ന്യൂഡല്‍ഹി: ഇസ്രാഈലില്‍നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും. ഇസ്രാഈലിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ അജയ് പദ്ധതിയുടെ ഭാഗമായാണിത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രിയോടെ തെല്‍അവീവിലെത്തി. രാത്രി തന്നെ പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
230 പേരെയാണ് ആദ്യ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡല്‍ഹിയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. ഇസ്രാഈലിലെ ഇന്ത്യന്‍ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. യോഗശേഷമാണ് ആദ്യ വിമാനം പുറപ്പെട്ടകാര്യം വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രാഈലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. ഇസ്രാഈലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പര്‍ക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തിരിച്ചെത്തുന്ന മലയാളികള്‍ക്ക് സഹായം നല്‍കുന്നതിനായി ഡല്‍ഹിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍ നമ്പര്‍: 011 23747079.