തേര്‍ഡ് ഐ -കമാല്‍ വരദൂര്‍
കളിക്കാര്‍ കളിച്ചാല്‍ മാത്രം മതിയോ…? കളിയിലുടെ ലഭിക്കുന്ന കോടികളില്‍ മതിമറന്ന് സുഖലോലുപതയില്‍, ആരാധകര്‍ക്കിടയില്‍ മാത്രം ജീവിച്ചാല്‍ മതിയോ…? ഫെരാരി കാറുകളും റോളക്സ് വാച്ചുകളും നാല് ഭാഗത്തും സ്വിമ്മിംഗ് പൂളുകളുളള വസതികളും സ്വര്‍ണത്തിന്റെ ഐ ഫോണുകളുമായി നടന്നാല്‍ മതിയോ…? ഈ രണ്ട് ചോദ്യങ്ങളിലും പുതുമയില്ലാതിരിക്കാം. പക്ഷേ ലോക ഫുട്ബോളിലെ വന്‍കിടക്കാരെല്ലാം സ്വന്തം ജോലി കളിയാണെന്നും വെറുതെ ലോക കാര്യങ്ങളില്‍ സംവദിക്കേണ്ട എന്ന തീരുമാനമെടുത്തവരുമാണ്. ആരാധകര്‍ക്കിടയില്‍, കൈയ്യടികള്‍ക്കിടയില്‍ ജിവിച്ചാല്‍ മതിയെന്നത് ഭൂരിപക്ഷത്തിന്റെ തീരുമാനമാണ്. സാമുഹ്യ വിഷയങ്ങളില്‍ ഇത് വരെ മെസിയോ എംബാപ്പെയോ റൊണാള്‍ഡോയോ ബെന്‍സേമയോ ലെവന്‍ഡോവിസ്‌ക്കിയോ പ്രതികരിച്ച് കണ്ടിട്ടില്ല.
മെസുട്ട് ഓസില്‍ എന്ന ജര്‍മന്‍ ഇതിഹാസം വിത്യസ്തനാവുന്നത് ഇവിടെയാണ്. കളിക്കൊപ്പം സാമുഹ്യ വിഷയങ്ങളിലും അദ്ദേഹം ഇടപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദ്ദുഖാനുമായി ചര്‍ച്ച നടത്തിയപ്പോള്‍ അദ്ദേഹം വലതുപക്ഷ തീവ്രവാദിയായി. ചൈനീസ് സര്‍ക്കാര്‍ ഉയിഗൂര്‍ മുസ്ലിങ്ങളെ വേട്ടയാടിയപ്പോള്‍ അതിനെ ചോദ്യം ചെയ്തതിന് അദ്ദേഹം ഇംഗ്ലണ്ടില്‍ വര്‍ഗീയ വാദിയായി. ഇപ്പോള്‍ ഗാരി ലിനേക്കര്‍ക്കെതിരെ നടക്കുന്ന വേട്ടയാടലിന് സമാനമായ സംഭവങ്ങള്‍. ബ്രീട്ടന്‍ ഭരിക്കുന്ന റിഷി സുനക് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചപ്പോള്‍ ബി.ബി.സിയാണ് ലിനേക്കര്‍ക്കെതിരെ നീങ്ങിയത്. ലോകം ആസ്വദിക്കാറുളള മാച്ച് ഓഫ് ദി ഡേ പ്രോഗ്രാം ഒരു ദിവസം മുടങ്ങിയത് ലോകം ഞെട്ടലോടെയാണ് കണ്ടത്. 1982 ലെ ഫാക്ലാന്‍ഡ് യുദ്ധ സമയത്ത് ബ്രിട്ടന്റെ മുങ്ങിക്കപ്പലുകള്‍ അര്‍ജന്റീനക്കാരെ ഇല്ലാതാക്കിയപ്പോള്‍ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ യുദ്ധ നയത്തിനെതിരെ സംസാരിച്ചവരാണ് ബി.ബി.സി. അന്ന് ബി.ബി.സി നിലപാടിനെ താച്ചര്‍ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കുന്നു എന്ന് വിളിച്ച് പറഞ്ഞിരുന്നു ബി.ബി.സി നേതൃത്വം. ലിനേക്കര്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം വില്ലനായി മാറിയത് പോലെയാണ് കളിക്കളത്തില്‍ ഓസില്‍ ഒറ്റപ്പെട്ടത്. പ്രീമിയര്‍ ലീഗ് ടീമായ ആഴ്സനലിന് വേണ്ടി കളിക്കുമ്പോഴായിരുന്നു ഉയിഗൂര്‍ മുസ്ലിങ്ങള്‍ക്കായി അദ്ദേഹം സംസാരിച്ചത്. ഇതില്‍ രോഷാകുലരായ ചൈനീസ് ഭരണകൂടം പ്രതികരിച്ചു. ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ സി.സി.ടി.വി 2019 ഡിസംബര്‍ 15 ന് പ്രീമിയര്‍ ലീഗില്‍ നടന്ന ആഴ്സനല്‍-മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം രാജ്യത്ത്് ടെലകാസ്റ്റ് ചെയ്തില്ല.
ഈ വിഷയത്തില്‍ ആഴ്സനല്‍ അതിവേഗം ചൈനയോട് മാപ്പ് ചോദിച്ചപ്പോള്‍ തന്റെ നിലപാട് ഓസില്‍ തിരുത്തിയില്ല. ഇതിന്റെ പേരിലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ വില്ലനായത്. 2014 ലെ ബ്രസീല്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ ഫൈനല്‍ ഉള്‍പ്പെടെ ഓസിലിന്റെ അഞ്ച് മല്‍സരങ്ങള്‍ നേരില്‍ കണ്ടിരുന്നു. ജോക്കിം ലോ എന്ന പരിശീലകന്റെ പ്രിയപ്പെട്ട ശിഷ്യനായി മിക്ക മല്‍സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്നു ഓസില്‍. ബെലോ ഹോറിസോണ്ടയിലെ സെമി ഫൈനല്‍ രാത്രിയില്‍ ബ്രസീലിനെ ജര്‍മനി ഏഴ് ഗോളിന് മുക്കിയപ്പോള്‍ മിന്നിയത് ഓസിലായിരുന്നു. മരക്കാനയിലെ ഫൈനല്‍ രാത്രി മറക്കാനാവില്ല. മെസിയുടെ അര്‍ജന്റീന കപ്പ് സ്വന്തമാക്കുന്നത് കാണാനായി മരക്കാന നിറഞ്ഞ രാത്രിയില്‍ ഓസിലും ജര്‍മനിയും അട്ടിമറി വിജയം നേടി- ആ ലോകകപ്പിലെ യഥാര്‍ത്ഥ താരം ഓസിലായിരുന്നു. ജര്‍മന്‍കാര്‍ക്ക് ആ ഓസില്‍ പ്രിയപ്പെട്ടവനായിരുന്നെങ്കില്‍ 2018 ലെ റഷ്യന്‍ ലോകകപ്പും മറക്കാനാവുന്നില്ല. ആ ലോകകപ്പില്‍ മോസ്‌ക്കോയിലെ ലുഷിനിക്കി സ്റ്റേഡിയത്തില്‍ ജര്‍മനിയും മെക്സിക്കോയും തമ്മില്‍ നടന്ന പ്രാഥമിക റൗണ്ട് പോരാട്ടം നടക്കുമ്പോള്‍ ജര്‍മന്‍കാരുടെ കൈകളില്‍ ഓസിലിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നു. എഫ്.ബി ലൈവില്‍ ആ ചിത്രങ്ങള്‍ പകര്‍ത്തിയതും ഓര്‍മയുണ്ട്. പക്ഷേ കൊറിയക്കാരോടും തോറ്റ് ജര്‍മന്‍കാര്‍ ആദ്യ റൗണ്ടില്‍ മടങ്ങിയപ്പോള്‍ അതേ ഓസില്‍ ജര്‍മനിയില്‍ വില്ലനായി, വലത്പക്ഷ തീവ്രവാദിയായി. വേട്ടയാടല്‍ പലവിധം തുടര്‍ന്നപ്പോഴും അദ്ദേഹം സാമുഹ്യ മാധ്യമങ്ങളിലുടെ പ്രതികരിച്ചു. ഇന്നലെ വിരമിക്കലും അതേ മാധ്യമത്തിലുടെ. വിരമിക്കല്‍ സന്ദേശത്തിലെ അവസാന വരികള്‍ ഇപ്രകാരമായിരുന്നു-
you can be sure that vou will hear from me from time to time on my oscial media channe-ls.
‘See you oson,
Mesut!’ പറയാനുള്ളത് എവിടെയും പറയുമെന്ന് ആവര്‍ത്തിക്കുന്ന ഓസില്‍ ഇനി കൂടുതല്‍ സ്വതന്ത്രനാണ്. കളിക്കാരനേക്കാള്‍ ശക്തനാവുന്ന സാമുഹ്യ പ്രവര്‍ത്തകനായി അദ്ദേഹം മാറുമ്പോള്‍ അത് വലിയ സന്തോഷമാണ്.