X
    Categories: MoreViews

ഓഖിയുടെ തീവ്രത കൂടുന്നു; കേരളത്തില്‍ കനത് ജാഗ്രതാ നിര്‍ദ്ദേശം

 

ഓഖി ചുഴലിക്കാറ്റ് തീവ്ര രൂപത്തില്‍ ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ദീപകള്‍ക്ക് നല്‍കിയിരിക്കുന്നത്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്.
കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് അറിയിച്ചു.
കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂര്‍ പുതിയവളപ്പില്‍ 100 മീറ്ററോളം കരയെ കടല്‍ വിഴുങ്ങി. നീരൊഴുക്കുംചാല്‍, കക്കാടന്‍ചാല്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതു തീരവാസികളില്‍ ഏറെ ഭീതി പരത്തി.
മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപില്‍ ഇ്ന്ന് 190 കി.മീ. വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്.
കല്‍പേനിയില്‍ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നിരുന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും.

chandrika: