X

സിദ്ധാർഥൻ മരിച്ച ദിവസം ഉച്ചമുതൽ വിസി ക്യാംപസില്‍; മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപേ അഴിച്ച് പ്രതികൾ

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ ക്യാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും.

അതേസമയം, സിദ്ധാർഥൻ മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട്. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയാറായില്ല. മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം.

പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.

സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായും റിപ്പോർട്ട് ഉണ്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം അഴിച്ചത് പ്രതികൾ തന്നെയാണ്. മർദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർഥന്റെ ഫോണും പ്രതികൾ പിടിച്ചു വച്ചിരുന്നു. ഫോൺ തിരികെ നൽകിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

webdesk14: