൂഷണമല്ലെന്നും രണ്ടാംകിട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജാഥയുടെ തിളക്കം കെടുത്താമെന്ന് ആരും കരുതേണ്ടെന്നും മലപ്പുറം രാഷ്ട്രീയ കേരളത്തോട് വിളിച്ചു പറയുന്നതായിരുന്നു ജാഥയുടെ ജില്ലാ തലത്തിലെ തുടക്കം.
ഉത്തര മേഖലയില്‍ നവ ചരിതം തീര്‍ത്താണ് ജാഥ മലപ്പുറത്തേക്ക് പ്രവേശിച്ചത്. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചിറങ്ങുന്നുണ്ടെന്ന് വ്യക്തമായ സി.പി. എം – ബി.ജെ.പി നേതാക്കള്‍ പരസ്പര ധാരണയോടെ പുറത്തിറക്കിയ പുതിയ ഒളിയമ്പ് ജാഥയുടെ ജനപിന്തുണക്ക് യാതൊരു കോട്ടവും വരുത്തിയില്ലെന്ന് മലപ്പുറം സാക്ഷ്യപ്പെടുത്തി. ഐക്കരപ്പടിയിലേക്കൊഴുകിയെത്തിയ ആയിരങ്ങള്‍ ഇതിന് ഉദാഹരണമാണ്. ജാഥ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ പതാകകളേന്തി ഐക്കരപ്പടിയില്‍ നിലയുറപ്പിച്ചിരുന്നു. ജനഹൃദയങ്ങളെ കീഴടക്കിയ കളരിപ്പയറ്റും ശിങ്കാരി മേളവും തൃശൂര്‍ പൂരത്തെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പടയോട്ടത്തിന്റെ പ്രതീകം തീര്‍ത്ത കുതിര സവാരിയും വര്‍ണാഭമായ മുത്തുകുടകളും ജാഥയുടെ തിളക്കമേറ്റി. ജനദ്രോഹനിലപാടുകളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിന് ശക്തമായ താക്കീതാണ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ നല്‍കുന്നത്. ഏകാധിപത്യ ഭരണകൂടങ്ങളുടെ പതനം വിദൂരമല്ലെന്ന് കൊണ്ടോട്ടിയിലും പടിക്കലും കൊളപ്പുറത്തും ചെമ്മാട്ടും ഒഴുകിയെത്തിയ ജനം തെളിയിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ.എം. കെ.മുനീര്‍ എം.എല്‍. എ, ജോണി നെല്ലൂര്‍, സി.പി ജോണ്‍, എം. എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ അബ്ദുറബ്ബ്, ബെന്നി ബഹനാന്‍, പി. അബ്ദുല്‍ ഹമീദ്, വി.ഡി. സതീശന്‍, ടി.വി.ഇബ്രാഹീം, പി. ഉബൈദുല്ല, അഡ്വ. കെ.എന്‍.എ ഖാദര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, അഡ്വ. യു.എ ലത്തീഫ്, അഡ്വ. വി.വി പ്രകാശ്, കെ.പി. കുഞ്ഞികണ്ണന്‍, എ.പി ഉണ്ണികൃഷ്ണന്‍, റാം മോഹന്‍, വി. കുഞ്ഞാലി, ഷാനിമോള്‍ ഉസ്മാന്‍, കെ.എസ് അഭിജിത്ത്, റഷീദ് കണ്ണൂര്‍, സനല്‍ കുമാര്‍, കെ. സുധാകരന്‍ പങ്കെടുത്തു.

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading

Trending