Connect with us

india

ജി 20യ്ക്കായി കുടിയിറക്കപ്പെട്ടവര്‍ അഞ്ചുലക്ഷത്തിലേറെ; പുനരധിവാസത്തില്‍ ഇതുവരെ തീരുമാനമായില്ല

ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

Published

on

ജി 20 ഉച്ചകോടി രാജ്യത്തിന് അഭിമാനമെന്ന ടാഗ് ലൈനോടെ അവസാനിച്ചപ്പോള്‍ അതിനായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം എന്ന് എന്ന ചോദ്യം ബാക്കിയാകുന്നു. 5ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കുടിയിറക്കപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം 30ലേറെ ചേരികള്‍ തകര്‍ത്തു. വിദേശ രാഷ്ട്രത്തലവന്‍മാര്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ പൊളിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഒരായുസിന്റെ അധ്വാനം തകര്‍ത്ത് കളയുമ്പോള്‍ നെഞ്ച് പൊട്ടിക്കരഞ്ഞ മെഹ്‌റോളി നിവാസികള്‍, അര്‍ധരാത്രിയില്‍ എത്തി പൊലീസ് ചേരി ഒഴിപ്പിക്കുന്നത് നിസഹായതോടെ നോക്കി നിന്ന യമുന, പുസ്ത നിവാസികള്‍, പുലര്‍ച്ചെ ആവശ്യമുള്ളതെടുക്കും മുന്‍പ് ജെസിബി കൈകള്‍ എല്ലാം വലിച്ചുകൊണ്ട് പോകുന്നത് കണ്ട പ്രഗതി മൈതാനിലെ ചേരി നിവാസികള്‍…. ഇങ്ങനെ ചെറുതും വലുതുമായ നിരവധി ഒഴിപ്പിക്കലുകള്‍ക്കാണ് ഡല്‍ഹി കഴിഞ്ഞ 8 മാസക്കാലം സാക്ഷിയായയത്.

ഭവനരഹിതരായവര്‍ നിലവില്‍ സമീപത്തെ മരങ്ങള്‍ക്കടിയിലും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ ഭയത്തോടെ ഓര്‍ക്കുകയാണിവര്‍. ഒഴിപ്പിക്കപ്പെട്ട ഇടങ്ങള്‍ ഏറെയും പാര്‍ക്കുകളും നടപ്പാതകളും പാക്കിങ് ഏരിയയുമൊക്കെയാക്കി. പിഡബ്ല്യുഡി, പുരാവസ്തു വകുപ്പ് ഹരിത ട്രൈബ്യൂണല്‍ തുടങ്ങിയവയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.

അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചതെന്നും മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. അപ്പോഴും വിദേശ പ്രതിനിധികള്‍ കാണാതിരിക്കാന്‍ ചേരികള്‍ക്ക് മുന്നില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ എന്ന് പൊളിക്കുമെന്നതില്‍ മറുപടിയില്ല. ജി 20 കഴിഞ്ഞ് വിദേശ നേതാക്കള്‍ മടങ്ങിയതിനാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

india

ഉമര്‍ ഖാലിദിന്റെ ജാമ്യം: ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്

ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

Published

on

ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്‌മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്‌വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.

ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

india

മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു

സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.

Published

on

മൈസൂരു: കര്‍ണാടകയുടെ സാംസ്‌കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.

ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.

 

 

Continue Reading

india

ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ

2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

Published

on

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.

Continue Reading

Trending