കെ.പി ജലീല്‍
‘എന്റെ വിശ്വാസത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് സിവില്‍ഗൂഢാലോചനയിലാണ്. അതിനുള്ള എത്രയോ തെളിവുകള്‍ എനിക്ക് ഹാജരാക്കാന്‍ കഴിയും. പള്ളി തകര്‍ക്കപ്പെട്ട കേസിലെ പ്രതികളിലൊരാളായ ഉമാഭാരതിപോലും തങ്ങളാണ് അതിനുത്തരവാദികളെന്ന് തുറന്നുപറഞ്ഞതാണ്. എന്നിട്ടും സി.ബി. ഐ കോടതി പ്രതികളെ വെറുതെവിട്ടത് ശരിയായില്ല’. ഈവാക്കുകള്‍ ഏതെങ്കിലും സാദാ ഇന്ത്യന്‍ പൗരന്റേതല്ല, ബുധനാഴ്ച ലക്‌നൗ സി.ബി.ഐ കോടതിയില്‍നിന്ന് ബാബരി ധ്വംസനക്കേസിലെ പ്രതികളെയെല്ലാം യാതൊരുതെളിവുമില്ലെന്നുപറഞ്ഞ് വെറുതെവിട്ട ജസ്റ്റിസ് എസ്.കെ യാദവിനെപോലെ നീണ്ടകാലം ഇന്ത്യയുടെ നീതിന്യായ മകുടങ്ങളില്‍ വിരാജിച്ചിരുന്ന വ്യക്തിത്വത്തിന്റേതാണ്; ബാബരി മസ്ജിദ് തകര്‍ക്കലിനെക്കുറിച്ചന്വേഷിച്ച മുന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ജസ്റ്റിസ് മന്‍മോഹന്‍സിങ് ലിബര്‍ഹാന്റേത്.
നീണ്ട കാലത്തെ ആസൂത്രിതമായ ഗൂഢാലോചനക്കും മുന്നൊരുക്കങ്ങള്‍ക്കുംശേഷം 1992 ഡിസംബര്‍ആറിന് അയോധ്യയിലെ 492 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്ത് തരിപ്പണമാക്കിയ കര്‍സേവകരുടെയും അതിന് നേതൃത്വം നല്‍കിയവരുടെയും യഥാര്‍ഥമുഖം വരച്ചുകാട്ടിയ രാജ്യത്തെ അവശേഷിക്കുന്ന നീതിയുടെ പ്രകാശസ്തംഭങ്ങളിലൊന്ന്. ജസ്റ്റിസ് ലിബര്‍ഹാന്‍ തെളിവുകള്‍സഹിതം കണ്ടെത്തിയ പള്ളിപൊളിക്കലിനുള്ള സാധൂകരണങ്ങളെയെല്ലാം രാജ്യത്തെ മറ്റൊരു നീതിപീഠം ഇലതൊടാതെ ദൂരെക്കളഞ്ഞിരിക്കുന്നു. അരാജകവാദികളാണ് പള്ളി തകര്‍ത്തതെന്നും പ്രതികളായ എല്‍.കെ അദ്വാനി, യു.പി മുഖ്യമന്ത്രി കല്യാണ്‍സിങ്, മുരളിമനോഹര്‍ജോഷി, ഉമാഭാരതി, വിനയ്കത്യാര്‍ തുടങ്ങിയവര്‍ അക്രമികളെ പിന്തിരിപ്പിച്ചവരാണെന്നും ആസൂത്രിത ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നുമെല്ലാം പറഞ്ഞ് ന്യായാസനത്തില്‍നിന്ന് ഇറങ്ങിപ്പോയ യാദവ് എന്ന ജ്ജിയേമാന്‍ കാണാത്തതെല്ലാം ജസ്റ്റിസ് ലിബര്‍ഹാന്‍ മാത്രമല്ല, ലോകത്തെ സകല മനുഷ്യരും കണ്‍തുറന്നുകണ്ട നഗ്നസത്യങ്ങള്‍ മാത്രമായിരുന്നു. എന്നിട്ടും തെളിവുകളൊന്നും വിശ്വാസയോഗ്യമല്ലെന്ന് പറയാന്‍മാത്രം എന്ത് കൈവിലങ്ങാണ് ജഡ്ജിക്കുമേല്‍ ചാര്‍ത്തപ്പെട്ടതെന്നറിയാനാണ് പൊതുജനത്തിനിപ്പോള്‍ കൗതുകം.
1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പത്താം ദിനത്തിലാണ് മന്‍മോഹന്‍സിംഹ് ലിബര്‍ഹാന്‍ കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. 2009ല്‍ നീണ്ട 17 വര്‍ഷത്തിന്‌ശേഷമാണ് തലനാരിഴ കീറിയ വിവരശേഖരത്തിനും ചോദ്യംചെയ്യലുകള്‍ക്കും നിരവധിയായ സാക്ഷിമൊഴികള്‍ക്കുംശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ തനിച്ചും പരോക്ഷമായും പള്ളി പൊളിക്കലിനെ പിന്തുണച്ചിരുന്നതായാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ അസന്നിഗ്ധമായി എഴുതിവെച്ചത്. അതില്‍പ്രധാനം പിന്നീട് ഉപപ്രധാനമന്ത്രിയൊക്കെയായ എല്‍.കെ അദ്വാനിയുടെ പങ്കിനെക്കുറിച്ചായിരുന്നു. സ്ഥലത്തെ പ്രത്യേകം തയ്യാറാക്കപ്പെട്ട വേദിയില്‍നിന്നുയര്‍ന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കര്‍സേവകര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് കമ്മീഷന്‍ വ്യക്തമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. എന്നിട്ടുമെന്തേ സി.ബി.ഐ കോടതിക്ക് മാത്രം അക്കാര്യത്തില്‍ തെളിവുകള്‍ മതിയാകാതെപോയി.
ബുദ്ധിയും ബോധവുമുള്ള ഏതൊരു സാമാന്യമനുഷ്യര്‍ക്കും മനസ്സിലാകുന്ന ഭാഷയിലും ശരീരഭാഷയിലുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കള്‍ പള്ളിപൊളിക്കാന്‍ ആഹ്വാനം ചെയ്തതെന്ന് തിരിച്ചറിയാമായിരുന്നിട്ടും തെളിവുകള്‍ പോരെന്നുപറയാന്‍ മാത്രം ഒരു ജഡ്ജിയുടെ കൈകള്‍ കെട്ടപ്പെട്ടുപോയതെന്തുകൊണ്ടാണ്? ഇവിടെയാണ് മുമ്പ് ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലൊന്നില്‍ നിലവിലെ ആഭ്യന്തര മന്ത്രി അമിത്ഷാ കുടുങ്ങുമെന്നുറപ്പായപ്പോള്‍ മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത്. അന്ന് അദ്ദേഹത്തിന് നൂറുകോടി രൂപയായിരുന്നു വാഗ്ദാനം ചെയ്തതെന്ന് ജസ്റ്റിസ് ലോയയുടെ സഹോദരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതുപോലെ പലതും ലക്‌നൗവിലേക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കാമെന്നും അത് നിഷേധിക്കാന്‍ ലോയയെപോലെ മറ്റു ചിലര്‍ തയ്യാറായില്ലെന്നതാണ് 2020 സെപ്തംബര്‍ 30 ബുധനാഴ്ചയെ ഇന്ത്യന്‍ മതേതരത്വത്തിനുമുകളിലെ കറുത്തദിനമായി എന്നെന്നേക്കുമായി വിരചിക്കപ്പെടാന്‍ ഇടയാക്കിയത്.
മഹാത്മാഗാന്ധി വധത്തിലും സമാനമായി ഹിന്ദു മഹാസഭാനേതാവ് വിനായക്ദാമോദര്‍ സവര്‍ക്കറെ കോടതി വിട്ടയച്ചത് മതിയായ തെളിവില്ലെന്നതുകൊണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രത്യയശാസ്ത്രവും മതസൗഹാര്‍ദനിലപാടുകളും തങ്ങളുടെ സങ്കുചിത വര്‍ഗീയാശധാരക്ക് വിനാശകരമാണെന്നും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഗാന്ധിജി കൊല്ലപ്പെടണമെന്നും വാദിച്ചവരില്‍ പ്രമുഖരിലൊരാളായിരുന്നു ഹിന്ദുത്വവാദികളുടെ അപ്പോസ്തനായ സവര്‍ക്കര്‍. ഗാന്ധിജിക്കും സ്വാതന്ത്ര്യപ്രസ്ഥാനത്തിനുമെതിരായി നിരന്തരം പ്രസ്താവന ഇറക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്ത സവര്‍ക്കറാണ് ഗോദ്‌സെയുടെ ഗാന്ധിവിരോധത്തിന് കാരണമായതെന്ന് വ്യക്തമായിട്ടും തെളിവില്ലെന്ന്കണ്ട് സവര്‍ക്കറെ കോടതി ഗാന്ധിവധക്കേസില്‍ വെറുതെ വിടുകയായിരുന്നു.
സര്‍വര്‍ക്കറുടെ അടുത്തേക്ക് (സവര്‍ക്കര്‍ സദന്‍) പതിവായി ആയുധവില്‍പനക്കെത്തുന്ന ആളുമായി ഗോദ്‌സെക്കും നാരായണ്‍ ആപ്‌തെക്കും ബന്ധമുണ്ടായതായാണ് ഗാന്ധിവധക്കേസിലെ ഗൂഢാലോചനാകുറ്റങ്ങളിലൊന്ന്. ഇക്കാര്യം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എഴുതിയ ലാപ്പിയറും കോളിന്‍സും തെളിവുകള്‍ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ സവര്‍ക്കര്‍ക്ക് കഴിഞ്ഞത് കഴിഞ്ഞദിവസത്തേതുപോലെ കോടതിയുടെ സംശയകരമായ നിലപാടുമൂലമായിരുന്നു.
സ്വതന്ത്രഇന്ത്യ 73 ആണ്ടുകള്‍ പിന്നിട്ടിട്ടും ഇക്കാര്യം ഓര്‍ക്കേണ്ടിവരുന്നത് നാമിപ്പോഴും സവര്‍ണ-ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തില്‍ ഏറെയൊന്നും പിന്നോട്ടുപോയിട്ടില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ്. സവര്‍ക്കറുടെ കീഴിലെ വര്‍ഗീയഭ്രാന്തന്മാരുടെ സംഘമാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന് ഇന്ന് മോദിയാദികള്‍ 3000 കോടിയുടെ പ്രതിമവെച്ച് കൊണ്ടാടുന്ന രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍പട്ടേല്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുമുണ്ട്. കേസില്‍ വിടുതല്‍ ലഭിച്ചത് സര്‍ക്കാരിനെതിരെ യാതൊന്നും ചെയ്യില്ലെന്ന് മാപ്പെഴുതിക്കൊടുത്താണെന്ന് സവര്‍ക്കര്‍ പറഞ്ഞതായും രേഖകളിലുണ്ട്.
ഓരോ കോടതിവിധിയും മതേതര ഇന്ത്യയുടെ മകുടങ്ങളിലേക്ക് മഴുവെറിയുന്നത് നിര്‍നിമേഷം നോക്കിനില്‍ക്കാനല്ലാതെ ഇന്നും നമുക്ക് കഴിയാത്തത് അധികാരത്തിന്റെയും നീതിയുടെയും ആസനങ്ങളില്‍ ഇരിക്കുന്നവരില്‍ വലിയൊരുപങ്ക് സവര്‍ണ, ഹിന്ദുത്വ വര്‍ഗീയ ഫാസിസ്റ്റുകളാണെന്നതിനാലാണ്. അവരാണ് ഇടക്കൊക്കെ രാജ്യവും ജനങ്ങളും പ്രതീക്ഷയോടെ കാണുന്ന കോടതിവിധികളെ അതിന്റെ പതിനൊന്നാം മണിക്കൂറില്‍ കൊലക്ക് കൊടുക്കുന്നതും മതേതരത്വത്തിന് ചരമഗീതം രചിക്കുന്നതും. നീതിക്കും നിയമത്തിനും ഭരണഘടനക്കും മതേതരത്വത്തിനും ബഹുസ്വരതക്കും മുന്‍തൂക്കം നല്‍കുന്ന നീതിമാന്മാരായ ന്യായാധിപന്മാരുടെ എണ്ണം മോദി യുഗത്തില്‍ ശോഷിച്ചുശോഷിച്ചുവരുന്നതുകൊണ്ട് ഉണ്ടാകുന്ന നേട്ടം ആര്‍ക്കാണെന്നുമാത്രം ആലോചിച്ചാല്‍ മതി ആരാണതിനൊക്കെ പിന്നിലെന്ന് കണ്ടെത്താന്‍.
അധികമകലെയല്ലാത്ത കാലത്തുതന്നെ ഇന്ത്യാരാജ്യത്തിന്റെ ഭാഗധേയം ചില വൈകൃതവര്‍ഗീയ ജീവികളുടെ കൈകളിലേക്ക് പൂര്‍ണമായും എടുത്തെറിയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്ന അവസ്ഥയിലാണിന്ന് രാജ്യത്തിന്റെ സകലരംഗത്തിന്റെയും പോക്ക്. അതിനെതിരെ പ്രതിഷേധിക്കാന്‍, പരിതപിക്കാന്‍, സ്വച്ഛന്ദമായ പുഴപോലെ മതനിരപേക്ഷ ഇന്ത്യ ഇനിയും ഒഴുകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞുറപ്പിച്ചിരിക്കുകയാണ് ചിലര്‍. ഓരോ മാസമെന്നോണം പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും നിര്‍ണയാധികാരങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് മോദിയും അമിത്ഷായും മോഹന്‍ഭഗവത്തും മറ്റും ചേര്‍ന്ന് ചുട്ടുടെത്ത് കൊണ്ടിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എന്നെന്നേക്കുമായി അടിയറവ് ചാര്‍ത്തുകയാണ്. പ്രതികരിക്കാന്‍ മുസ്‌ലിംകളാദി മതന്യൂനപക്ഷങ്ങള്‍ മാത്രമാകുന്ന കേവല പ്രതിരോധമാണ് സംഘ്പരിവാരം സ്വപ്‌നം കാണുന്നത്. ലക്‌നൗ കോടതിവിധിയുടെ പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകളില്‍ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നുവെന്ന വാര്‍ത്തയിലൂടെ തെളിയുന്നതും ഗാന്ധിജിയുടെ ഇന്ത്യയുടെ ഭീതിതമായ ഇരുണ്ടഭാവിയാണ്. ഇവിടെ ഗോദ്‌സെമാര്‍ വീണ്ടും വീണ്ടും ചിരിക്കുകയാണ്. തലതല്ലിക്കരയുന്നത് അഹിംസയുടെ ഗാന്ധിയും.