ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റ് 26നാണ് അഭിഭാഷകയും ട്രേഡ് യൂണിയന്‍ നേതാവുമായ സുധാ ഭരദ്വാജ്, തെലുങ്ക് കവി പി.വരവരറാവു, പൊതുപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ, അഭിഭാഷകരായ അരുണ്‍ ഫെരേറിയ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപത്തിന്‍മേല്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടുകയും ചെയ്തു.അറസ്റ്റിലായവരെ ജയിലില്‍ അടയ്ക്കേണ്ടെന്നും വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും സുപ്രീം കോടതി ഉത്തരവിട്ടത് പൊലീസിനു തിരിച്ചടിയായിരുന്നു. ഇവരിപ്പോഴും വീട്ടുതടങ്കലിലാണ്.
നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കു മാവോയിസ്റ്റുകളുമായി ചേര്‍ന്നു സായുധകലാപത്തിനു സൂത്രധാരത്വം വഹിച്ചവരാണ് അറസ്റ്റിലായവര്‍ എന്നായിരുന്നു പൊലീസിന്റെ അന്നത്തെ വാദം. വിദേശരാജ്യങ്ങളില്‍നിന്നു കൈവശപ്പെടുത്തിയ ആയുധങ്ങളടക്കം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമാണ് ഇവര്‍ നടത്തുന്നതെന്നും മഹാരാഷ്ട്രാ പൊലീസ് എ.ഡി.ജി.പി: പരംബീര്‍ സിങ് പത്രസമ്മേളനത്തില്‍ ആരോപണം നടത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരേ സായുധ കലാപത്തിനാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശം മറയാക്കി പ്രവര്‍ത്തിക്കുന്ന അറസ്റ്റിലായവര്‍ ഇവരുടെ ഗൂഢനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്തു. പാരീസ് ഉള്‍പ്പെടെ വിദേശകേന്ദ്രങ്ങളിലടക്കം ഇവര്‍ മാവോയിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി. രാജ്യാന്തര സംഘടനകളില്‍നിന്നടക്കം ഫണ്ട് സ്വീകരണത്തിനു കളമൊരുക്കി. മണിപ്പുരിലും കശ്മീരിലും വിഘടനവാദ പ്രവര്‍ത്തനങ്ങളുമായി സജീവമായവരുമായും ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തി. കശ്മീരില്‍ സേനയ്ക്കെതിരേ വിഘടനവാദികള്‍ പരീക്ഷിക്കുന്ന കല്ലേറ് ഇതരസംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും ശ്രമം നടത്തി. തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ത്തിവിട്ടത്. ഇതിനെല്ലാം തെളിവുണ്ടെന്നും എ.ഡി.ജി.പി: പരംബീര്‍ സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.