നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.