X

മലപ്പുറം മാതൃക; പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനി ‘ഡിജിറ്റല്‍’

തിരുവനന്തപുരം: പൊലീസിന്റെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി. മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ ഇ-വിപ് എന്ന പേരിലുള്ള പദ്ധതി വന്‍ വിജയമായ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ ഇത് ഉപയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ 21 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇത് നാലോ അഞ്ചോ ദിവസമായി കുറക്കാനാകുമെന്നതാണ് പദ്ധതി കൊണ്ടുള്ള നേട്ടം.

മലപ്പുറം ജില്ലയില്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ ശരാശരി ഏഴ് ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനൊപ്പം വെരിഫിക്കേഷന് വേണ്ടിയെടുക്കുന്ന കാലപരിധി നാലോ അഞ്ചോ ദിവസമായി കുറക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. തെലങ്കാനയെയാണ് ഇക്കാര്യത്തില്‍ കേരളം മാതൃകയാക്കുന്നത്. തെലങ്കാന പൊലീസ് ‘വെരിഫാസ്റ്റ്’ എന്ന പേരില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കിയിരുന്നു. ഇതുവഴി വെരിഫിക്കേഷനുള്ള സമയം അഞ്ചായി കുറക്കാന്‍ കഴിഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

പുതിയ സംവിധാനം നടപ്പാക്കുന്നതോടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുള്ള രേഖകള്‍ പ്രിന്റൗട്ടെടുത്ത് കൈമാറുന്നതിന് പകരം ഇ- വിപ് ആപ്ലിക്കേഷന്‍ വഴി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് അയച്ചുകൊടുക്കും. ഒരു ദിവസത്തിനുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ പരിശോധന കഴിഞ്ഞാല്‍ ഈ ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പൊലീസ് സ്റ്റേഷനിലെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അയച്ചുകൊടുക്കും. ഈ ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പാസ്‌പോര്‍ട്ട് അപേക്ഷക്കായി സമര്‍പ്പിച്ച രേഖകളുടെ ശരിപകര്‍പ്പ് സ്മാര്‍ട്ട്‌ഫോണ്‍ വഴി ഒത്തുനോക്കും. അപേക്ഷന്റെ ഒപ്പ് ശേഖരിച്ച് അപേക്ഷയോടൊപ്പം ചേര്‍ക്കും. വെരിഫിക്കേഷന് ശേഷം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് തന്റെ ഡിജിറ്റല്‍ കയ്യൊപ്പോടെ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി തന്നെ അയച്ചുകൊടുക്കുകയും ചെയ്യും.

മലപ്പുറത്ത് നവംബര്‍ ഒന്നിനാണ് പദ്ധതി നടപ്പാക്കിയത്. ഇതിനു മുന്‍പ് വെരിഫിക്കേഷന് അനുവദിച്ചിട്ടുള്ള കാലപരിധിയായ 21 ദിവസത്തിനുള്ളില്‍ 55 ശതമാനം വെരിഫിക്കേഷനാണ് പൂര്‍ത്തിയാക്കാനായത്. പദ്ധതി നടപ്പാക്കിയ നവംബര്‍ മാസത്തില്‍ 99.94 ശതമാനവും പൂര്‍ത്തിയാക്കി. സമയലാഭം മാത്രമല്ല, വെരിഫിക്കേഷന്റെ കൃത്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. അപേക്ഷകന്റെ ഒപ്പ് വെരിഫിക്കേഷന്‍ ചെയ്യുന്നത് ജി.പി.എം സംവിധാനത്തിലാണ്. അതുകൊണ്ടുതന്നെ വെരിഫിക്കേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയെന്ന് ഉറപ്പിക്കാനാകും. അപേക്ഷകന് 15 അക്ക ഫയല്‍ നമ്പര്‍ നല്‍കി അപേക്ഷയുടെ തല്‍സ്ഥിതി അറിയാനുമാകും. പുറമെ വെരിഫിക്കേഷനായി പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തുന്ന സമയവും തിയതിയും മുന്‍കൂട്ടി അറിയാനും സാധിക്കും. ഇതിനു സമാനമായ മൊബൈല്‍ ആപ്ലിക്കേഷന്‍ 2015ല്‍ തൃശൂരിലും നടപ്പാക്കിയിരുന്നു. ഇതും വിജയകരമായിരുന്നു.

 

chandrika: