കോഴിക്കോട് : യൂത്ത്‌ലീഗ് ദിനമായ ജൂലൈ 30ന് നിയോജക മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30ന് യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലം തലത്തില്‍ സ്മൃതി വിചാരം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
അറബി ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ്-റഹ്മാന്‍ – കുഞ്ഞിപ്പ അനുസ്മരണത്തോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയവരുടെ ഒത്ത്കൂടലും ഓര്‍മപുതുക്കലും കൂടിയാവും സ്മൃതി വിചാരം. ചടങ്ങില്‍ വെച്ച് പഴയകാല നേതൃത്വത്തെ ആദരിക്കും. കാമ്പയിന്‍ പ്രമേയ പ്രഭാഷണവും നടത്തും. സ്മൃതി വിചാരത്തിന്റെ സംസ്ഥാന തല ഉത്ഘാടനം ജൂലൈ 29ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ വെച്ച് നടക്കും.
കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാന, ജില്ല, മണ്ഡലം തലങ്ങളില്‍ യൂത്ത് ലീഗ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പങ്കാളിത്തം സ്മൃതി വിചാരം പരിപാടിയില്‍ ഉണ്ടാവണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സ്മൃതി വിചാര സംഗമത്തോടൊപ്പം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ശാഖ തലത്തില്‍ പതാക ഉയര്‍ത്താനും ശുചീകരണ പ്രവര്‍ത്തികളും മറ്റും നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.